പോസ്കോ നിയമം പൊളിച്ചെഴുതണം ; കുട്ടികളെ പീഡിപ്പിക്കുന്നവരെ തൂക്കിലേറ്റണമെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി
By സമകാലിക മലയാളം ഡെസ്‌ക് | Published: 13th April 2018 03:07 PM |
Last Updated: 13th April 2018 03:07 PM | A+A A- |

ന്യൂഡൽഹി: ജമ്മു കശ്മീരിലെ കത്വയിൽ എട്ടുവയസ്സുകാരി കൂട്ട ബലാൽസംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി മേനക ഗാന്ധി. കത്വ സംഭവം തന്നെ അഗാധമായി വേദനിപ്പിക്കുന്നു. ഇതടക്കം രാജ്യത്ത് കുട്ടികൾക്ക് നേരെയുണ്ടാകുന്ന പീഡനങ്ങൾ അസ്വസ്ഥതയുണ്ടാക്കുന്നു.
കുട്ടികൾക്കെതിരായ അതിക്രമം ചെറുക്കുന്നതിനുള്ള പോസ്കോ നിയമത്തിൽ പൊളിച്ചെഴുത്ത് വേണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. 12 വയസിൽ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകുന്ന തരത്തിൽ പോക്സോ നിയമം പൊളിച്ചെഴുതാൻ ഞാനും മന്ത്രാലയവും ആലോചിക്കുന്നുവെന്ന് കേന്ദ്ര വനിതാ, ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
കത്വ സംഭവത്തെ പേരെടുത്ത് പറഞ്ഞപ്പോൾ, യുപിയിലെ ഉന്നാവോ പീഡനത്തെക്കുറിച്ച് വ്യക്തമായ പരാമർശം നടത്താൻ കേന്ദ്രമന്ത്രി തയ്യാറായില്ല. കഴിഞ്ഞ ജനുവരി 10നാണ് കശ്മീരിൽ എട്ടുവയസുകാരി ക്രൂരപീഡനത്തിന് ഇരയായത്. പെൺകുട്ടിയെ മയക്കുമരുന്നു നൽകിയ ശേഷം ക്ഷേത്രത്തിനകത്തുവച്ച് നിരവധി ദിവസങ്ങളിലായി എട്ടു പേർ ചേർന്നു ബലാത്സംഗം ചെയ്യുകയും പിന്നീട് കൊലപ്പെടുത്തുകയുമായിരുന്നു.