'കര്‍ഷകര്‍ അവധിയിലേക്ക്', പത്തുദിവസം വിപണി സ്തംഭിപ്പിക്കും; കേന്ദ്രത്തിനെതിരെ സമരം ശക്തമാക്കി കര്‍ഷക സംഘടനകള്‍

ജൂണ്‍ ഒന്നുമുതല്‍ 10 വരെ പച്ചക്കറി, പാല്‍ ഉള്‍പ്പെടെ ഭക്ഷ്യവസ്തുക്കള്‍ ഒന്നടങ്കം വിപണിയില്‍ വില്‍ക്കില്ലെന്ന് കര്‍ഷകര്‍ ആഹ്വാനം ചെയ്തു.
'കര്‍ഷകര്‍ അവധിയിലേക്ക്', പത്തുദിവസം വിപണി സ്തംഭിപ്പിക്കും; കേന്ദ്രത്തിനെതിരെ സമരം ശക്തമാക്കി കര്‍ഷക സംഘടനകള്‍

ന്യൂഡല്‍ഹി: ന്യായമായ ആവശ്യങ്ങള്‍ തുടര്‍ച്ചയായി അവഗണിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് രാജ്യത്തെ കര്‍ഷകര്‍ പുതിയ സമരപാത തുറക്കുന്നു. പത്തുദിവസം വിപണിയെ സ്തംഭിപ്പിച്ച് കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് കര്‍ഷകര്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ജൂണ്‍ ഒന്നുമുതല്‍ 10 വരെ പച്ചക്കറി, പാല്‍ ഉള്‍പ്പെടെ ഭക്ഷ്യവസ്തുക്കള്‍ ഒന്നടങ്കം വിപണിയില്‍ വില്‍ക്കില്ലെന്ന് കര്‍ഷകര്‍ ആഹ്വാനം ചെയ്തു.

മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ നടത്തിയ മഹാറാലി രാജ്യത്തെ ഒന്നടങ്കം പിടിച്ചുകുലുക്കിയിരുന്നു. എന്നാല്‍ ഇതിന്റെ തുടര്‍ച്ചയായി വിവിധ കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ മാര്‍ച്ച് 23ന് രാജ്യതലസ്ഥാനമായ ന്യൂഡല്‍ഹിയില്‍ നടത്തിയ വമ്പിച്ച പ്രതിഷേധ പരിപാടിക്ക് ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് വിപണിയെ ഒന്നടങ്കം സ്തംഭിപ്പിച്ച് കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദത്തിലാഴ്ത്താന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്.

കര്‍ഷകര്‍ അവധിയിലേക്ക് ( farmers on leave) എന്ന മുദ്രാവാക്യം വിളിച്ച് രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ ആഭിമുഖ്യത്തില്‍ സമരം ചെയ്യാനാണ് ഹരിയാനയിലെ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിരിക്കുന്നത്.  കാര്‍ഷികോല്‍പ്പനങ്ങള്‍ വിപണിയില്‍ വില്‍പ്പന നടത്താതെ ഗ്രാമങ്ങളില്‍ ധര്‍ണ നടത്താനാണ് കര്‍ഷകരുടെ തീരുമാനം. ഈ ദിവസങ്ങളില്‍ വിപണിയില്‍ നിന്നും ഒന്നും വാങ്ങില്ലെന്നും കര്‍ഷകര്‍ ശപഥം ചെയ്യുന്നു. 

ഹരിയാനയിലെ കര്‍ഷക സംഘടനകള്‍ ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ മേധാവി ഗുര്‍നാം സിങ് ചാഡുനി മാധ്യമങ്ങളോട് പറഞ്ഞു. മറ്റു മാര്‍ഗങ്ങളില്ലാതെ കടുത്ത തീരുമാനത്തിലേക്ക് നീങ്ങാന്‍ തങ്ങള്‍ നിര്‍ബന്ധിതരാകുകയായായിരുന്നുവെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഏഴു കര്‍ഷക യൂണിയനുകളിലായി ആയിരകണക്കിന് കര്‍ഷകര്‍ പ്രക്ഷോഭപരിപാടിയില്‍ അണിനിരക്കുമെന്നും 
ഗുര്‍നാം സിങ് ചാഡുനി അറിയിച്ചു. 

കാര്‍ഷിക കടം എഴുതിത്തളളുക, സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ മാസങ്ങളായി പ്രക്ഷോഭപാതയിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com