കാവേരി സമരം ശക്തമാകുന്നു: വിജയ്, വിശാല്‍, നാസര്‍ എന്നിവരെല്ലാം സമരത്തില്‍

കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാന്‍ കേന്ദ്രം പരാജയപ്പെട്ടെന്നാരോപിച്ച് തമിഴ്‌നാട്ടില്‍ സമരം ശക്തമായിത്തന്നെ തുടരുകയാണ്.
കാവേരി സമരം ശക്തമാകുന്നു: വിജയ്, വിശാല്‍, നാസര്‍ എന്നിവരെല്ലാം സമരത്തില്‍

ചെന്നൈ: കാവേരി സമരം ശക്തമാകുമ്പോള്‍ സമരത്തില്‍ പങ്കെടുത്ത് തമിഴിലെ പ്രശസ്ത താരങ്ങളും. തമിഴ് സൂപ്പര്‍ താരം വിജയ്, വിശാല്‍, എം നാസര്‍ തുടങ്ങിയവരാണ് സമരത്തില്‍ പങ്കെടുത്ത് രംഗത്തെത്തിയിരിക്കുന്നത്. മൂവരും സമരവേദിയില്‍ ഇരിക്കുകയും സംസാരിക്കുകയും ചെയ്തു.

കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാന്‍ കേന്ദ്രം പരാജയപ്പെട്ടെന്നാരോപിച്ച് തമിഴ്‌നാട്ടില്‍ സമരം ശക്തമായിത്തന്നെ തുടരുകയാണ്. വിഷയത്തില്‍ വ്യാഴാഴ്ച തമിഴ്‌നാട്ടില്‍ നടന്ന ബന്ദ് റെയില്‍ ഗതാഗതത്തെ വരെ ബാധിച്ചിരുന്നു. കാവേരി വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഹര്‍ജി നാളെയാണ് സുപ്രീം കോടതി പരിഗണിക്കുന്നത്. 

ബോര്‍ഡ് രൂപീകരണത്തില്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ഇ പളനിസ്വാമിയും ഉപമുഖ്യമന്ത്രി ഒ പനീര്‍ സെല്‍വവും കഴിഞ്ഞ ദിവസം നിരാഹാരമിരുന്നിരുന്നു. ചൊവ്വാഴ്ച രാവിലെ 8 മണിക്കാണ് പളനിസ്വാമിയും പനീര്‍സെല്‍വവും അപ്രതീക്ഷിതമായി നിരാഹാരമിരുന്നത്. വൈകിട്ട് 5 മണിവരെ നിരാഹാരം തുടര്‍ന്നു. നിരവധി പാര്‍ട്ടി അണികളും സമരത്തില്‍ അണിചേര്‍ന്നിരുന്നു.

ഫെബ്രുവരി 16ന് സുപ്രീം കോടതി തമിഴ്‌നാടിന്റെ ജലവിഹിതം 192 ടിഎംസിയില്‍ നിന്ന് 177.25 ടിഎംസിയായി കുറച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കര്‍ണാടകയ്ക്ക് 14.75 ടിഎംസി ജലം അധികം നല്‍കിയത് ബിജെപിയുടെ രാഷ്ട്രീയമാണെന്ന് തമിഴ്‌നാട് ആരോപിച്ചിരുന്നു. ഫെബ്രുവരി 16ലെ സുപ്രീം കോടതി വിധി പ്രകാരം ആറാഴ്ചക്കുള്ളില്‍ കേന്ദ്രം കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാന്‍ പരാജയപ്പെട്ടതാണ് ഇപ്പോഴുള്ള പ്രതിഷേധങ്ങള്‍ക്ക് കാരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com