ഹിന്ദു മതപണ്ഡിതന്മാർക്ക് സഹമന്ത്രി പദവി നൽകി ബിജെപി സർക്കാർ 

അഞ്ച് മത നേതാക്കള്‍ക്കാണ് സഹമന്ത്രിക്ക് തുല്യമായ പദവി നല്‍കി ശിവരാജ് സിം​ഗ് ചൗഹാൻ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്
ഹിന്ദു മതപണ്ഡിതന്മാർക്ക് സഹമന്ത്രി പദവി നൽകി ബിജെപി സർക്കാർ 

ഭോപ്പാല്‍:  മധ്യപ്രദേശില്‍ നിയമസഭാ തെര‍ഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഹിന്ദു മതപണ്ഡിതന്മാർക്ക് സഹമന്ത്രി പദവി നൽകി ബിജെപി സർക്കാരിന്റെ പാരിതോഷികം. അഞ്ച് മത നേതാക്കള്‍ക്കാണ് സഹമന്ത്രിക്ക് തുല്യമായ പദവി നല്‍കി മധ്യപ്രദേശിലെ ശിവരാജ് സിം​ഗ് ചൗഹാൻ സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. കംപ്യൂട്ടർ ബാബ, ബാബാ നര്‍മ്മദാനന്ദജി, ബാബ ഹരിഹരാനന്ദജി, ഭയ്യു മഹാരാജ്, പണ്ഡിറ്റ് യോഗേന്ദ്ര മഹന്ത് എന്നിവര്‍ക്കാണ് പദവി നല്‍കിയത്.

നർമ്മദ നദീ സംരക്ഷണവുമായി ബന്ധപ്പെട്ട സമിതിയിൽ ഈ മതപുരോഹിതരെ മാർച്ചിൽ സർക്കാർ ഉൾപ്പെടുത്തിയിരുന്നു. ജല സംരക്ഷണം, വൃത്തിശീലം, നര്‍മ്മദ തീരത്തെ വനവത്കരണം എന്നീ വിഷയങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ അവബോധം ഉണ്ടാക്കുക ലക്ഷ്യമിട്ടാണ് സർക്കാർ കമ്മിറ്റി രൂപീകരിച്ചത്. ഇവർക്കാണ് സംസ്ഥാന പൊതുഭരണവകുപ്പ് സഹമന്ത്രി പദവി നൽകിയിരിക്കുന്നത്. പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി കെകെ കാതിയ ഒപ്പുവെച്ച ഉത്തരവ് ഏപ്രില്‍ മൂന്നിന് പ്രാബല്യത്തില്‍ വന്നു. 

സഹമന്ത്രിമാർക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കും. പദവി ലഭിച്ചവരില്‍ കംപ്യൂട്ടര്‍ ബാബയും യോഗേന്ദ്ര മഹന്തും നര്‍മ്മദാ തീരത്തെ മരം നടീലുമായി ബന്ധപ്പെട്ട അഴിമതി വിഷയത്തില്‍ റാലി നടത്താനും സെക്രട്ടേറിയറ്റ് പടിക്കല്‍ ധര്‍ണ്ണ നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. സാധു സമുദായത്തോട് സർക്കാർ കാണിച്ച വിശ്വാസത്തിന് നന്ദിയുണ്ടെന്ന് സർക്കാർ തീരുമാനത്തോട് പ്രതികരിച്ച കംപ്യൂട്ടർ ബാബ പറഞ്ഞു. 

ഈ വര്‍ഷം ഒടുവില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനം. ബിജെപി സർക്കാരിന്റെ നടപടിക്കെതിരെ പ്രതിപക്ഷമായ കോൺ​ഗ്രസ് രം​ഗത്തെത്തി. സർക്കാർ നടത്തിയത് മത പ്രീണനമാണെന്നും, ഹിന്ദു മത നേതാക്കളുടെ ജനസമ്മതിയിലൂടെ വോട്ട് തേടാനുള്ള തന്ത്രമാണെന്നും കോൺ​ഗ്രസ് ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com