മുന്നോക്ക വിഭാഗങ്ങളുടെ ഭാരത് ബന്ദില്‍ പരക്കെ ആക്രമണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th April 2018 03:08 PM |
Last Updated: 10th April 2018 03:08 PM | A+A A- |

പട്‌ന: പിന്നാക്ക വിഭാഗക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള സംവരണം എടുത്തുകളയണം എന്നാവശ്യപ്പെട്ട് മുന്നാക്ക വിഭാഗ സംഘടനകള്‍ നടത്തുന്ന ഭാരത് ബന്ദില്‍ പരക്കെ ആക്രമണം. ബിഹാറില്‍ കനത്ത ആക്രമണം അഴിച്ചുവിട്ടുവെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
റെയില്‍വേ, റോഡ് ഗതാഗതം തടസ്സപ്പെടുത്തിയ പ്രതിഷേധക്കാര്‍ പലയിടങ്ങളിലും കച്ചവട സ്ഥാപനങ്ങള്‍ നിര്‍ബന്ധമായി അടപ്പിച്ചു. 12പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് എന്ന് പൊലീസ് പറയുന്നു. പലയിടത്തും പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിചാര്‍ജ് നടത്തി.
പാട്‌ന, ബെഗുസരായ്, ലഗിസരായ്, മുസാഫര്‍പുര്‍, ബോജ്പുര്‍, ഷെയ്ക്പുര, നവാദ, ബര്‍ബാംഗ ജില്ലകളിലാണ് അക്രമങ്ങള്‍ കൂടുതലും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തീവണ്ടി ഗതാഗതം തടസ്സപ്പെടുത്തിയതിനാല്‍ ഏറെ വൈകിയാണ് തീവണ്ടികള്‍ യാത്ര നടത്തുന്നത്.
#WATCH: Clash between two groups in Bihar's Arrah during protests against caste-based reservations, gunshots heard. pic.twitter.com/s0RUA4KP2B
— ANI (@ANI) April 10, 2018
അക്രമം കണക്കിലെടുത്ത് ഉത്തര്‍പ്രദേശിലെ ഷഹറാന്‍പുര്‍, മുസാഫര്‍നഗര്‍, ഷംലി, ഹാപുര്‍ എന്നിവടങ്ങളില്‍ ഇന്റര്‍നെറ്റ് ബന്ധം താല്‍ക്കാലികമായി തടസ്സപ്പെടുത്തിയിട്ടുണ്ട്. ഫിറോസാബാദിലെ സ്‌കൂളുകള്‍ക്കും ജില്ലാ ഭരണകൂടം അവധി നല്‍കിയിട്ടുണ്ട്.
പട്ടികജാതി-വര്‍ഗ പീഡന നിരോധന നിയമം ലഘൂകരിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ കഴിഞ്ഞയാഴ്ച ദളിത് സംഘടനകള്‍ നടത്തിയ ഭാരത് ബന്ദില്‍ പരക്കെ ആക്രമണം നടന്നിരുന്നു. ഇതില്‍ 12 ദളിതര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ കര്‍ശന ജാഗ്രത പാലിക്കണമെന്ന് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.