"സുഖപ്രസവം നടന്നില്ലെകില്‍ സിസേറിയന്‍ നടത്തണം, അല്ലെങ്കില്‍ കുഞ്ഞു തന്നെ മരിച്ചു പോകും"

"സുഖപ്രസവം നടന്നില്ലെകില്‍ സിസേറിയന്‍ നടത്തണം, അല്ലെങ്കില്‍ കുഞ്ഞു തന്നെ മരിച്ചു പോകും"

കേന്ദ്ര നിലപാട് മൂലം ദിവസം തോറും കോടതിയുടെ അന്തസ്സും ബഹുമാനവും നഷ്ടപ്പെടുകയാണ്.

ന്യൂഡല്‍ഹി : ജഡ്ജി നിയമനം വൈകുന്നതിനെതിരെ ജസ്റ്റിസ് കുര്യന്‍ ജോസഫ് ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം. ചരിത്രത്തില്‍ ആദ്യമായാണ് കോളീജിയം ശുപാര്‍ശയില്‍ കേന്ദ്രസര്‍ക്കാര്‍ മൂന്നുമാസമായി തീരുമാനമെടുക്കാതെ നീട്ടുന്നത്. കേന്ദ്ര നിലപാട് മൂലം ദിവസം തോറും കോടതിയുടെ അന്തസ്സും ബഹുമാനവും നഷ്ടപ്പെടുകയാണ്. കോടതിയുടെ നടത്തിപ്പും നിലനില്‍പ്പും ഭീഷണി നേരിടുന്നു. സര്‍ക്കാരിനെ പ്രീതിപ്പെടുത്താത്ത ജഡ്ജിമാര്‍ അനുഭവിക്കേണ്ടി വരുമെന്ന സൂചനയാണ് ഇതു നല്‍കുന്നത്. കത്തില്‍ കുര്യന്‍ ജോസഫ് അഭിപ്രായപ്പെട്ടു. 

വിഷയത്തില്‍ ഇനിയും മൗനം വെടിഞ്ഞില്ല എങ്കില്‍ ചരിത്രം മാപ്പ് നല്‍കില്ലെന്നും കത്തില്‍ പറയുന്നു. കൊളീജിയം ശുപാര്‍ശയില്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം എടുക്കാത്ത കാര്യം സുപ്രീംകോടതിയിലെ ഏഴ് അംഗ ബെഞ്ച് പരിഗണിക്കണം. കോടതിയിലെ ഏറ്റവും മുതിര്‍ന്ന ഏഴ് ജഡ്ജിമാരെയാണ് ബെഞ്ചില്‍ ഉള്‍പ്പെടുത്തേണ്ടത്. ജഡ്ജി നിയമനത്തിനായി ബഞ്ച് ഉത്തരവിറക്കിയാല്‍ കേന്ദ്ര സര്‍ക്കാരിന് നടപ്പാക്കേണ്ടി വരും. അല്ലാത്ത പക്ഷം സര്‍ക്കാരിനെതിരെ കോടതി അലക്ഷ്യ നടപടി എടുക്കാന്‍ സുപ്രീംകോടതിക്കു കഴിയും. സുഖപ്രസവം നടന്നില്ലെകില്‍ സിസേറിയന്‍ നടത്തണം, അല്ലെങ്കില്‍ കുഞ്ഞു തന്നെ മരിച്ചു പോകുമെന്നും കത്തില്‍ ജസ്റ്റിസ് കുര്യന്‍ ജോസഫ് അഭിപ്രായപ്പെടുന്നു. 

ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജസ്റ്റിസ് കെ.എം.ജോസഫ്, സുപ്രീംകോടതി മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാര്‍ശയിലാണ് തീരുമാനമെടുക്കാതെ കേന്ദ്രസര്‍ക്കാര്‍ നീട്ടിക്കൊണ്ടുപോകുന്നത്. ചീഫ് ജസ്റ്റിസിന് അയച്ച കത്തിന്റെ പകര്‍പ്പ് സുപ്രീം കോടതിയിലെ  22 ജഡ്ജിമാര്‍ക്കും ജസ്റ്റിസ് കുര്യന്‍ ജോസഫ് അയച്ചിട്ടുണ്ട്. കര്‍ണാടക ജഡ്ജി നിയമനത്തിലെ കേന്ദ്ര ഇടപെടലിനെതിരെ ജസ്റ്റിസ് ചെലമേശ്വറും കഴിഞ്ഞ ദിവസം ചീഫ് ജസ്റ്റിസിന് കത്ത് അയച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com