ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നീക്കം : പ്രതിപക്ഷത്ത് ഭിന്നത, കോണ്‍ഗ്രസ് പിന്മാറി

ഡിഎംകെ, സമാജ് വാദി പാര്‍ട്ടി, ആര്‍ജെഡി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ പാര്‍ട്ടികള്‍ ഇംപീച്ച്‌മെന്റ് നീക്കത്തില്‍ നിന്ന് പിന്‍മാറി
ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നീക്കം : പ്രതിപക്ഷത്ത് ഭിന്നത, കോണ്‍ഗ്രസ് പിന്മാറി

ന്യൂഡല്‍ഹി : ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരായ പ്രതിപക്ഷത്തിന്റെ ഇംപീച്ച്‌മെന്റ് നീക്കത്തിന് തിരിച്ചടി. പ്രതിപക്ഷത്തെ ഭിന്നതയാണ് ഇംപീച്ച്‌മെന്റ് നീക്കത്തില്‍ തിരിച്ചടിയായത്. ഡിഎംകെ, സമാജ് വാദി പാര്‍ട്ടി, ആര്‍ജെഡി, തൃണമൂല്‍ കോണ്‍ഗ്രസ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇംപീച്ച്‌മെന്റ് പ്രമേയവുമായി മുന്നോട്ടുപോകാനുള്ള നീക്കത്തില്‍ നിന്ന് പിന്‍മാറി. പ്രതിപക്ഷത്തെ ഭിന്നതയെ തുടര്‍ന്ന് കോണ്‍ഗ്രസും ഇംപീച്ച്‌മെന്റ് നീക്കത്തില്‍ നിന്ന് പിന്മാറി. 

കോണ്‍ഗ്രസില്‍ 40 ശതമാനത്തോളം പേര്‍ പ്രമേയത്തെ എതിര്‍ത്തു. തുടര്‍ന്നാണ് കോണ്‍ഗ്രസ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. ആനന്ദ് ശര്‍മ്മ, ഗുലാം നബി ആസാദ്, കപില്‍ സിബല്‍ തുടങ്ങിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇംപീച്ച്‌മെന്റ് പ്രമേയത്തില്‍ ഒപ്പുവെച്ചവരില്‍ ഉള്‍പ്പെടുന്നു. 

ഇംപീച്ച്‌മെന്റ് പ്രമേയവുമായി സഹകരിക്കേണ്ടെന്ന് പാര്‍ട്ടി എംപിമാരോട് ഡിഎംകെ വര്‍ക്കിംഗ് പ്രസിഡന്റ് എംകെ സ്റ്റാലിന്‍ അറിയിച്ചു. എസ് പി, ആര്‍ജെഡി, തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടികളും ഇംപീച്ച്‌മെന്റിനെ അനുകൂലിക്കേണ്ടെന്നാണ് തീരുമാനിച്ചിട്ടുള്ളത്. ഈ പാര്‍ട്ടികളുടെയെല്ലാം കേസുകള്‍ സുപ്രീംകോടതിയിലും വിവിധ ഹൈക്കോടതികളിലുമുണ്ട്. അതിനിടെ ഇത്തരം നീക്കവുമായി മുന്നോട്ടുപോകുന്നത് തിരിച്ചടിയാകുമോ എന്ന ഭയവും പിന്മാറ്റത്തിന് പിന്നിലുണ്ടെന്നാണ് സൂചന. 

ഒക്ടോബര്‍ രണ്ടു വരെയാണ് നിലവിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കാലാവധിയുള്ളത്. അതിനിടെ ഇംപീച്ച്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാകുന്ന കാര്യത്തിലും വ്യക്തതയില്ല. ഇംപീച്ച്‌മെന്റ് നോട്ടീസ് നല്‍കിയാല്‍ അത് സാധുവാണെന്ന് കണ്ടെത്തിയാല്‍, രാജ്യസഭാ അധ്യക്ഷന്‍ പ്രത്യേക സമിതിയെ അന്വേഷണത്തിന് നിയോഗിക്കും. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തുടര്‍നടപടികള്‍. ഇത് എന്തായാലും ദീപക് മിസ്രയുടെ കാലാവധി തീരുന്നതിന് മുമ്പ് പൂര്‍ത്തിയാകില്ലെന്നും ഈ പാര്‍ട്ടികള്‍ ചൂണ്ടിക്കാട്ടുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com