പുരി ജഗന്നാഥ ക്ഷേത്രത്തിലെ 'പാമ്പുകള്‍ കാവല്‍ നില്‍ക്കുന്ന' രത്‌ന അറ ഇന്നു തുറക്കും

പുരി ജഗന്നാഥ ക്ഷേത്രത്തിലെ 'പാമ്പുകള്‍ കാവല്‍ നില്‍ക്കുന്ന' രത്‌ന അറ ഇന്നു തുറക്കും
പുരി ജഗന്നാഥ ക്ഷേത്രത്തിലെ 'പാമ്പുകള്‍ കാവല്‍ നില്‍ക്കുന്ന' രത്‌ന അറ ഇന്നു തുറക്കും

പുരി: ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രത്‌നശേഖരമിരിക്കുന്ന അറ ഇന്നു തുറന്നു പരിശോധിക്കും. 34 വര്‍ഷത്തിനു ശേഷമാണ് രത്‌ന അറ തുറക്കുന്നത്.  'രത്‌നഭണ്ഡാര'ത്തിന്റെ ചുമരും തറയും മേല്‍ക്കൂരയും പരിശോധിച്ചു സുരക്ഷ ഉറപ്പാക്കുകയാണു ലക്ഷ്യമെന്നു ക്ഷേത്രം ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ പികെ ജന അറിയിച്ചു. 

ഏഴ് അറകളാണ് പുരി ക്ഷേത്രത്തിലെ രത്‌നഭണ്ഡാരത്തിനുള്ളത്. പന്ത്രണ്ടാം നൂറ്റാണ്ടില്‍ നിര്‍മിച്ചതാണിത്. 1984ല്‍ പരിശോധിച്ചപ്പോള്‍  മൂന്ന് അറകള്‍ മാത്രമേ പരിശോധിച്ചിരുന്നുള്ളൂ. മറ്റുള്ളവയില്‍ എന്താണെന്ന് ആര്‍ക്കുമറിയില്ല. 
അതിനു മുന്‍പ് 1905ലും 1926ലും പരിശോധന നടത്തിയിട്ടുണ്ട്. 

ബുധനാഴ്ച ഉച്ചയ്ക്കു ശേഷമായിരിക്കും രഹസ്യ അറ തുറക്കുക. ഈസമയം ക്ഷേത്രത്തിലോ പരിസരത്തോ ഭക്തര്‍ക്കു പ്രവേശനമുണ്ടാവില്ല. പരിശോധനയുടെ വിഡിയോ ചിത്രീകരിക്കും. വിലപിടിപ്പുള്ളവയുടെ ചിത്രീകരണം അനുവദിക്കില്ല. 

രണ്ടു പുരാവസ്തു വിദഗ്ധര്‍ ഉള്‍പ്പെട്ട പത്തംഗ സംഘമാണു പരിശോധന നടത്തുക. അറയുടെ അവസ്ഥ പരിശോധിക്കുകയാണു ലക്ഷ്യമെന്നതിനാല്‍ രത്‌നങ്ങളില്‍ സ്പര്‍ശിക്കില്ല. പരമ്പരാഗത വസ്ത്രമായ തോര്‍ത്തു മാത്രമേ പരിശോധകര്‍ക്ക് അനുവദിക്കൂ.

നിധി ഭണ്ഡാരത്തിലേക്കുള്ള അറയുടെ താക്കോല്‍ പുരിയിലെ സര്‍ക്കാര്‍ ട്രഷറിയില്‍ നിന്ന് ഇന്ന് ഏറ്റുവാങ്ങും. 1984ല്‍ അഡ്മിനിസ്‌ട്രേറ്ററായിരുന്ന ആര്‍എന്‍ മിശ്ര, അന്നത്തെ പരിശോധനയില്‍ നിലവറയില്‍ നിന്നു പാമ്പുകളുടെ സീല്‍ക്കാരം കേട്ടതായി അറിയിച്ചതിനെ തുടര്‍ന്നു പാമ്പുപിടിത്തക്കാരെയും സജ്ജമാക്കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com