റോഡുകളും വൈദ്യുത പോസ്റ്റുകളും തകര്‍ത്ത് 'ഹനുമാന്റെ യാത്ര' ; ഗതാഗതം സ്തംഭിച്ച് ബംഗളൂരു നഗരം

നിരവധി കിലോമീറ്ററോളം റോഡുകളും വൈദ്യുത പോസ്റ്റുകളും മലിനജല ഓടകളുമെല്ലാം ഹനുമാന്റെ യാത്രയെ തുടര്‍ന്ന് തകര്‍ന്നു
റോഡുകളും വൈദ്യുത പോസ്റ്റുകളും തകര്‍ത്ത് 'ഹനുമാന്റെ യാത്ര' ; ഗതാഗതം സ്തംഭിച്ച് ബംഗളൂരു നഗരം

ബംഗളൂരു : ലോകത്തെ ഏറ്റവും വലിയ ഹനുമാന്‍ പ്രതിമയുടെ യാത്രയില്‍ ബംഗളൂരു നഗരം നിശ്ചലമായി. നിരവധി കിലോമീറ്ററോളം റോഡുകളും വൈദ്യുത പോസ്റ്റുകളും മലിനജല ഓടകളുമെല്ലാം ഹനുമാന്റെ യാത്രയെ തുടര്‍ന്ന് തകര്‍ന്നു. 750 ടണ്‍ ഭാരവും 62 അടി ഉയരവുമുള്ള ഹനുമാന്‍ പ്രതിമയുമായാണ്, 300 ചക്രങ്ങളുള്ള ട്രക്ക് യാത്ര പുറപ്പെട്ടത്. 

കഴിഞ്ഞദിവസം ഗദ്ദലഹള്ളിയിലെ റെയില്‍വേ പാലത്തിന് സമീപമെത്തിയതോടെ പ്രതിമയും വഹിച്ചെത്തിയ ട്രക്ക് അക്ഷരാര്‍ത്ഥത്തില്‍ കുടുങ്ങി. വൈദ്യുതി ലൈനുകളുടെ ഉയരവും മീഡിയനുകളുമെല്ലാം യാത്രയ്ക്ക് തടസ്സമായി. തുടര്‍ന്ന് മീഡിയനുകള്‍ പൊളിച്ചുമാറ്റിയും അഞ്ചോളം ഇലക്ട്രിക് പോസ്റ്റുകള്‍ പിഴുതുമാറ്റിയുമാണ് പ്രതിമയ്ക്ക് പോകാന്‍ വഴിയൊരുക്കിയത്. 

റോഡിന്റെ വീതി കുറഞ്ഞ ഭാഗങ്ങളില്‍ മാലിന്യ ഓടകള്‍ മണ്ണിട്ട് നികത്തിയും, അരികുകള്‍ ഇടിച്ചുനിരത്തിയും റോഡിന്റെ വീതി കൂട്ടുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് മാലിന്യം ഒഴുകി പോകാതിരുന്നതും ജനത്തെ ബുദ്ധിമുട്ടിച്ചു. പ്രതിമയ്ക്ക് പോകാന്‍ സുഗമമായി വഴിയൊരുക്കുന്നതിന്റെ ഭാഗമായി വാഹനഗതാഗതവും അധികൃതര്‍ വഴി തിരിച്ചു വിട്ടിരുന്നു. ഇടറോഡുകളിലേക്ക് വാഹനഗതാഗതം തിരിച്ചുവിട്ടതോടെ, അക്ഷരാര്‍ത്ഥത്തില്‍ നഗരം ഗതാഗതക്കുരുക്കില്‍ നിശ്ചലമാകുകയും ചെയ്തു. 

അതേസമയം പ്രതിമയ്ക്ക് പോകാനായി തകര്‍ത്ത റോഡുകളെല്ലാം പുനര്‍ നിര്‍മ്മിച്ചുതരുമെന്ന്, പ്രതിമ സ്ഥാപിക്കുന്ന ശ്രീ രാമചൈതന്യ വര്‍ധിനി ട്രസ്റ്റ് ഉറപ്പുനല്‍കിയതായി നഗരസഭാ (ബ്രിഹത് ബംഗളൂരു മഹാനഗര പാലിക ) അധികൃതര്‍ അറിയിച്ചു. ഈ ഉറപ്പിന്മേലാണ് പ്രതിമ കടന്നുപോകാന്‍ അനുവാദം കൊടുത്തതെന്നും അധികൃതര്‍ വ്യക്തമാക്കി. 
 
കോലാറില്‍ നിന്നും പുറപ്പെട്ട ഹനുമാന്‍ പ്രതിമ ലിംഗരാജപുരത്തിലെ കച്ചറക്കാനഹള്ളിയിലാണ് സ്ഥാപിക്കുന്നത്. അടുത്ത ഏപ്രിലിലെ രാമനവമിക്കാണ് പ്രതിമയുടെ അനാഛ്ഛാദനം എന്നാണ് റിപ്പോര്‍ട്ട്. ഒറ്റശിലയില്‍ പൂര്‍ത്തിയാക്കുന്ന പ്രതിമ 30 ഓളം ശില്‍പ്പികള്‍ ചേര്‍ന്നാണ് തയ്യാറാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com