പ്രതിഷേധക്കാരനെ ബോണറ്റില്‍ കിടത്തി യുപി ഉദ്യോഗസ്ഥന്റെ കാര്‍ യാത്ര; വീഡിയോ വൈറല്‍

ഗ്രാമത്തില്‍ കക്കൂസ് നിര്‍മിക്കുന്നതിനായി രണ്ടാമത്തെ ഇന്‍സ്റ്റാള്‍മെന്റ് പണം നല്‍കാത്തതിനെതിരെയായിരുന്നു പ്രതിഷേധം
പ്രതിഷേധക്കാരനെ ബോണറ്റില്‍ കിടത്തി യുപി ഉദ്യോഗസ്ഥന്റെ കാര്‍ യാത്ര; വീഡിയോ വൈറല്‍

കക്കൂസ് നിര്‍മിക്കാനുള്ള പണം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് കാറിന്റെ ബോണറ്റിലേക്ക് ചാടിക്കയറിയ യുവാവിനേയും കൊണ്ട് ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് ഉദ്യോഗസ്ഥന്‍ വണ്ടി ഓടിച്ചത് നാല് കിലോമീറ്റര്‍ ദൂരം. യുപി ഗവണ്‍മെന്റിലെ ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറാണ് പ്രതിഷേധക്കാരനെ പാഠം പഠിപ്പിക്കുന്നതിനായി നിര്‍ത്താതെ കാര്‍ ഓടിച്ചുപോയത്. 

ഗ്രാമത്തില്‍ കക്കൂസ് നിര്‍മിക്കുന്നതിനായി രണ്ടാമത്തെ ഇന്‍സ്റ്റാള്‍മെന്റ് പണം ആവശ്യപ്പെട്ട് ബുധനാഴ്ച ഒരു കൂട്ടം ഗ്രാമവാസികള്‍ ബ്ലോക് ഡെവലപ്‌മെന്റ് ഉദ്യോഗസ്ഥനായ പങ്കജ് കുമാര്‍ ഗൗതത്തിന്റെ ഓഫീസില്‍ പ്രതിഷേധം നടത്തി. മണിക്കൂറുകള്‍ പ്രതിഷേധിച്ചിട്ടും പ്രതിഷേധക്കാരുമായി കൂടിക്കാഴ്ച നടത്താന്‍ ഉദ്യോഗസ്ഥന്‍ തയാറായില്ല. അവസാനം പുറത്തേക്ക് വന്ന  ഗൗതം സമരക്കാരെ ഗൗനിക്കാതെ തന്റെ കാറിന് അടുത്തേക്ക് നീങ്ങുകയായിരുന്നു. 

ഇത് കണ്ട് പ്രകോപിതരായ ഗ്രാമവാസികള്‍ കാര്‍ തടഞ്ഞു. നിരവധി തവണ ഹോണ്‍ അടിച്ചിട്ടും മാറാത്തതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ കാര്‍ മുന്നോട്ടെടുത്തു. പ്രതിഷേധക്കാരുടെ കൂട്ടത്തിലുണ്ടായിരുന്ന ബ്രിജ് പാല്‍ ബോണറ്റിലേക്ക് ചാടി. എന്നാല്‍ കാര്‍ തടഞ്ഞതിന്റെ ദേഷ്യത്തില്‍ ഗൗതം വണ്ടി മുന്നോട്ടു എടുത്തു. നാല് കിലോമീറ്ററാണ് ബ്രിജ് പാലിനേയും കിടത്തി വണ്ടി മുന്നോട്ട് നീങ്ങിയത്. 

പിന്നീട് ഇത് പ്രശ്‌നമാകുമെന്ന് തോന്നിയ ഗൗതം ബ്രിജ് പാല്‍ ബോണറ്റില്‍ തൂങ്ങിക്കിടക്കുന്നതിന്റെ വീഡിയോ പകര്‍ത്തി. ഇപ്പോള്‍ അത് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ രണ്ട് പേരും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കിയിരിക്കുകയാണ് ജില്ല മജിസ്‌ട്രേറ്റ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com