രമേഷ് കുമാര്‍ ജല്ല : 'ആ നരാധമരെ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടിയ പൊലീസ് ഉദ്യോഗസ്ഥന്‍'

ഹിന്ദു സംഘടനകള്‍ അടക്കം പ്രബലരുടെ ശക്തമായ എതിര്‍പ്പാണ് പ്രത്യേക അന്വേഷണ സംഘത്തിന് നേരിടേണ്ടി വന്നത്
രമേഷ് കുമാര്‍ ജല്ല : 'ആ നരാധമരെ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടിയ പൊലീസ് ഉദ്യോഗസ്ഥന്‍'

കശ്മീര്‍ : ജമ്മു കശ്മീരിലെ കത്വയില്‍ എട്ടുവയസ്സുകാരി ആസിഫ ബാനുവിനെ മൃഗീയമായി കൂട്ടബലാല്‍സംഗം ചെയ്തു കൊന്ന നരാധമരെ ലോകത്തിന് മുന്നില്‍ തുറന്നുകാട്ടിയത്  രമേഷ് കുമാര്‍ ജല്ല എന്ന ക്രൈംബ്രാഞ്ച് പൊലീസ് സൂപ്രണ്ടിന്റെ നിശ്ചയദാര്‍ഢ്യവും പ്രതിബദ്ധതയും. കശ്മീരി പണ്ഡിറ്റായ രമേഷ് കുമാര്‍ ജല്ലയുടെ ചങ്കുറപ്പാണ് കടുത്ത പ്രതിഷേധത്തിലും പ്രതികളെയെല്ലാം വലയിലാക്കാനായത്. ഹിന്ദു സംഘടനകള്‍ അടക്കം പ്രബലരുടെ ശക്തമായ എതിര്‍പ്പാണ് സംഘത്തിന് നേരിടേണ്ടി വന്നത്. ഹിന്ദു ഏകതാ മഞ്ച്, പ്രാദേശിക അഭിഭാഷകരുടെ അസോസിയേഷന്‍ തുടങ്ങിയവര്‍ എതിര്‍പ്പുമായി രംഗത്തെത്തി. 

കുറ്റവാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ജമ്മുകശ്മീര്‍ മന്ത്രിസഭയിലെ ബിജെപി മന്ത്രിമാരായ ചൗധരി ലാല്‍ സിംഗ്, ചന്ദര്‍പ്രകാശ് ഗംഗ എന്നിവര്‍ ഹിന്ദു സംഘടനയുടെ റാലിയില്‍ പങ്കെടുത്തിരുന്നു.. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാതിരിക്കാന്‍ പ്രാദേശിക ലോയേഴ്‌സ് അസോസിയേഷനും രംഗത്തുണ്ടായിരുന്നു. 

എന്നാല്‍ ജമ്മു ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം ക്രൈംബ്രാഞ്ച് എസ്പി രമേഷ് കുമാര്‍ ജല്ലയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷണം ഏറ്റെടുത്തു. എസ്പി രമേഷ് കുമാര്‍ ജല്ലയുടെയും സംഘത്തിന്റെയും നിശ്ചയദാര്‍ഢ്യവും പ്രതിബദ്ധതയുമാണ് പ്രതികളെയെല്ലാം വലയിലാക്കിയത്. കോടതി നിശ്ചയിച്ച 90 ദിവസത്തെ കാലാവധിക്ക് പത്തുദിവസം മുമ്പെ, ഏപ്രില്‍ ഒമ്പതിന് തന്നെ ജല്ലയും സംഘവും കോടതിയില്‍ കുറ്റപത്രവും സമര്‍പ്പിച്ചു. അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതിയിലും അഭിഭാഷകര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു എന്നത് കേസ് അട്ടിമറിക്കാനുള്ള ഗൂഢസംഘത്തിന്റെ ശക്തി വെളിപ്പെടുത്തുന്നു. 

ആസിഫ ബാനു
ആസിഫ ബാനു

നാലു പൊലീസുകാരും ഒരു റിട്ടയേഡ് സര്‍ക്കാര്‍ ഉദ്യോഗസ്ഥനുമാണ് സംഭവത്തില്‍ പ്രതികളെന്ന് പൊലീസ് കുറ്റപത്രത്തില്‍ വ്യക്തമാക്കി. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് കേസിലെ മുഖ്യപ്രതിയും സംഭവത്തിന്റെ ആസൂത്രകനും. രസാനയിലെ വീട്ടില്‍ നിന്നും ജനുവരി 10 നാണ് ആസിഫ ബാനുവിനെ കാണാതാകുന്നത്. പിന്നീട് ഒരാഴ്ചയ്ക്ക് ശേഷം സമീപത്തെ കാട്ടില്‍ നിന്നും ആസിഫയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. 

കുട്ടിയെ സമീപത്തെ ക്ഷേത്രത്തിലേക്ക് ബലമായി കടത്തിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി നിരവധി തവണ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊല്ലുകയായിരുന്നു ഇവര്‍. ക്ഷേത്രത്തിനകത്ത് വെച്ച് പെണ്‍കുട്ടി നിരവധി തവണ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. പ്രതികളില്‍ ഒരാളെ യുപിയില്‍ നിന്നും ക്ഷണിച്ചു വരുത്തിയയാളാണ്. ചില ലോക്കല്‍ പൊലീസുകാര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നും കുറ്റപത്രത്തിലുണ്ട്. പെണ്‍കുട്ടി ഉള്‍പ്പെടുന്ന നാടോടി ബാക്കെര്‍വാള്‍ സമുദായത്തെ, ഹിന്ദു ഭൂരിപക്ഷ പ്രദേശത്ത് നിന്നും ഓടിക്കുക കൂടി ഈ ക്രൂരകൃത്യത്തിന് പിന്നിലുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘം സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആരോപിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com