'കൊല്ലും മുമ്പ് എനിക്കും ബലാല്‍സംഗം ചെയ്യണമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍' ; ആസിഫയ്‌ക്കെതിരെ നടന്നത് അതിക്രൂരപീഢനം 

റിട്ടയേഡ് ഉദ്യോഗസ്ഥനും, ക്ഷേത്രപുരോഹിതനുമായ സാന്‍ജി റാമാണ് സംഭവത്തിന്റെ ആസൂത്രകനെന്ന് കുറ്റപത്രം വെളിപ്പെടുത്തുന്നു
'കൊല്ലും മുമ്പ് എനിക്കും ബലാല്‍സംഗം ചെയ്യണമെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍' ; ആസിഫയ്‌ക്കെതിരെ നടന്നത് അതിക്രൂരപീഢനം 

കത്‌വ : ജമ്മു കശ്മീരിലെ കത്‌വയില്‍ കൊല്ലപ്പെട്ട എട്ടുവയസ്സുകാരി ആസിഫ ബാനു നേരിട്ടത് അതിക്രൂര പീഡനങ്ങള്‍. റിട്ടയേഡ് റവന്യൂ ഉദ്യോഗസ്ഥനും, ക്ഷേത്രപുരോഹിതനുമായിരുന്ന സാന്‍ജി റാമാണ് അതിക്രൂര സംഭവത്തിന്റെ ആസൂത്രകനെന്ന് പൊലീസിന്റെ കുറ്റപത്രം വെളിപ്പെടുത്തുന്നു. കുതിരയെ മേയ്ക്കാന്‍ വനത്തില്‍ പോയ പെണ്‍കുട്ടിക്ക് എന്തു സംഭവിച്ചു എന്ന കുറ്റപത്രത്തിലെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്.

മുമ്പ് ആക്രമിച്ച ബാക്കര്‍വാള്‍ സമുദായത്തിന് ശക്തമായ തിരിച്ചടി നല്‍കാന്‍ തന്റെ അനന്തരവനോട് സാന്‍ജി റാം ജനുവരി നാലിന് ആവശ്യപ്പെടുന്നു. പ്രതികാര നടപടിയുടെ ഭാഗമായി ജനുവരി ഏഴിന് മുഹമ്മദ് യൂസഫിന്റെ മകള്‍ ആസിഫയെ തട്ടിക്കൊണ്ടുവരാന്‍ സാന്‍ജി അനന്തരവനോട് ആവശ്യപ്പെടുന്നു. റാമിന്റെ വീടിന് പിന്നിലെ വനത്തില്‍ കുതിരയെ മേയ്ക്കാനെത്തുമ്പോള്‍ ബന്ദിയാക്കാനായിരുന്നു നിര്‍ദേശം. 

ജനുവരി എട്ടിന് കൗമാരക്കാരനായ പ്രതി സുഹൃത്ത് മന്നു എന്ന പര്‍വേഷ് കുമാറുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കുന്നു. ജനുവരി ഒമ്പതിന് ഇരുവരും ഹിരാനഗറില്‍ പോയി മയക്കുമരുന്നുകളും ഉപകരണങ്ങളും വാങ്ങുന്നു. 

ആസിഫ താമസിച്ചിരുന്ന വീട്‌
ആസിഫ താമസിച്ചിരുന്ന വീട്‌

ജനുവരി 10 ന് വനത്തിലെത്തിയ ആസിഫ, തന്റെ കുതിരകള്‍ എവിടെയെന്ന് ഒരു സ്ത്രീയോട് ചോദിക്കുന്നു. ഉടനെ കുതിരകളെ തങ്ങള്‍ കണ്ടെന്നും കാണിച്ചുതരാമെന്നും പറഞ്ഞ് ആസിഫയെ വനത്തിനുള്ളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. കാട്ടില്‍ വെച്ച് ആസിഫയെ മയക്കിയ ശേഷം പ്രായപൂര്‍ത്തിയാകാത്ത പ്രതിയും സുഹൃത്ത് മന്നുവും കുട്ടിയെ ബലാല്‍സംഗം ചെയ്യുന്നു. തുടര്‍ന്ന് സാന്‍ജി റാം പുരോഹിതനായ സമീപത്തെ ക്ഷേത്രത്തില്‍ കുട്ടിയെ അടയ്ക്കുന്നു. 

ജനുവരി 11 ന് ആസിഫയുടെ മാതാപിതാക്കള്‍ കുട്ടിയെ തിരഞ്ഞ് ക്ഷേത്രത്തില്‍ സാന്‍ജിയുടെ അടുത്ത് എത്തുന്നു. കുട്ടിയെ കണ്ടിരുന്നോ എന്ന ചോദ്യത്തിന്, കുട്ടി ബന്ധു വീട്ടില്‍ പോയതായിരിക്കുമെന്ന് പറയുന്നു. അന്നുതന്നെ കൗമാരക്കാരനായ പ്രതി മീററ്റിലുള്ള റാമിന്റെ മകന്‍ വിശാല്‍ ജംഗോത്രയെ വിളിച്ചുവരുത്തുന്നു. 

പിറ്റേദിവസം രാവിലെ വിശാല്‍ മീററ്റില്‍ നിന്നും റസാന ഗ്രാമത്തിലെത്തുന്നു. കുട്ടിയെ തിരഞ്ഞ് നാട്ടുകാരും ബകര്‍വാള്‍ സമുദായവും തിരച്ചില്‍ തുടരുന്നു. ഇതിനിടെ സാന്‍ജി റാം അന്വേഷണ ഉദ്യോഗസ്ഥനായ എസ്‌ഐ ആനന്ദ് ദത്തയ്ക്ക് ഒന്നര ലക്ഷം രൂപ നല്‍കി കേസ് അന്വേഷണം മന്ദീഭവിപ്പിക്കാനും ഒതുക്കിതീര്‍ക്കാനും ധാരണയിലെത്തുന്നു. 

ജനുവരി 13 ന് രാവിലെ വിശാലും പിതാവ് സാന്‍ജി റാമും ക്ഷേത്രത്തിലെത്തുന്നു. കൗമാരക്കാരനായ പ്രതിയും മന്നുവും ഇവര്‍ക്ക് പിന്നാലെ അമ്പലത്തിലെത്തുന്നു. വിശാല്‍ ആസിഫയെ ബലാല്‍സംഗം ചെയ്തു. തുടര്‍ന്ന് കൗമാരക്കാരനായ പ്രതി അവളെ വീണ്ടും പീഡിപ്പിക്കുന്നു. അന്ന് വൈകീട്ട് സാന്‍ജി റാം, ആസിഫയെ കൊല്ലാന്‍ പ്രതികളോട് ആവശ്യപ്പെടുന്നു. 

വിശാല്‍, മന്നു, കൗമാരക്കാരനായ പ്രതി എന്നിവര്‍ ആസിഫയെ ഒരു കലുങ്കിന് അടുത്തേക്ക് കൊണ്ടുപോയി. അതിനിടെ പൊലീസ് ഓഫീസറായ ദീപക് കജൂറിയ സ്ഥലത്തെത്തി. കൊല്ലുന്നതിന് മുമ്പ് തനിക്ക് കൂടി ബലാല്‍സംഗം ചെയ്യണമെന്ന് ദീപക് പ്രതികളോട് ആവശ്യപ്പെടുന്നു. തുടര്‍ന്ന് ദീപക് കുട്ടിയെ പീഡിപ്പിച്ചു. അതിനുശേഷം കൗമാരക്കാരനായ പ്രതി വീണ്ടും ആസിഫയെ ബലാല്‍സംഗം ചെയ്തു. ബോധരഹിതയായ ആസിഫയെ ദീപക് അവളുടെ തുണികൊണ്ട് തന്നെ ശ്വാസം മുട്ടിക്കുന്നു. അതിനിടെ കൗമാരക്കാരനായ പ്രതി കല്ലുകൊണ്ട് രണ്ടുവട്ടം തലയ്ക്കടിച്ചു. 

ആസിഫ
ആസിഫ

ജനുവരി 15 ന് ആസിഫയുടെ മൃതദേഹം കാട്ടില്‍ ഉപേക്ഷിക്കുന്നു. ജനുവരി 17ന് നാട്ടുകാര്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയതായും പ്രത്യേക അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വിശദീകരിക്കുന്നു. കേസില്‍ പ്രത്യേക അന്വേഷണ സംഘം എട്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തെളിവു നശിപ്പിക്കാന്‍ ശ്രമിച്ച രണ്ട് പൊലീസുകാരും കേസില്‍ പ്രതികളാണ്. പ്രതികള്‍ക്ക് വേണ്ടി നടത്തിയ റാലിയില്‍ ജമ്മു കശ്മീര്‍ മന്ത്രിസഭയിലെ രണ്ട് ബിജെപി മന്ത്രിമാര്‍ പങ്കെടുത്തതും വിവാദമായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com