പത്രിക നല്‍കാന്‍ എത്തുന്നവരെ തടയാന്‍ കത്തിയും കഠാരയുമായി തൃണമൂല്‍ അക്രമി സംഘം; സമയം നീട്ടിനല്‍കിയ ഉത്തരവ് പിന്‍വലിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അനുവദിക്കാതെ ആയുധങ്ങളേന്തി അക്രമിസംഘം
പത്രിക നല്‍കാന്‍ എത്തുന്നവരെ തടയാന്‍ കത്തിയും കഠാരയുമായി തൃണമൂല്‍ അക്രമി സംഘം; സമയം നീട്ടിനല്‍കിയ ഉത്തരവ് പിന്‍വലിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അനുവദിക്കാതെ ആയുധങ്ങളേന്തി അക്രമിസംഘം.കത്തി,കഠാര ഉള്‍പ്പടെ മാരകായുധങ്ങളേന്തി അക്രമി സംഘം  ജില്ലാ ഭരണകേന്ദ്രത്തില്‍ നിലയുറപ്പിച്ചിരിക്കുന്നത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അധിക സമയം അനുവദിച്ചു എന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലായിരുന്നു ഈ സംഘംചേരല്‍. എന്നാല്‍ സമയം നീട്ടി നല്‍കിയ ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍വലിച്ചതോടെ ഇവര്‍ അപ്രത്യക്ഷരായെന്നാണ് റിപ്പോര്‍ട്ട്. 

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് തുടര്‍ച്ചയായ ദിവസങ്ങളില്‍ അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം സുപ്രീംകോടതി ഇടപെട്ടിരുന്നു. സ്വതന്ത്ര്യവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി നിര്‍ദേശിച്ചു. ഇതിന്റെ പശ്ചാത്തലത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ നാലുമണിക്കൂര്‍ അധികം അനുവദിച്ചത്.

ഇതിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഏറ്റവുമധികം അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ഭിര്‍ബും ജില്ലാ കേന്ദ്രത്തിലാണ് അക്രമി സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് അനുകൂല സംഘമാണിതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത് തടയാന്‍ ആയുധങ്ങളുമായി അക്രമിസംഘം കേന്ദ്രത്തിന് വെളിയില്‍ നിലയുറപ്പിച്ചിരിക്കുന്നതായുളള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. എന്നാല്‍ അധിക സമയം അനുവദിച്ച മുന്‍ ഉത്തരവ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പിന്‍വലിച്ചതോടെ ഇവര്‍ അപ്രത്യക്ഷരാകുകയായിരുന്നു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ തൃണമൂല്‍ അനുകൂല അക്രമിസംഘം  ഒരുതരത്തിലും അനുവദിക്കുന്നില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. ഫലത്തില്‍ 42 ജില്ലാ പരിഷത്ത് സീറ്റുകളില്‍ 41 ഇടങ്ങളിലും എതിരില്ലാതെ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുന്ന അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്.

ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പ്രദേശത്ത് പ്രതിപക്ഷമില്ലായെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ നല്‍കുന്ന പ്രതികരണം. മമത ബാനര്‍ജിയുടെ നേതൃത്വത്തിലുളള സര്‍ക്കാര്‍ ചെയ്യുന്ന വികസനമാണ് ജനം ഒന്നടങ്കം പാര്‍ട്ടിക്ക് പിന്നില്‍ അണിനിരക്കാന്‍ കാരണമെന്നും നേതാക്കള്‍ അവകാശപ്പെടുന്നു.

അതേസമയം സിപിഎമ്മിന് ഉണ്ടായ അതേ അനുഭവം മമതയ്ക്കും ഉണ്ടാകുമെന്ന് അടുത്തിടെ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന മുതിര്‍ന്ന നേതാവ് മുകുള്‍ റോയ് ഓര്‍മ്മിപ്പിച്ചു. 2006 ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സിപിഎമ്മിന്റെ ബുദ്ധദേവ് ഭട്ടാചാര്യയ്ക്ക് 235 എംഎല്‍എമാരുടെ പിന്‍ബലമുണ്ടായിരുന്നു. 2009ല്‍ സിപിഎം പരാജയപ്പെട്ടു. ചരിത്രം വീണ്ടും ആവര്‍ത്തിക്കുമെന്ന് 210 എംഎല്‍എമാരുടെ പിന്തുണയുളള മമതയ്ക്ക് മുകുള്‍ റോയ് മുന്നറിയിപ്പ് നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com