ഉറക്കവും സ്പീക്കറുടെ ചേംബറില്‍: പാര്‍ലമെന്റ് പിരിഞ്ഞിട്ടും സമരം നിര്‍ത്താതെ ആന്ധ്രാ എംപിമാര്‍

ആന്ധ്രാപ്രദേശിന് പ്രത്യേക സംസ്ഥാന പദവി നല്‍കാത്തതില്‍ പ്രതിഷേധിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ അഞ്ച് അംഗങ്ങള്‍ എംപി സ്ഥാനം രാജിവച്ചു. രാജിക്കത്ത് ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന് കൈമാറി
ഉറക്കവും സ്പീക്കറുടെ ചേംബറില്‍: പാര്‍ലമെന്റ് പിരിഞ്ഞിട്ടും സമരം നിര്‍ത്താതെ ആന്ധ്രാ എംപിമാര്‍

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് പാര്‍ലമെന്റ് സമ്മേളനം സമ്പൂര്‍ണമായി തടസപ്പെടുത്തിയിട്ടും ഫലമില്ലാതെ വന്നതോടെ സ്പീക്കറുടെ ചേംബറില്‍ ഉറങ്ങിയും ഇരുന്നും ആന്ധ്രയിലെ എംപിമാര്‍. പ്രതിഷേധം ഇനിയും ശക്തമാക്കുമെന്നും എംപിമാര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ അഞ്ച് അംഗങ്ങള്‍  എംപി സ്ഥാനം രാജിവച്ചു. രാജിക്കത്ത് ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന് കൈമാറി. 

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം പൂര്‍ണമായി തടസപ്പെടുത്തിയിട്ടും ഫലമില്ലാതെ വന്നതോടെയാണ് രാജിവെക്കാനുള്ള എംപിമാരുടെ തീരുമാനം. വരപ്രസാദ് റാവു, വൈ.വി. സുബ്ബ റെഡ്ഡി, പി.വി. മിഥുന്‍ റെഡ്ഡി, വൈ.എസ്. അവിനാഷ് റെഡ്ഡി, മേകപ്പട്ടി രാജ്‌മോഹന്‍ റെഡ്ഡി എന്നിവരാണ് എംപി സ്ഥാനം രാജിവച്ചത്.ഇതിനു പിന്നാലെ, പ്രത്യേക സംസ്ഥാന പദവിക്കായുള്ള ആന്ധ്രയുടെ പ്രതിഷേധം കടുപ്പിക്കാന്‍ ടിഡിപി, പവന്‍ കല്യാണിന്റെ ജനസേന, ഇടതു പാര്‍ട്ടികള്‍ എന്നിവരും തീരുമാനിച്ചു. ഈ ആവശ്യവുമായി ജനസേനയും ഇടതുപാര്‍ട്ടികളും സംയുക്തമായി സംസ്ഥാന വ്യാപകമായി പദയാത്ര സംഘടിപ്പിച്ചു. പ്രതിഷേധ സൂചകമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മന്ത്രിമാരും സൈക്കിളിലാണ് നിയമസഭയിലെത്തിയത്.

ബജറ്റ് സമ്മേളനം പൂര്‍ത്തിയാക്കി ലോക്‌സഭയും രാജ്യസഭയും അനിശ്ചിത കാലത്തേക്കു പിരിഞ്ഞെങ്കിലും, ഡല്‍ഹിയില്‍ തന്നെ തുടരാന്‍ തെലുങ്കുദേശം പാര്‍ട്ടി അവരുടെ എംപിമാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. പാര്‍ലമെന്റ് അനിശ്ചിത കാലത്തേക്കു പിരിഞ്ഞാല്‍, ആന്ധ്രയുടെ പ്രത്യേക പദവി ആവശ്യവുമായി രാഷ്ട്രപതിയെ കാണാന്‍ ടിഡിപി അധ്യക്ഷനും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡു എംപിമാര്‍ക്കു നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com