യോഗിക്കെതിരെ ആര്‍എസ്എസ്; തെരഞ്ഞെടുപ്പ് തോല്‍വികളുടെ പൂര്‍ണ ഉത്തരവാദിത്തം ആദിത്യനാഥിന്
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 12th April 2018 08:32 AM |
Last Updated: 12th April 2018 08:32 AM | A+A A- |

ലക്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എതിരെ കടുത്ത വിമര്‍ശനവുമായി ആര്‍എസ്എസ് റിപ്പോര്‍ട്ട്. ഉപതെരഞ്ഞെടുപ്പുകളിലെ തോല്‍വിയുടെ പൂര്‍ണ ഉത്തരവാദിത്തം യോഗിക്കാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. സര്‍ക്കാര്‍ പ്രതിക്കൂട്ടിലാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുന്നില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. രണ്ടംഗ ആര്‍എസ്എസ് പ്രതിനിധി സംഘത്തിന്റെ റിപ്പോര്‍ട്ടിന്‍മേല്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വിശദീകരണം തേടി.
പാര്‍ട്ടിയെയും സര്‍ക്കാരിനെയും ഒന്നിച്ചുകൊണ്ടുപോകാന്‍ യോഗിക്ക് സാധിക്കുന്നില്ലെന്നും ആര്‍എസ്എസ് വിമര്‍ശിക്കുന്നു. യോഗിയുടെ തീരുമാനങ്ങളില്‍ സര്‍ക്കാരിലും പാര്‍ട്ടിയും അതൃപ്തി പുകയുന്ന പശ്ചാത്തലത്തിലാണ് രണ്ട് മുതിര്‍ന്ന ആര്‍എസ്എസ് നേതാക്കള്‍ പ്രശ്‌നപരിഹാരത്തിനായി യുപിയിലെത്തിയത്.
ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ദിനേഷ് ശര്‍മ എന്നിവരുമായി ആര്‍എസ്എസ് പ്രതിനിധിസംഘം കൂടിക്കാഴ്ച നടത്തി. കൂടിയാലോചനകള്‍ ഇല്ലാതെ ഏകപക്ഷീയമായാണ് മുഖ്യമന്ത്രി തീരുമാനമെടുക്കുന്നതെന്ന് ഉപമുഖ്യമന്ത്രിമാര്‍ വിമര്‍ശിച്ചു. കുറ്റവാളികളെ ഏറ്റുമുട്ടലിലൂടെ ഇല്ലാതാക്കുന്ന തീരുമാനം ആഭ്യന്തരവകുപ്പിന്റെ ചുമതലകൂടി വഹിക്കുന്ന മുഖ്യമന്ത്രിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണെന്നും കേശവ് പ്രസാദ് മൗര്യ കൂടിക്കാഴ്ചയില്‍ ഉന്നയിച്ചു.
ആദിത്യനാഥ് അധികാരത്തിലേറിയതിന് ശേഷം സംസ്ഥാനത്ത് അക്രമസംഭവങ്ങള്‍ വര്‍ധിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സാമൂദായിക സംഘര്‍ഷങ്ങളും സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പൊലീസ് ഏറ്റുമുട്ടലുകളിലൂടെ നിരപരാധികളെ കൊന്നൊടുക്കുകയാണെന്നും വിമര്‍ശനം ഉയരുന്നുണ്ട്.