'24 മണിക്കൂറിനകം മറ്റൊരു വിധി കൂടി റദ്ദാക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല' ; ചീഫ് ജസ്റ്റിസിനെതിരെ തുറന്നടിച്ച് ജസ്റ്റിസ് ചെലമേശ്വര്‍

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അധികാരങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് ജസ്റ്റിസ് ജെ ചെലമേശ്വര്‍
'24 മണിക്കൂറിനകം മറ്റൊരു വിധി കൂടി റദ്ദാക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ല' ; ചീഫ് ജസ്റ്റിസിനെതിരെ തുറന്നടിച്ച് ജസ്റ്റിസ് ചെലമേശ്വര്‍

ന്യൂഡല്‍ഹി : സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ അധികാരങ്ങള്‍ ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് ജസ്റ്റിസ് ജെ ചെലമേശ്വര്‍. 24 മണിക്കൂറിനകം തന്റെ മറ്റൊരു വിധി കൂടി റദ്ദാക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്ന് ജസ്റ്റിസ് ചെലമേശ്വര്‍ കോടതിയില്‍ തുറന്നടിച്ചു. മെഡിക്കല്‍ കോഴ കേസില്‍ ചീഫ് ജസ്റ്റിസ് തന്റെ വിധി റദ്ദാക്കിയ കാര്യം ഓര്‍മ്മിപ്പിച്ചാണ് ചെലമേശ്വറിന്റെ പരാമര്‍ശം. ജഡ്ജിമാര്‍ക്കിടയിലെ ഭിന്നത രൂക്ഷമായി തുടരുകയാണെന്ന് സൂചിപ്പിക്കുന്നതാണ് ജസ്റ്റിസ് ചെലമേശ്വറിന്റെ അഭിപ്രായപ്രകടനം. 

ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ കത്ത് പുറത്തുവന്നതിന് പിന്നാലെയാണ്, തുറന്ന കോടതിയില്‍ ചീഫ് ജസ്റ്റിസിന്റെ നടപടികള്‍ക്കെതിരെ ജസ്റ്റിസ് ചെലമേശ്വര്‍ വിമര്‍ശനം ഉന്നയിച്ചത്. സുപ്രീംകോടതിയിലെ പരമാധികാരി ചീഫ് ജസ്റ്റിസാണെന്ന, ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റെ ഉത്തരവിനെതിരെ മുതിര്‍ന്ന നിയമജ്ഞനും അഭിഭാഷകനുമായ ശാന്തിഭൂഷണാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജി ഒരാഴ്ചയായിട്ടും കോടതിയുടെ പരിഗണനയ്ക്ക് വരുന്നില്ലെന്ന് അദ്ദേഹത്തിന്റെ മകനും അഭിഭാഷകനുമായ പ്രശാന്ത് ഭൂഷണ്‍ ഇന്ന് ഉന്നയിക്കുകയായിരുന്നു. 

ചീഫ് ജസ്റ്റിസിനെതിരായ ഹര്‍ജി ആയതിനാല്‍, സുപ്രീംകോടതിയിലെ രണ്ടാമനായ ജസ്റ്റിസ് ചെലമേശ്വറിന്റെ കോടതിയിലാണ് ഉന്നയിച്ചത്. അപ്പോഴായിരുന്നു തന്റെ വിധി 24 മണിക്കൂറിനകം റദ്ദാക്കപ്പെടുന്നത് കാണാന്‍ ആഗ്രഹമില്ലെന്ന ജസ്റ്റിസ് ചെലമേശ്വറിന്റെ പരാമര്‍ശം. നേരത്തെ ചീഫ് ജസ്റ്റിസിനെതിരെ ആക്ഷേപം ഉയര്‍ന്ന മെഡിക്കല്‍ കോഴ കേസ് ജസ്റ്റിസ് ചെലമേശ്വര്‍ പരിഗണിക്കുകയും വിധി പുറപ്പെടുവിക്കകുയും ചെയ്തിരുന്നു. എന്നാല്‍ അടിയന്തരമായി ചീഫ് ജസ്റ്റിസ് കേസ് തന്റെ ബെഞ്ചിലേക്ക് വിളിച്ചുവരുത്തുകയും, ജസ്റ്റിസ് ചെലമേശ്വറിന്റെ വിധി റദ്ദാക്കുകയും ചെയ്തിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com