സത്യഗ്രഹത്തെ അംബേദ്ക്കര്‍ എതിര്‍ത്തിരുന്നു; സ്വതന്ത്ര ഇന്ത്യയില്‍ സമരങ്ങള്‍ അപ്രസക്തം: മോഹന്‍ ഭഗവത് 

സത്യഗ്രഹത്തെ അംബേദ്ക്കര്‍ എതിര്‍ത്തിരുന്നു; സ്വതന്ത്ര ഇന്ത്യയില്‍ സമരങ്ങള്‍ അപ്രസക്തം: മോഹന്‍ ഭഗവത് 

സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സത്യഗ്രഹത്തിന് സ്ഥാനമില്ലെന്നായിരുന്നു ഭരണഘടനാ ശില്‍പ്പി ഡോ  ബി ആര്‍ അംബേദ്ക്കറിന്റെ നിലപാടെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്

ന്യൂഡല്‍ഹി: സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സത്യഗ്രഹത്തിന് സ്ഥാനമില്ലെന്നായിരുന്നു ഭരണഘടനാ ശില്‍പ്പി ഡോ  ബി ആര്‍ അംബേദ്ക്കറിന്റെ നിലപാടെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത്. പട്ടികജാതി, പട്ടികവര്‍ഗ അതിക്രമം തടയല്‍ നിയമം ദുര്‍ബലപ്പെടുത്തിയ സുപ്രീംകോടതി ഉത്തരവിന്റെയും, ഇതിന് പിന്നാലെ രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട ദളിത് പ്രക്ഷോഭത്തിന്റെയും പശ്ചാത്തലത്തിലാണ് മോഹന്‍ ഭഗവതിന്റെ പ്രതികരണം.

സ്വാതന്ത്ര്യപൂര്‍വകാലത്ത് നടന്ന സായുധവിപ്ലവങ്ങളും ,അഹിംസയില്‍ ഊന്നിയുളള സത്യഗ്രഹ സമരങ്ങളും അക്കാലത്ത് പ്രസക്തമായിരുന്നുവെന്ന് അംബേദ്ക്കര്‍ ഭരണഘടനാ നിര്‍മ്മാണസഭയില്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ സ്വാതന്ത്ര്യം നേടിയതിന് പിന്നാലെയുളള കാലഘട്ടത്തില്‍ ഇത് അപ്രസക്തമാണെന്ന് അംബേദ്ക്കര്‍ തന്നെ പറഞ്ഞതായി മോഹന്‍ ഭഗവത് ഓര്‍മ്മിപ്പിച്ചു. 

സത്യഗ്രഹ സമരം നടത്തുന്നതില്‍ നിയമപരമായി തെറ്റില്ല. എന്നാല്‍ പുതിയ കാലഘട്ടത്തില്‍ ഇത് ആവശ്യമില്ല. അനീതി ശ്രദ്ധയില്‍പ്പെട്ടാല്‍ കോടതിയെ സമീപിച്ചു പരിഹാരം കാണാനാണ് അംബേദ്ക്കര്‍ പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

ഒരു കാലത്ത് അപ്രിയനായിരുന്ന അംബേദ്ക്കറിന്റെ പാരമ്പര്യം സ്വന്തമാക്കാന്‍ സി.പി.എമ്മും കോണ്‍ഗ്രസും ഒരുപോലെ ശ്രമിക്കുകയാണെന്ന്  ആര്‍.എസ്.എസ് വിമര്‍ശിച്ചു. ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ പുതിയ ലക്കത്തിലെ കവര്‍ സ്‌റ്റോറിയിലാണ് കോണ്‍ഗ്രസിനേയും കമ്യൂണിസ്റ്റ് പാര്‍ട്ടിയേയും കളിയാക്കി കൊണ്ടുള്ള ലേഖനം വന്നിരിക്കുന്നത്. 

കോണ്‍ഗ്രസും കമ്യൂണിസ്റ്റും അംബേദ്കറെ തങ്ങളുടേതായ രീതിയില്‍ സ്വന്തമാക്കാനാണ് ശ്രമിക്കുന്നത്. ഇത് കാണുമ്പോള്‍ ചിരിവരുന്നു. ഹിന്ദുത്വവാദികളേയും, ദേശീയവാദികളേയും ലക്ഷ്യം വെച്ചാണ് ഇപ്പോള്‍ അംബേദകര്‍ വിഷയം ഉയര്‍ത്തുന്നത്. തങ്ങളുടെ നേട്ടത്തിനായി അംബേദ്കര്‍ മുന്നോട്ട് വെച്ച ആശയങ്ങളെ ഇരുപാര്‍ട്ടികളും വികൃതമാക്കുകയാണ്.

യു.പി സര്‍ക്കാര്‍ പുറപ്പെടുവിച്ച പുതിയ നിര്‍ദേശ പ്രകാരം ഔദ്യോഗിക കാര്യങ്ങള്‍ക്കൊക്കെ അംബേദ്കറിന്റെ മുഴുവന്‍ പേരും രേഖപ്പെടുത്തണമെന്ന ആവശ്യം നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഡോ.ഭീംറാവു റാംജി അംബേദ്കര്‍ എന്നാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഭാഷ്യം. ഇത് അദ്ദേഹത്തിന് ബി.ജെ.പി നല്‍കുന്ന പരിഗണനയുടെ ഉദാഹരണമാണ്  ഓര്‍ഗനൈസര്‍ ചൂണ്ടിക്കാട്ടുന്നു. 

1952 ല്‍ നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബോംബെ സിറ്റി മണ്ഡലത്തില്‍ മത്സരിച്ച അംബേദ്കറിനെ പരാജയപ്പെടുത്താന്‍ കമ്യൂണിസ്റ്റ് നേതാവായ ഡാങ്കേ ശ്രമിച്ചിരുന്നു. അംബേദ്കര്‍ വിഘടനവാദികളെ പിന്തുണക്കുന്നുവെന്നായിരുന്നു ഡാങ്കെ വിശ്വസിച്ചിരുന്നത്. അതുപോലെ നെഹ്‌റു മന്ത്രിസഭയില്‍ ആസൂത്രണവകുപ്പ് കൈകാര്യം ചെയ്യണമെന്നായിരുന്നു അംബേദ്കര്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ഇത് നല്‍കാതെ നിയമവകുപ്പ് നല്‍കി. ഇതില്‍ അംബേദ്കര്‍ നിരാശനായിരുന്നുവെന്നും അങ്ങനെ മന്ത്രിസഭയില്‍ നിന്ന് രാജിവെക്കുകയായിരുന്നുവെന്നും ഓര്‍ഗനൈസറില്‍ വ്യക്തമാക്കുന്നുണ്ട്.

രാജ്യത്താകമാനം അംബേദ്കര്‍ പ്രതിമകള്‍ക്കെതിരേ വ്യാപക അക്രമം നടക്കുകയും കേന്ദ്രസര്‍ക്കാരിനെതിരേ ദളിത് പ്രക്ഷോഭം ശക്തമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് കോണ്‍ഗ്രസിനേയും കമ്യൂണിസ്റ്റ്പാര്‍ട്ടിയേയും വിമര്‍ശിച്ച് കൊണ്ടുള്ള ലേഖനം ഓര്‍ഗനൈസറില്‍ കവര്‍ സ്‌റ്റോറിയായി വന്നരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com