'ഒരു സീറ്റില്‍ ഒരു സ്ഥാനാര്‍ത്ഥി' ; ഒരാള്‍ ഒന്നിലേറെ മണ്ഡലങ്ങളില്‍ മല്‍സരിക്കുന്നത് സര്‍ക്കാര്‍ ഖജനാവിന് നഷ്ടമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവരുന്നത് സര്‍ക്കാര്‍ ഖജനാവിന് വന്‍ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍
'ഒരു സീറ്റില്‍ ഒരു സ്ഥാനാര്‍ത്ഥി' ; ഒരാള്‍ ഒന്നിലേറെ മണ്ഡലങ്ങളില്‍ മല്‍സരിക്കുന്നത് സര്‍ക്കാര്‍ ഖജനാവിന് നഷ്ടമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി : ഒരാള്‍ ഒന്നിലേറെ മണ്ഡലങ്ങളില്‍ മല്‍സരിക്കുന്നതിനെ എതിര്‍ത്ത് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാട് അറിയിച്ചത്. ഒരാള്‍ ഒന്നിലേറെ സീറ്റുകളില്‍ മല്‍സരിക്കുന്ന പ്രവണതയ്‌ക്കെതിരെ അഭിഭാഷകനും ബിജെപി നേതാവുമായ അശ്വനി കുമാര്‍ ഉപാധ്യായയാണ് സുപ്രീംകോടതിയെ സമീപിച്ചത്. 

ഹര്‍ജി പരിഗണിച്ച കോടതി 2017 ഡിസംബറില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോടും കേന്ദ്രസര്‍ക്കാരിനോടും വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഒരാള്‍ ഒന്നിലേറെ മണ്ഡലങ്ങളില്‍ മല്‍സരിക്കുന്ന പ്രവണത തുടര്‍ന്നുവരുന്നുണ്ട്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളാണ് വിജയസാധ്യത ഉറപ്പിക്കുക ലക്ഷ്യമിട്ട് ഇത്തരത്തില്‍ മല്‍സരത്തിനിറങ്ങുന്നത്. 

ഇത്തരത്തില്‍ ഒന്നിലേറെ സീറ്റുകളില്‍ വിജയിക്കുന്നവര്‍ ഒരെണ്ണം നിലനിര്‍ത്തി മറ്റ് സീറ്റുകള്‍ ഒഴിയേണ്ടി വരും. ഇവിടെ വീണ്ടും ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടിവരുന്നത് സര്‍ക്കാര്‍ ഖജനാവിന് വന്‍ സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരന്‍ മുന്നോട്ടുവെച്ച "വണ്‍ കാന്‍ഡിഡേറ്റ്, വണ്‍ സീറ്റ് " നിര്‍ദേശത്തെ പിന്തുണക്കുന്നതായും കമ്മീഷന്‍ വ്യക്തമാക്കി. 

കഴിഞ്ഞ 2014 ലെ പൊതുതെരഞ്ഞെപ്പില്‍ പ്രധാനമന്ത്രിയായ നരേന്ദ്രമോദി രണ്ട് മണ്ഡലങ്ങലിലാണ് മല്‍സരിച്ചത്. ഗുജറാത്തിലെ വഡോദരയിലും യുപിയിലെ വാരാണസിയിലും. രണ്ടിടത്തും വിജയിച്ച മോദി, വാരാണസി നിലനിര്‍ത്തി വഡോദര സീറ്റ് ഒഴിഞ്ഞു. തുടര്‍ന്ന് മൂന്ന് മാസത്തിനകം നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ രഞ്ജന്‍ബെന്‍ ധനഞ്ജയ് ഭട്ട് വിജയിച്ചു. 

ഇത്തരത്തില്‍ ഒരാള്‍ ഒന്നിലേറെ മണ്ഡലങ്ങളില്‍ മല്‍സരിക്കുന്ന വിഷയത്തില്‍ സുപ്രീംകോടതി ഉചിതമായ മാര്‍ദനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെടുന്നു. തെരഞ്ഞെടുപ്പിലെ സ്വതന്ത്രസ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചും അശ്വനി കുമാര്‍ ഉപാധ്യായ കോടതിയുടെ ഉത്തരവ് ഉണ്ടാകണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com