നാളെ ബ്ലഡ് സാമ്പിളും ആവശ്യപ്പെടുമോ?; ആധാറില്‍ കേന്ദ്രത്തിനെതിരെ സുപ്രീംകോടതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th April 2018 10:03 PM |
Last Updated: 04th April 2018 10:03 PM | A+A A- |
ന്യൂഡല്‍ഹി: ആധാര്‍ പദ്ധതിയുടെ നടത്തിപ്പുകാരായ സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് അതോറിറ്റിയെ വിമര്‍ശിച്ച് സുപ്രീംകോടതി. നാളെ ഇവര്‍ രക്തസാമ്പിള്‍ നല്‍കാനും ജനത്തോട് ആവശ്യപ്പെട്ടേക്കാമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. 2016ലെ ആധാര്‍ നിയമ പ്രകാരം രൂപികൃതമായ സവിശേഷ തിരിച്ചറിയല്‍ കാര്‍ഡ് അതോറിറ്റി അമിതാധികാരം കൈയാളുന്നതില്‍ സുപ്രീംകോടതി ആശങ്കപ്പെട്ടു. ഇത് സ്വകാര്യതയിലേക്കുളള കടന്നുകയറ്റമല്ലെന്ന് പറയാന്‍ കഴിയുമോയെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ചോദിച്ചു. ആധാറിന്റെ ഭരണഘടന സാധുത ചോദ്യം ചെയ്തുളള ഒരു കൂട്ടം ഹര്‍ജികളില്‍ അഞ്ചംഗ ബെഞ്ച് വാദം കേള്‍ക്കുന്നതിനിടയിലാണ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ നിരീക്ഷണം.
ആധാര്‍ നിയമപ്രകാരം കൈവിരലടയാളം , കൃഷ്ണമണി എന്നിവയ്ക്ക് പുറമേ ഒരു വ്യക്തിയുടെ ഏത് ജൈവികമായ സ്വഭാവവിശേഷണങ്ങളും രേഖപ്പെടുത്താന്‍ യുഐഡിഎഐക്ക് അധികാരം നല്‍കുന്നു. സീമകളില്ലാത്ത അധികാരമാണ് ഇതെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് നിരീക്ഷിച്ചു.
നാളെ എന്ത് സംഭവിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയുകയില്ലെങ്കിലും രക്തവും, മൂത്രവും, ഉമിനീരും സാമ്പിളുകളായി ശേഖരിക്കുന്നതിനുളള സാധ്യതയും തളളികളയാന്‍ കഴിയുകയില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാല്‍ വാദിച്ചു. അങ്ങനെ സംഭവിച്ചാല്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന എണ്ണമറ്റ സന്നദ്ധ സംഘടനകള്‍ക്ക് ഇത് ചോദ്യം ചെയ്യുകയും കോടതിക്ക് ഇത് പരിശോധിക്കുകയും ആകാമല്ലോയെന്ന് വേണുഗോപാല്‍ ചോദിച്ചു.
ആധാറിന് വേണ്ടി ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്ന നിലവിലെ രീതിയില്‍ സ്വകാര്യത ലംഘനം സംഭവിക്കുന്നില്ലെന്ന് വേണുഗോപാല്‍ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ പ്രത്യേക ആവശ്യത്തില്‍ കവിഞ്ഞുളള വിരലടയാളത്തിന്റെ വ്യാപകമായ ഉപയോഗം ആശങ്ക ഉളവാക്കുന്നതായി ജസ്റ്റിസ് ചന്ദ്രചൂഡ് മറുപടി പറഞ്ഞു.
കേന്ദ്രസര്‍ക്കാരിന്റെ ഭരണപരമായ എല്ലാ തീരുമാനങ്ങളും കോടതി പുന:പരിശോധനയ്ക്ക് വിധേയമാക്കുന്നത് വികസനം വൈകാന്‍ ഇടയാക്കും. അതുകൊണ്ട് ദേശീയ താല്പര്യം മാനിച്ച് തയ്യാറാക്കുന്ന നിയമങ്ങളില്‍ കോടതി ഇടപെടരുതെന്ന് വേണുഗോപാല്‍ കേന്ദ്രത്തിന് വേണ്ടി ആവശ്യപ്പെട്ടു.