കര്‍ണാടകയില്‍ രണ്ടു സീറ്റുകളില്‍ മത്സരിക്കാന്‍ ഒരുങ്ങി സിദ്ധരാമയ്യ; ഭീരുത്വമെന്ന് ബിജെപി 

കര്‍ണാടക തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ രണ്ടിടത്ത് നിന്ന് ജനവിധി തേടാന്‍ സാധ്യത.
കര്‍ണാടകയില്‍ രണ്ടു സീറ്റുകളില്‍ മത്സരിക്കാന്‍ ഒരുങ്ങി സിദ്ധരാമയ്യ; ഭീരുത്വമെന്ന് ബിജെപി 

ബംഗലൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ രണ്ടിടത്ത് നിന്ന് ജനവിധി തേടാന്‍ സാധ്യത. ജെഡിഎസും ബിജെപിയും തമ്മില്‍ രഹസ്യധാരണ ഉണ്ടാകുമെന്ന കണക്കുകൂട്ടലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിര്‍ദേശം മാനിച്ചാണ് രണ്ടു സീറ്റുകളില്‍ മത്സരിക്കാന്‍ സിദ്ധരാമയ്യ ഒരുങ്ങുന്നത്. എന്നാല്‍ ഇത് ഭീരുത്വമാണെന്ന് പരിഹസിച്ച് ബിജെപി ഈ നീക്കത്തെ വിമര്‍ശിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്നും മാത്രം ജനവിധി തേടാനാണ് കോണ്‍ഗ്രസ് മുഖ്യമന്ത്രിയായ സിദ്ധരാമയ്യ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇവിടെ സിദ്ധരാമയ്യയെ തോല്‍പ്പിക്കാന്‍ ബിജെപിയും ജെഡിഎസും രഹസ്യധാരണ ഉണ്ടാക്കുമെന്ന കണക്കുകൂട്ടലിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഈ പശ്ചാത്തലത്തിലാണ് സുരക്ഷിതമായ മറ്റൊരു മണ്ഡലം കൂടി തെരഞ്ഞെടുക്കണമെന്ന ആവശ്യം നേതൃത്വ യോഗത്തില്‍ ഉയര്‍ന്നു വന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബദാമി മണ്ഡലത്തില്‍ കൂടി മത്സരിക്കാനുളള സാധ്യതയാണ് തെളിയുന്നത്. ഈ രാഷ്ട്രീയനീക്കത്തിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. 

കുറുമ്പ സമുദായത്തിന് വ്യക്തമായ സ്വാധീനമുളള പ്രദേശമാണ് ബദാമി. സിദ്ധരാമയ്യ കുറുമ്പ സമുദായ നേതാവാണ്. ഇത് ബദാമിയില്‍ സിദ്ധരാമയ്യയുടെ വിജയം ഉറപ്പാക്കുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. നിലവിലെ സിറ്റിങ് സീറ്റായ വരുണ മകന് വേണ്ടി സിദ്ധരാമയ്യ ഒഴിഞ്ഞു കൊടുത്ത പശ്ചാത്തലത്തിലാണ് പുതിയ മണ്ഡലങ്ങളെ സംബന്ധിച്ച് ചര്‍ച്ചയായത്.

സമാനമായ നിലയില്‍ കോണ്‍ഗ്രസിന്റെ കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ ജി പരമേശ്വരയും രണ്ടിടങ്ങളില്‍ നിന്നും ജനവിധി തേടാനുളള സാധ്യതയുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ രാഹുല്‍ ഗാന്ധി ഇതുവരെ പച്ചക്കൊടി കാണിച്ചിട്ടില്ല. 

ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ സിദ്ധരാമയ്യയ്ക്ക് ഏറ്റവും വലിയ വെല്ലുവിളി ജെഡിഎസ് നേതാവും മുന്‍ രാഷ്ട്രീയ ഗുരുവായ എച്ച് ഡി ദേവഗൗഡയാണ്. തന്റെ പഴയ ശിഷ്യനെ തോല്‍പ്പിക്കാന്‍ ദേവഗൗഡ അരയും തലയും മുറുക്കിയാണ് പ്രചാരണ രംഗത്ത് ഇറങ്ങിയിരിക്കുന്നത്. ബിജെപി ഇപ്പോഴും സിദ്ധരാമയ്യയ്ക്ക് പറ്റിയ എതിരാളിയെ കണ്ടെത്താനുളള ശ്രമത്തിലാണ്. 

72,000 വോക്കലിംഗാസ് വോട്ടുകളും 30,000 ലിംഗായത്ത് വോട്ടുകളുമുളള ചാമുണ്ഡേശ്വരിയില്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണ് സിദ്ധരാമയ്യ. ഇതിന് പുറമേ പട്ടികജാതി, പട്ടികവര്‍ഗ്ഗ, ന്യൂനപക്ഷ വോട്ടുകളും തനിക്ക് ഒപ്പം നില്‍ക്കുമെന്നും സിദ്ധരാമയ്യ കണക്കുകൂട്ടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com