'മനുഷ്യനെന്ന നിലയില്‍ നമ്മള്‍ പരാജയപ്പെട്ടിരിക്കുന്നു; അവള്‍ക്ക് നീതി നിഷേധിക്കപ്പെടില്ല'

എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊന്ന കേസില്‍ രൂക്ഷപ്രതികരണവുമായി കേന്ദ്രമന്ത്രി വികെ സിംഗ്. മനുഷ്യനെന്ന നിലയില്‍ നമ്മള്‍ പരാജയപ്പെട്ടിരിക്കുന്നു. അവള്‍ക്ക് നീതി നിഷേധിക്കപ്പെടില്ല
'മനുഷ്യനെന്ന നിലയില്‍ നമ്മള്‍ പരാജയപ്പെട്ടിരിക്കുന്നു; അവള്‍ക്ക് നീതി നിഷേധിക്കപ്പെടില്ല'


ശ്രീനഗര്‍: ജമ്മുകശ്മീരില്‍ എട്ടുവയസുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തുകൊന്ന കേസില്‍ രൂക്ഷപ്രതികരണവുമായി കേന്ദ്രമന്ത്രി വികെ സിംഗ്. മനുഷ്യനെന്ന നിലയില്‍ നമ്മള്‍ പരാജയപ്പെട്ടിരിക്കുന്നു. അവള്‍ക്ക് നീതി നിഷേധിക്കപ്പെടില്ലെന്നും കേന്ദ്രമന്ത്രി വികെ സിംഗ് വ്യക്തമാക്കി. ട്വിറ്ററിലൂടെയായിരുന്നു വികെ സിംഗിന്റെ പ്രതികരണം. വിഷയത്തില്‍ പ്രതികരിക്കുന്ന ആദ്യ കേന്ദ്രമന്ത്രിയാണ് വി.കെ സിംഗ്. സംഭവത്തില്‍ രാജ്യത്തുടനീളം പ്രതിഷേധം നടക്കുമ്പോഴും കേന്ദ്രമന്ത്രിമാര്‍ തുടരുന്ന മൗനം ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

അതേസമയം, ആസിഫയെ കൊന്ന പ്രതികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ റാലിയില്‍ ബി.ജെ.പി മന്ത്രിമാര്‍ പങ്കെടുത്തതിനെതിരെ വന്‍ പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്. വനമന്ത്രി ചൗധരി ലാല്‍ സിംഗും വ്യവസായ മന്ത്രി ചന്ദര്‍ പ്രകാശ് ഗംഗയുമാണ് ഹിന്ദു എക്താ മഞ്ച് നടത്തിയ റാലിയില്‍ പങ്കെടുത്തത്. പ്രതികള്‍ളെ അറസ്റ്റ് ചെയ്ത പൊലീസിന്റെ നീക്കത്തെ 'കാട്ടു നീതി' എന്നാണ് ബി.ജെ.പി മന്ത്രിമാര്‍ വിശേഷിപ്പിച്ചത്.

ബി.ജെ.പി മന്ത്രിമാര്‍ പങ്കെടുത്തതിനെതിരെ ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അടക്കമുള്ളവര്‍ രംഗത്തെത്തി. റാലിയില്‍ പങ്കെടുത്ത മന്ത്രിമാര്‍ക്കെതിരെ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ഉടന്‍ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 'നിഷ്‌കളങ്കയായ ഒരു പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊന്ന വിഷയത്തില്‍ ചിലര്‍ രാഷ്ട്രീയക്കളികള്‍ക്ക് ശ്രമിക്കുന്നത് ദുഃഖകരമാണെന്ന് മുതിര്‍ന്ന പി.ഡി.പി നേതാവ് നയീം അക്തര്‍ പറഞ്ഞു. 

കശ്മീരിലെ കത്തുവയിലുണ്ടായ മനസ്സാക്ഷി ഞെട്ടിക്കുന്ന സംഭവത്തിന്റെ വിവരങ്ങള്‍ കഴിഞ്ഞ ദിവസാണ് പുറത്തുവന്നത്. ജനുവരി പത്തിനാണ് ജമ്മു പട്ടണത്തിന് അടുത്ത കത്തുവ ജില്ലയിലെ രസാനയില്‍നിന്ന് എട്ട് വയസ്സുകാരിയെ കാണാതാവുന്നത്. ആട്ടിടയ വിഭാഗത്തില്‍ പെട്ട പെണ്‍കുട്ടി വീടിനടുത്ത് കുതിരയെ തീറ്റാന്‍ പോവുകയും കാണാതാവുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദിവസങ്ങള്‍ക്ക് ശേഷം പ്രദേശത്തെ ക്ഷേത്രത്തില്‍നിന്ന് അധികം ദൂരമല്ലാത്ത സ്ഥലത്ത് വെച്ച്  ക്രൂരമായി കൊലപ്പെടുത്തിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയയായിരുന്നു. ക്രൂരമായി കൂട്ടബലാത്സംഗത്തിന് ഇരയായ കുട്ടിയുടെ തല കല്ലുകൊണ്ടുള്ള ഇടിയേറ്റ് തകര്‍ന്ന നിലയിലായിരുന്നു.

ബ്രാഹ്മണര്‍ തിങ്ങി താമസിക്കുന്ന സ്ഥലമായ രസാന ഗ്രാമത്തില്‍നിന്നു മുസ്ലിം ബക്കര്‍വാല വിഭാഗത്തെ പേടിപ്പിച്ച് ഓടിക്കാന്‍ ക്ഷേത്രം നടത്തിപ്പുകാരനായ സാഞ്ജി റാമിന്റെ പദ്ധതിയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ട് പോവലും ബലാത്സംഗം ചെയ്യലുമെന്നാണ് ഇപ്പോല്‍ പുറത്തുവന്ന വിവരം. പ്രായപൂര്‍ത്തിയാവാത്ത മരുമകനേയും മകനേയും സാഞ്ജിറാം കൂടെ കൂട്ടി. 

കഴിഞ്ഞ ദിവസം പുറത്തുവന്ന കുറ്റപത്രത്തില്‍ പറയുന്നത് ഇങ്ങനെ: സാഞ്ജിറാമിന്റെ മരുമകന്‍ കുട്ടിയുടെ അടുത്തെത്തി കുതിര കാട്ടിലേക്ക് ഓടിപ്പോയെന്നും പിടിച്ച് കൊണ്ടുവരണമെന്നും പറഞ്ഞ് കുട്ടിയെ കാട്ടിനുള്ളിലേക്ക് എത്തിച്ചു. ശേഷം സാഞ്ജിറാമിന്റെ നിര്‍ദേശ പ്രകാരം മയക്ക് മരുന്ന് നല്‍കി താന്‍ നടത്തുന്ന ക്ഷേത്രത്തിനുള്ളിലെത്തിച്ച് അടച്ചിട്ടു. രക്ഷിതാക്കള്‍ കുട്ടിയെ അന്വേഷിച്ച് സാഞ്ജിറാമിന്റെ അടുത്തെത്തിയെങ്കിലും കണ്ടില്ലെന്ന് പറഞ്ഞ് മടക്കി അയക്കുകയായിരുന്നു. രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കാര്യമായ അന്വേഷണമൊന്നും നടന്നില്ല.

സാഞ്ജിറാമിന്റെ മരുമകന്‍ തന്നെയാണ് ആദ്യം കുട്ടിയെ ബലാത്സംഗം ചെയ്തത്. മീററ്റിലുണ്ടായിരുന്ന മകന്‍ വിശാല്‍ ജംഗോത്രയെ താല്‍പര്യമുണ്ടെങ്കില്‍ ഉടന്‍ നാട്ടിലെത്തണമെന്ന് പറഞ്ഞ് വിളിച്ച് വരുത്തിച്ച് ബലാത്സംഗത്തില്‍ പങ്കാളിയാക്കുകയും ചെയ്തു. ഇതിനിടെ അന്വേഷണത്തിനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെ പണം കൊടുത്ത് ഒതുക്കി. സാഞ്ജിറാമിന്റെ നിര്‍ദേശ പ്രകാരമാണ് മകനും മരുമകനും ചേര്‍ന്ന് കുട്ടിയെ ക്ഷേത്രത്തിന് സമീപത്തെ കലുങ്കിനടിയില്‍ എത്തിച്ച് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്.  മരിക്കുന്നതിന് മുമ്പെ സാഞ്ജിറാമിന്റെ മകന്‍ വിശാല്‍ ജംഗോത്ര കുട്ടിയെ ഒരിക്കല്‍ കൂടെ ബലാത്സംഗം ചെയ്‌തെന്നും കുറ്റപത്രത്തില്‍ പറയുന്നു.

സഞ്ജിറാം, മകന്‍ വിശാല്‍ ജംഗോത്ര, പ്രായപൂര്‍ത്തിയാവാത്ത മരുമകന്‍, ഒരു പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍, ഒരു ഹെഡ് കോണ്‍സ്റ്റബിള്‍, മറ്റ് രണ്ട് പൊലീസുകാര്‍ എന്നിവരാണ് കേസിലെ  പ്രതികള്‍. പ്രതികളെ രക്ഷിക്കാന്‍ സ്ഥലത്തെ ഹിന്ദു സംഘടനകളുടെ നേതൃത്വത്തില്‍ ശ്രമം നടന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com