ഹരിജനിസ്ഥാന് സ്ഥാപിക്കണം; ദലിതര്‍ക്ക് പ്രത്യേക രാജ്യം വേണമെന്ന് ബിഹാര്‍ മുന്‍മന്ത്രി
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 05th April 2018 05:29 PM |
Last Updated: 05th April 2018 05:29 PM | A+A A- |

പട്‌ന: ദലിതര്‍ക്ക് പ്രത്യേക രാജ്യം വേണമെന്ന ആവശ്യുമായി ബിഹാര്‍ മുന്‍ മന്ത്രി രാമയ് രാം. ദലിതരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഭരണകൂടം തയ്യാറായില്ലെങ്കില്‍ ദലിതര്‍ക്ക് പ്രത്യേക രാജ്യം വേണമെന്ന അംബേദ്കറിന്റെ ആശയം ഉയര്‍ത്തിപ്പിടിച്ചാണ് ഹരിജനിസ്ഥാന്‍ എന്ന വാദവുമായി ഇദ്ദേഹം രംഗത്ത് വന്നിരിക്കുന്നത്.
സ്വാതന്ത്ര്യം നേടിയ സമയത്ത് ഹരിജനിസ്ഥാനും പാകിസ്ഥാനും വേണ്ടി ആവശ്യമുയര്‍ന്നിരുന്നു. പാകിസ്ഥാന്‍ സ്ഥാപിക്കപ്പെട്ടു. പക്ഷേ അംബേദ്കര്‍ ഹരിജനിസ്ഥാനെന്ന ആവശ്യം മറക്കാന്‍ തയ്യാറാവുകയായയിരുന്നു. ദലിതര്‍ക്ക് മറ്റുള്ളവരെപ്പോലെ ആത്മാഭിമാനത്തോടെ ജീവിക്കാന്‍ അവസരമൊരുക്കുമെന്ന കോണ്‍ഗ്രസ് നേതാക്കളുടെ ഉറപ്പിന്‍മേലാണ് അദ്ദേഹം നെഹ്‌റുവിന്റെ ക്യാബിനറ്റില്‍ അംഗമായത്.
എന്നാല്‍ ഇന്ന് ദലിതരെ സംരക്ഷിക്കാനുള്ള നിയമങ്ങള്‍തന്നെ അട്ടിമറിക്കപ്പെടുകയാണ്. ഇനി രണ്ടാംകിട പൗരന്‍മാരായി ജീവിക്കാന്‍ ദലിതര്‍ക്ക് സാധിക്കില്ല. ഞങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടില്ലെങ്കില്‍ ഹരിജനിസ്ഥാന് വേണ്ടി പ്രക്ഷോഭമാരംഭിക്കും, അദ്ദേഹം പറഞ്ഞു.
പട്ടികജാതി,വര്‍ഗ വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്ന നിയമത്തില്‍ മാറ്റം വരുത്തിക്കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ കഴിഞ്ഞ ദിവസം ദലിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയും പതിനാലോളംപേര്‍ മരിക്കുകയും ചെയ്തിരുന്നു. ഈ പശ്ചാതലത്തിലാണ് രാമിന്റെ പ്രസ്താവന വന്നിരിക്കുന്നത്. ജെഡിയു ശരദ് യാദവ് പക്ഷത്തിലെ മുതിര്‍ന്ന നേതാവാണ് രാം.