സൽമാന് തിരിച്ചടി, ജഡ്ജിക്ക് സ്ഥലംമാറ്റം ; ജാമ്യാപേക്ഷയിൽ വിധി വൈകാൻ സാധ്യത
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th April 2018 09:03 AM |
Last Updated: 07th April 2018 09:03 AM | A+A A- |

ജോധ്പുർ: കൃഷ്ണമൃഗങ്ങളെ വേട്ടയാടിയ കേസിൽ തടവിനു ശിക്ഷിക്കപ്പെട്ട നടൻ സൽമാൻ ഖാന് തിരിച്ചടി. സൽമാൻ കുറച്ചുദിവസം കൂടി ജയിലിൽ കഴിയേണ്ടിവരുമെന്നാണ് സൂചന. സൽമാൻ ഖാന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സെഷൻസ് ജഡ്ജിയെ മാറ്റിയതോടെയാണ് സൽമാന്റെ ജാമ്യം അനിശ്ചിതത്വത്തിലായത്. ജഡ്ജി സ്ഥലംമാറിയതോടെ ജാമ്യാപേക്ഷയിൽ വിധി വൈകിയേക്കുമെന്ന് റിപ്പോർട്ടുണ്ട്.
സൽമാന്റെ ജാമ്യാപേക്ഷ സെഷൻസ് കോടതി ജഡ്ജി രവീന്ദ്രകുമാർ ജോഷിയാണ് പരിഗണിച്ചത്. ഹർജിയിൽ കോടതിയിൽ ഇന്നലെ വാദം പൂർത്തിയായിരുന്നു. കേസിൽ ഇന്ന് വിധി പറയാൻ കോടതി മാറ്റുകയും ചെയ്തു. ഇതിനിടെയാണ് രവീന്ദ്രകുമാർ ജോഷി അടക്കം സെഷൻസ്, ജില്ലാ ജഡ്ജിമാരെ സ്ഥലം മാറ്റി ഉത്തരവ് വന്നത്. 87 ജില്ലാ ജഡ്ജിമാർക്കൊപ്പമാണ് സെഷൻസ് ജഡ്ജ് രവീന്ദ്ര കുമാർ ജോഷിയെയും രാജസ്ഥാൻ ഹൈക്കോടതി സ്ഥലം മാറ്റിയത്.
1998 ഒക്ടോബറിൽ കൃഷ്ണമൃഗങ്ങളെ വേട്ടയാടി കൊന്നുവെന്ന കേസിൽ സൽമാൻ ഖാന് വിചാരണ കോടതി അഞ്ച് വർഷം തടവ് വിധിച്ചിരുന്നു. ഇതേത്തുടർന്ന് വ്യാഴാഴ്ച മുതൽ ജോധ്പൂർ സെൻട്രൽ ജയിലിൽ തടവിലാണ് സൽമാൻ. ജയിലിലെ രണ്ടാം നമ്പർ ബാരക്കിൽ 106 ആം നമ്പർ തടവുകാരനാണ് സൽമാൻ ഇപ്പോൾ. കേസിൽ കൂട്ടുപ്രതികളായ സെയ്ഫ് അലി ഖാൻ, തബു, നീലം, സോണാലി ബിന്ദ്ര എന്നീ ബോളിവുഡ് താരങ്ങളെയും പ്രദേശവാസിയായ ദുഷ്യന്ത് സിംഗ് എന്നയാളെയും സംശയത്തിന്റെ ആനുകൂല്യത്തിൽ വിചാരണ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.