പാർലമെന്റ് സ്തംഭിച്ച ദിവസത്തെ ശമ്പളവും അലവൻസും വേണ്ട ; എൻഡിഎ എംപിമാർ

പാർലമെന്റ് സ്തംഭിച്ച   23 ദിവസങ്ങളിലെ ആനുകൂല്യമാണ് എൻഡിഎ എംപിമാര്‍ ഉപേക്ഷിക്കുകയെന്ന് മന്ത്രി അനന്ത് കുമാര്‍ അറിയിച്ചു
പാർലമെന്റ് സ്തംഭിച്ച ദിവസത്തെ ശമ്പളവും അലവൻസും വേണ്ട ; എൻഡിഎ എംപിമാർ

ന്യൂഡല്‍ഹി : പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം കൃത്യമായി ഒരു ദിവസം പോലും സഭനടപടികൾ പൂർണമായി ചേരാനാകാതെ സ്തംഭിക്കുകയാണ്. ആന്ധ്രപ്രദേശിന് പ്രത്യേക പദവി, കാവേരി തുടങ്ങിയ വിഷയങ്ങളാണ് പാർലമെന്റ് സ്തംഭനത്തിന് കാരണം. പാർലമെന്റ് നടപടികൾ നടക്കാത്തതിനാൽ ഒട്ടേറെ ബില്ലുകളും പരി​ഗണിക്കാനായിട്ടില്ല.

ബജറ്റ് സമ്മേളനത്തിന്റെ രണ്ടാംഘട്ടം പൂര്‍ണമായും തടസ്സപ്പെട്ട പശ്ചാത്തലത്തില്‍, ആ ദിവസങ്ങളിലെ ശമ്പളവും അലവന്‍സും വേണ്ടെന്ന് ഭരണമുന്നണിയായ ദേശീയ ജനാധിപത്യ സഖ്യത്തിലെ എം പി.മാര്‍ തീരുമാനിച്ചു. പാർലമെന്റ് സ്തംഭിച്ച   23 ദിവസങ്ങളിലെ ആനുകൂല്യമാണ് ബിജെപി.യിലെയും ഘടകകക്ഷികളിലെയും എംപിമാര്‍ ഉപേക്ഷിക്കുകയെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍ അറിയിച്ചു.

സമ്മേളനത്തിന്റെ രണ്ടാംഘട്ടം മാര്‍ച്ച് അഞ്ചിനാണ് തുടങ്ങിയത്. എന്നാൽ പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഒരു ദിവസംപോലും സാധാരണപോലെ പ്രവര്‍ത്തിച്ചിട്ടില്ല. ഇരുസഭകളും തുടര്‍ച്ചയായി സ്തംഭിക്കുന്നതുകൊണ്ടാണ് എൻഡിഎ എം.പി.മാര്‍ ശമ്പളം വേണ്ടെന്നുവെക്കുന്നതെന്ന് മന്ത്രി അനന്ത് കുമാര്‍ പറഞ്ഞു. 

ഏതുവിഷയവും ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ ഒരുക്കമാണ്.  സർക്കാരിനെതിരായ അവിശ്വാസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കുന്നതിലും വിരോധമില്ല. എന്നാല്‍, അത് പരിഗണിക്കാന്‍ പോലും പറ്റാത്ത സ്ഥതിയാണുള്ളത്. പ്രതിപക്ഷത്തിന്റെ നടപടി പാര്‍ലമെന്റിനോട് കാണിക്കുന്ന അനാദരവും ജനങ്ങളോട് കാണിക്കുന്ന വഞ്ചനയുമാണെന്നും അനന്ത് കുമാര്‍ പറഞ്ഞു.
 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com