മൂന്ന് വര്‍ഷം മുന്‍പ് മരിച്ച അമ്മയുടെ മൃതദേഹം മമ്മിയെ പോലെയാക്കി റഫ്രിജറേറ്ററില്‍ സൂക്ഷിച്ചു; മകന്‍ പിടിയില്‍

ഐസ് ക്രീമും ഭക്ഷണ പദാര്‍ത്ഥങ്ങളും സൂക്ഷിക്കാനായി കടകളില്‍ വാങ്ങുന്ന വലിയ റഫ്രിജറേറ്ററില്‍ വീടിനുള്ളിലാക്കിയാണ് മൃതദേഹം സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു
മൂന്ന് വര്‍ഷം മുന്‍പ് മരിച്ച അമ്മയുടെ മൃതദേഹം മമ്മിയെ പോലെയാക്കി റഫ്രിജറേറ്ററില്‍ സൂക്ഷിച്ചു; മകന്‍ പിടിയില്‍

കൊല്‍ക്കത്ത; മരിച്ചുപോയ അമ്മയുടെ മൃതശരീരത്തിനൊപ്പം മകന്‍ ജീവിച്ചത് മൂന്ന് വര്‍ഷം. അമ്മയുടെ ശരീരം മമ്മിയെപ്പോലെയാക്കി വീട്ടിലെ റഫ്രിജറേറ്ററില്‍ സൂക്ഷിച്ച നിലയിലായിരുന്നു. സംഭവത്തില്‍ ലെതര്‍ ടെക്‌നോളജിസ്റ്റായ മകന്‍ സുബഭ്രത മജുംദാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

ഇയാളുടെ അമ്മ ബിന 2015 ഏപ്രില്‍ ഏഴിനാണ് സ്വകാര്യ നേഴ്‌സിംഗ് ഹോമില്‍ വെച്ച് മരിക്കുന്നത്. എന്നാല്‍ അമ്മയുടെ ശരീരം ദഹിപ്പിക്കാതെ മമ്മിയെപ്പോലെയാക്കി സൂക്ഷിക്കുകയായിരുന്നു. ഐസ് ക്രീമും ഭക്ഷണ പദാര്‍ത്ഥങ്ങളും സൂക്ഷിക്കാനായി കടകളില്‍ വാങ്ങുന്ന വലിയ റഫ്രിജറേറ്ററില്‍ വീടിനുള്ളിലാക്കിയാണ് മൃതദേഹം സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. രണ്ട് നിലയിലുള്ള വീട്ടില്‍ ഒന്നാമത്തെ നിലയിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. മജുംതാറിനെ കൂടാതെ ഇയാളുടെ അച്ഛന്‍ ഗോപാലും വീട്ടില്‍ താമസിച്ചിരുന്നു. 

രണ്ട് ഫ്രീസറുകളാണ് വീട്ടിലുണ്ടായിരുന്നത്. ഇതില്‍ ഒന്നിലാണ് അമ്മയുടെ മൃതദേഹം സൂക്ഷിച്ചിരുന്നത്. രണ്ട് ഫ്രീസറും ഒന്നാം നിലയിലായിരുന്നു. മജുംദാര്‍ താഴെയാണ് താമസിച്ചിരുന്നത്. ഇതിനെക്കുറിച്ച് പ്രാഥമിക അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാനാകില്ലെന്നുമാണ് പൊലീസ് പറയുന്നത്. 

മജുംദാര്‍ ഒരു ലെതര്‍ പ്രൊഡക്ഷന്‍ കമ്പനിയിലാണ് ജോലി ചെയ്തിരുന്നത്. എന്നാല്‍ അഞ്ച് ദിവസത്തിന് മുന്‍പ് ഇയാള്‍ ജോലി ഉപേക്ഷിച്ചു. സംസ്‌കാരിച്ച് സൂക്ഷിക്കുന്നതിനായി അമ്മയുടെ ശരീരത്തിലെ ആന്തരിക അവയവങ്ങളെല്ലാം മജുംദാര്‍ നീക്കം ചെയ്തിരുന്നു. ഫോര്‍മാല്‍ഡിഹൈഡ് പോലുള്ള രാസവസ്തുക്കളാണ് സംസ്‌കരിക്കാനായി ഉപയോഗിച്ചതെന്നും പൊലീസ് പറഞ്ഞു. അയല്‍ വീടുകളുമായി യാതൊരു വിധ ബന്ധമില്ലാതെയാണ് ഇയാള്‍ താമസിച്ചിരുന്നത്. ഒഴിഞ്ഞു കിടക്കുന്ന ഒന്നാം നിലയില്‍ ഉയര്‍ന്ന ശേഷിയുള്ള റഫ്രിജറേറ്ററുകള്‍ സ്ഥാപിച്ചതാണ് സമീപവാസികളെ സംശയത്തിലാക്കിയത്. മുഴുവന്‍ സമയവും ഇത് പ്രവര്‍ത്തിക്കുമായിരുന്നെന്നാണ് ഇവര്‍ പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com