'ഹിന്ദു രാജാക്കന്‍മാരെ മറന്ന കമ്മ്യൂണിസ്റ്റുകാര്‍ മാവോയെക്കുറിച്ച് പഠിപ്പിച്ചു' ; സ്കൂൾ സിലബസിൽ കാതലായ മാറ്റം വരുത്തുമെന്ന്  ത്രിപുര മുഖ്യമന്ത്രി

പാഠപുസ്തങ്ങളില്‍ നിന്ന് മഹാത്മാഗാന്ധിയെ പോലും കമ്മ്യൂണിസ്റ്റ് സർക്കാർ ഒഴിവാക്കി 
'ഹിന്ദു രാജാക്കന്‍മാരെ മറന്ന കമ്മ്യൂണിസ്റ്റുകാര്‍ മാവോയെക്കുറിച്ച് പഠിപ്പിച്ചു' ; സ്കൂൾ സിലബസിൽ കാതലായ മാറ്റം വരുത്തുമെന്ന്  ത്രിപുര മുഖ്യമന്ത്രി

അഗര്‍ത്തല: മാർക്സിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്നതാണ് സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന സ്കൂൾ പാഠപുസ്തകങ്ങളെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് ആരോപിച്ചു. ഇതിന് കാതലായ മാറ്റം വരുത്തും. മാര്‍കിസ്റ്റ് പ്രചാരണം നടത്തുന്ന ത്രിപുര ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്റെ പുസ്‌കങ്ങൾക്ക് പകരം സംസ്ഥാനത്ത സ്‌കൂളില്‍ എൻസിഇആർടി സിലബസ് കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ് പറഞ്ഞു. 

ഹിന്ദു രാജാക്കന്‍മാരെ മറന്ന് ചൈനീസ് നേതാവ് മാവോയെക്കുറിച്ചാണ് കമ്മ്യൂണിസ്റ്റ് സർക്കാർ കുട്ടികളെ പഠിപ്പിച്ചത്. പാഠപുസ്തങ്ങളില്‍ നിന്ന് അവര്‍ മഹാത്മാ ഗാന്ധിയെ പോലും ഒഴിവാക്കി. ത്രിപുരയുടെ ചരിത്രം ഉള്‍ക്കൊള്ളിക്കുന്ന എൻസിഇആർടി സിലബസാണ് സംസ്ഥാനത്ത് നടപ്പാക്കാന്‍ പോകുന്നത്. 

ഒമ്പതാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പുസ്തകങ്ങളില്‍ റഷ്യന്‍, ഫ്രഞ്ച് വിപ്ലവങ്ങളെക്കുറിച്ചും, കാറൽ മാർക്സ്, ഹിറ്റ്ലർ തുടങ്ങിയവരെക്കുറിച്ചുമാണ് പഠിക്കാനുള്ളത്. അതേസമയം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരസേനാനികളെ കുറിച്ച് ഒരു പാഠം പോലുമില്ല. ത്രിപുര മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സിലബസ് മാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കമ്മറ്റി രൂപീകരിച്ച് കൊണ്ടിരിക്കുകയാണ്. അളവിലല്ല വിദ്യാഭ്യാസത്തിന്റെ ഗുണമേന്‍മയിലാണ് കാര്യമെന്നും ബിപ്ലബ് കുമാർദേബ് പറഞ്ഞു. 

25 വർഷത്തെ കമ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ചാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ത്രിപുരയിൽ ബിജെപി അധികാരത്തിലെത്തിയത്. തിരഞ്ഞെടുപ്പില്‍ 59-ല്‍ 43 സീറ്റുകള്‍ നേടി ബിജെപിയിരുന്നു. ബിജെപി വിജയത്തിന് പിന്നാലെ ലെനിന്റെ പ്രതിമ തകർത്തതും, സിപിഎം പാർട്ടി ഓഫീസുകൾക്ക് നേരെ വ്യാപക അക്രമണം അഴിച്ചുവിട്ടതും ദേശീയ തലത്തിൽ വൻ ചർച്ചയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com