കാവേരിയാണ് വലുത്; ഐപിഎല്‍ ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാനൊരുങ്ങി തമിഴ്‌നാട്

കാവേരി നദീജല മാനേജ്‌മെന്റ് ബോര്‍ഡ് പൂപീകരിക്കാത്തതില്‍ തമിഴ്‌നാട്ടില്‍ നടക്കുന്ന പ്രതിഷേധം ഐപിഎല്ലിന് നേര്‍ക്കും
കാവേരിയാണ് വലുത്; ഐപിഎല്‍ ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാനൊരുങ്ങി തമിഴ്‌നാട്

ചെന്നൈ: കാവേരി നദീജല മാനേജ്‌മെന്റ് ബോര്‍ഡ് പൂപീകരിക്കാത്തതില്‍ തമിഴ്‌നാട്ടില്‍ നടക്കുന്ന പ്രതിഷേധം ഐപിഎല്ലിന് നേര്‍ക്കും. ഉദ്ഘാടന മല്‍സരം ബഹിഷ്‌കരിച്ചു പ്രതിഷേധം രാജ്യാന്തര ശ്രദ്ധയില്‍ കൊണ്ടുവരണമെന്നാണ് ആവശ്യം. കാവേരി ബോര്‍ഡ് രൂപീകരിക്കുന്നതുവരെ ചെന്നൈയില്‍ ഐപിഎല്‍ മല്‍സരങ്ങള്‍ നടത്താന്‍ അനുവദിക്കരുതെന്നും ആവശ്യമുയരുന്നുണ്ട്. രണ്ടു വര്‍ഷത്തെ വിലക്കിനുശേഷം തമിഴ്‌നാട്ടില്‍നിന്നുള്ള ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടൂര്‍ണമെന്റിലേക്ക് തിരിച്ചുവരാനൊരുങ്ങവെയാണ് ഐപിഎല്‍ വിരുദ്ധ തരംഗം സംസ്ഥാനത്ത് വ്യാപിക്കുന്നത്.

ഐപിഎല്‍ ബഹിഷ്‌കരിച്ച് പ്രതിഷേധമറിയിക്കാന്‍ എംഎല്‍എ ടി.ടി.വി. ദിനകരന്‍ ആരാധകരോട് ആഹ്വാനം ചെയ്തു. ഞാന്‍ ഐപിഎല്ലിന്റെയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും ക്രിക്കറ്റിന്റെയും ആരാധകനാണ്. എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഈ മല്‍സരം അത്ര നിര്‍ബന്ധമുള്ളതല്ല. കാവേരി വിഷയത്തില്‍ നമ്മുടെ നിലപാട് ലോകത്തെ അറിയിക്കണം. ഐപിഎല്‍ മല്‍സരങ്ങള്‍ക്കായി ടിക്കറ്റെടുത്തിട്ടുള്ള എല്ലാ യുവാക്കളും അവ മടക്കി നല്‍കണം. അങ്ങനെ സംസ്ഥാന വ്യാപകമായി ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിന് മുന്നില്‍ തമിഴ്‌നാടിന്റെ വികാരം അവതരിപ്പിക്കണം, ദിനകരന്‍ പറഞ്ഞു.

ഐപിഎല്‍ സംഘാടകര്‍ തമിഴ്‌നാടിന്റെ വികാരം മാനിക്കണമെന്ന ആവശ്യവുമായി ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിനും രംഗത്തെത്തി. ഞങ്ങള്‍ ഐപിഎല്ലിന് എതിരല്ല. എന്നാല്‍, ഐപിഎല്‍ സംഘടിപ്പിക്കുന്നത് ആരായാലും തമിഴ്‌നാട്ടിലെ ജനങ്ങളുടെ വികാരം മാനിക്കണം. അതിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യണം, സ്റ്റാലിന്‍ പറഞ്ഞു.

ഐപിഎല്‍ മല്‍സരം റദ്ദാക്കണമെന്നും എതിര്‍പ്പ് അവഗണിച്ചു നടത്തിയാല്‍ വന്‍ പ്രതിഷേധമുയര്‍ത്തുമെന്നും ചില തീവ്ര തമിഴ് സംഘടനകള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇതിനെ പിന്തുണച്ചു സംവിധായകന്‍ ഭാരതി രാജയും രംഗത്തെത്തി. മല്‍സരം ബഹിഷ്‌കരിച്ചു പ്രതിഷേധം ലോക ശ്രദ്ധയിലെത്തിക്കാമെന്ന ആശയം മുന്നോട്ടുവച്ചത് സംവിധായകന്‍ ജയിംസ് വസന്തനാണ്. തമിഴ്‌നാട്ടിലെ ഏഴരക്കോടി ജനങ്ങള്‍ക്കുവേണ്ടി ഇതിനകം ടിക്കറ്റെടുത്ത അര ലക്ഷം പേര്‍ ഈ ത്യാഗം സഹിക്കണമെന്ന് അദ്ദേഹം ബ്ലോഗില്‍ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com