ഉന്നാവോ ബലാൽസം​ഗം : ബിജെപി എംഎൽഎ കുല്‍ദീപ് സിങ് സെംഗാർ സിബിഐ കസ്റ്റഡിയിൽ

പുലര്‍ച്ചെയോടെ വീട്ടിലെത്തിയാണ് എംഎല്‍എയെ കസ്റ്റഡിയിലെടുത്തത്. കുൽദീപ് സിം​ഗിനെതിരെ സിബിഐ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു
ഉന്നാവോ ബലാൽസം​ഗം : ബിജെപി എംഎൽഎ കുല്‍ദീപ് സിങ് സെംഗാർ സിബിഐ കസ്റ്റഡിയിൽ

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ കൗമാരക്കാരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ ബി.ജെ.പി എംഎല്‍എ കുല്‍ദീപ് സിങ് സെംഗാറിനെ സിബിഐ കസ്റ്റഡിയിലെടുത്തു. പുലര്‍ച്ചെയോടെ വീട്ടിലെത്തിയാണ് എംഎല്‍എയെ കസ്റ്റഡിയിലെടുത്തത്.  രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്നലെ അര്‍ധരാത്രിയില്‍ ഡല്‍ഹിയില്‍ വന്‍ പ്രതിഷേധമുയര്‍ന്നതിന് പിന്നാലെയായിരുന്നു നടപടി. കുൽദീപ് സിം​ഗിനെതിരെ സിബിഐ മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തതായാണ് റിപ്പോർട്ട്. 

സര്‍ക്കാരിനുനേരെ വിമര്‍ശനം ശക്തമായതിനെ തുടര്‍ന്ന് കുല്‍ദീപ് സിങ് സെംഗാറിന്റെ പേരില്‍ യു.പി പോലീസ് കേസെടുത്തിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 363, 366, 376, 506 വകുപ്പുകള്‍ പ്രകാരം ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയവയും പോസ്‌കോ നിയമപ്രകാരവുമാണ് കേസെടുത്തത്. എന്നാല്‍ സംഭവത്തില്‍ സ്വമേധയാ കേസെടുത്ത അലഹബാദ് ഹൈക്കോടതി ആരോപണവിധേയനായ എംഎൽഎയെ എന്തുകൊണ്ട് ഇനിയും അറസ്റ്റുചെയ്തില്ലെന്ന് ചോദിച്ച് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉയർത്തിയിരുന്നു.

2017 ജൂലായ് നാലിനാണ് എം.എല്‍.എയും സഹോദരനും തന്നെ മാനഭംഗപ്പെടുത്തിയതെന്ന് പെണ്‍കുട്ടി പറയുന്നു. എന്നാല്‍ പരാതിയില്‍ കേസെടുക്കാന്‍ പോലും പൊലീസ് തയ്യാറായില്ല. മാസങ്ങള്‍ നീണ്ട പ്രതിഷേധത്തിന് ശേഷമാണ് പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. 
എംഎല്‍എക്കെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ഞായറാഴ്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചതോടെയാണ് സംഭവം ദേശീയശ്രദ്ധ ആകര്‍ഷിച്ചത്. ഇതേ ദിവസം രാത്രി പെണ്‍കുട്ടിയുടെ പിതാവ് പപ്പു സിംഗ് (50) ജുഡിഷ്യല്‍ കസ്റ്റഡിയില്‍ മരിച്ചു. കസ്റ്റഡിയിലിരിക്കെ ഇയാളെ പൊലീസും ബി.ജെ.പി പ്രവര്‍ത്തകരും മര്‍ദ്ദിച്ചതായി ആരോപണം ഉയര്‍ന്നിരുന്നു. 

ഇതിനിടെ പരാതി പിന്‍വലിക്കാന്‍ കുടുംബത്തിന് മേല്‍ എം.എല്‍.എയും ബി.ജെ.പി നേതൃത്വവും സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. 
വിഷയത്തില്‍ പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേസെടുക്കാനും, അന്വേഷണം സിബിഐക്ക് വിടാനും ഉത്തരവിടുകയായിരുന്നു. ആരോപണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ യുപി സർക്കാർ നിയമിച്ചിരുന്നു. ഈ സംഘം ബുധനാഴ്ച രാത്രി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അതേസമയം ഡിവിഷന്‍ ബെഞ്ച്  കേസ് ഇന്ന് പരിഗണിക്കുന്നുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com