മോദിയും അമിത് ഷായും മാത്രമേ രാജ്യത്ത് മൃഗങ്ങളല്ലാത്തത് ? രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th April 2018 08:03 AM |
Last Updated: 08th April 2018 08:03 AM | A+A A- |

ബംഗളൂരു: പ്രതിപക്ഷ കൂട്ടായ്മയെ മൃഗങ്ങളോട് ഉപമിച്ച് പരിഹസിച്ച ബിജെപി അധ്യക്ഷൻ അമിത്ഷായുടെ പ്രസ്താവനയെ കടന്നാക്രമിച്ച് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധി. പ്രതിപക്ഷത്തെ ഒന്നടങ്കം മൃഗങ്ങളെന്ന് വിളിച്ച അമിത്ഷായുടെയും ബി.ജെ.പി.യുടെയും കാഴ്ചപ്പാടില്‍ രാജ്യത്ത് മൃഗങ്ങളല്ലാത്തവര്‍ രണ്ടുപേരേ ഉള്ളൂ. അത് നരേന്ദ്ര മോദിയും അമിത്ഷായുമാണെന്നും രാഹുല്‍ഗാന്ധി പരിഹസിച്ചു.
പ്രതിപക്ഷത്തെ ഒന്നടങ്കം അവഹേളിക്കുകയാണ് അമിത് ഷാ ചെയ്തത്. എന്നാൽ ബിജെപി അധ്യക്ഷന്റെ വാക്കുകള്‍ ഞങ്ങള്‍ ഗൗരവത്തോടെ എടുക്കുന്നില്ല. രാജ്യത്ത് രണ്ടോ മൂന്നോ പേര്‍ മാത്രമേ എല്ലാം തികഞ്ഞവരായി ഉള്ളൂ. ബാക്കിയെല്ലാം ഒന്നിനും കൊള്ളാത്തവരാണെന്നുള്ള കാഴ്ചപ്പാടാണ് അമിത്ഷായ്ക്ക്. ബി.ജെ.പി.യിലെ നേതാക്കളെപ്പോലും അമിത്ഷാ ഇങ്ങനെയാണ് കാണുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ ദിവസം മുംബൈയില്‍ ബിജെപി സ്ഥാപകദിനത്തോട് അനുബന്ധിച്ച് നടന്ന റാലിക്കിടെയായിരുന്നു അമിത്ഷായുടെ വിവാദപരാമര്‍ശം. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പേടിച്ച് പട്ടിയും പൂച്ചയും പാമ്പും കീരിയും വരെ ഒന്നിക്കുകയാണെന്നായിരുന്നു അമിത്ഷാ പറഞ്ഞത്. പരാമര്‍ശത്തിനെതിരേ വിവിധ കോണുകളില്‍നിന്ന് രൂക്ഷവിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്ന് അമിത്ഷാ ക്ഷമ ചോദിച്ചിരുന്നു.