നരേന്ദ്രമോദിയുടെ 'മന്‍ കി ബാത്'  എഴുതിയതാര്?;  വിവാദം കൊഴുക്കുന്നു

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ  'മന്‍ കി ബാതിനെ ആസ്പദമാക്കി തയ്യാറാക്കിയ പുസ്തകത്തിന്റെ രചയിതാവിനെച്ചൊല്ലി വിവാദം കനക്കുന്നു
നരേന്ദ്രമോദിയുടെ 'മന്‍ കി ബാത്'  എഴുതിയതാര്?;  വിവാദം കൊഴുക്കുന്നു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ  'മന്‍ കി ബാതിനെ ആസ്പദമാക്കി തയ്യാറാക്കിയ പുസ്തകത്തിന്റെ രചയിതാവിനെച്ചൊല്ലി വിവാദം കനക്കുന്നു. 'മന്‍ കി ബാത്: എ സോഷ്യല്‍ റവല്യൂഷന്‍ ഓണ്‍ റേഡിയോ' എന്ന പുസ്തകം എഴുതിയെന്നു പറയപ്പെടുന്ന രാജേഷ് ജെയിന് ഇതുമായി ബന്ധമൊന്നുമില്ലെന്നു സുഹൃത്തും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരി പറഞ്ഞു. പുസ്തക പ്രകാശന ചടങ്ങില്‍ ഒരു പ്രസംഗം നടത്തുന്നതിനു വേണ്ടി മാത്രമാണു തന്നെ പങ്കെടുപ്പിച്ചതെന്നു രാജേഷ് പറഞ്ഞതായും ഷൂരി ഒരു ദേശീയ മാധ്യമത്തോടു വ്യക്തമാക്കി. 

അതേസമയം അരുണ്‍ ഷൂരിയുടെ അഭിപ്രായം ശരിയാണെന്നു പിന്നീട് രാജേഷ് ജെയ്‌നും വ്യക്തമാക്കി. മന്‍ കി ബാത്തിന്റെ രചന നിര്‍വഹിച്ചതു താനല്ല. പുസ്തകത്തിന്റെ രചയിതാവായി തന്റെ പേര് കണ്ടപ്പോള്‍ അദ്ഭുതമായിരുന്നു. നരേന്ദ്രമോദിയുടെ റേഡിയോ പ്രസംഗങ്ങള്‍ പുസ്തകത്തിനായി ഏകീകരിച്ച ബ്ലൂക്രാഫ്റ്റ് ഡിജിറ്റല്‍ ഫൗണ്ടേഷനുമായി ചേര്‍ന്നാണ് താന്‍ പ്രവര്‍ത്തിക്കുന്നത്. പക്ഷെ പുസ്തകത്തിനു വേണ്ടി ഒന്നും ചെയ്തിട്ടില്ല രാജേഷ് ജെയ്ന്‍ പറഞ്ഞു. 

പരിപാടിക്കെത്തുന്നതിനു പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്നു ക്ഷണമുണ്ടായിരുന്നു. അപ്പോഴാണ് രചയിതാവിന്റെ സ്ഥാനത്തെ പേരു ശ്രദ്ധയില്‍പ്പെട്ടത്. ആ ചടങ്ങില്‍ വച്ചു തന്നെ പുസ്തകത്തിന്റെ രചയിതാവ് താനല്ലെന്നു പറഞ്ഞിരുന്നു. എന്നാല്‍ പിഐബി (പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യുറോ)യുടെയും പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റിലും പുസ്തകത്തിന്റെ രചയിതാവായി തന്റെ പേരു കാണിക്കുന്നതു തുടരുകയായിരുന്നു. പുസ്തകം ആരാണ് എഴുതിയതെന്ന കാര്യം ഇപ്പോഴും അറിയില്ല അദ്ദേഹം വ്യക്തമാക്കി. 

മേയ് 25ന് രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങിലാണു 'മന്‍ കി ബാത്ത്: എ സോഷ്യല്‍ റെവല്യൂഷന്‍ ഓണ്‍ റേഡിയോ' എന്ന പുസ്തകം പ്രകാശനം ചെയ്തത്.  അതേസമയം ഓണ്‍ലൈന്‍ സൈറ്റുകളില്‍ വില്‍പനയ്ക്കു വച്ചിരിക്കുന്ന പുസ്തകത്തിനു രചയിതാവിന്റെ പേര് നല്‍കിയിട്ടുമില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com