അംബേദ്ക്കര്‍ പ്രതിമയില്‍ കേന്ദ്രമന്ത്രി പുഷ്പചക്രം അര്‍പ്പിച്ചതിന് പിന്നാലെ പാലുകൊണ്ട് കഴുകി ദലിത് പ്രവര്‍ത്തകര്‍ 

അംബേദ്കറിന്റെ ജന്മദിനത്തില്‍ കേന്ദ്രമന്ത്രിയും ബിജെപി പ്രവര്‍ത്തകരും ആദരസൂചകമായി പുഷ്പചക്രം അര്‍പ്പിച്ച് മടങ്ങിയതിന് പിന്നാലെ അംബേദ്ക്കര്‍ പ്രതിമ കഴുകി വൃത്തിയാക്കി ദലിത് പ്രവര്‍ത്തകര്‍.
അംബേദ്ക്കര്‍ പ്രതിമയില്‍ കേന്ദ്രമന്ത്രി പുഷ്പചക്രം അര്‍പ്പിച്ചതിന് പിന്നാലെ പാലുകൊണ്ട് കഴുകി ദലിത് പ്രവര്‍ത്തകര്‍ 

വഡോദര: അംബേദ്കറിന്റെ ജന്മദിനത്തില്‍ കേന്ദ്രമന്ത്രിയും ബിജെപി പ്രവര്‍ത്തകരും ആദരസൂചകമായി പുഷ്പചക്രം അര്‍പ്പിച്ച് മടങ്ങിയതിന് പിന്നാലെ അംബേദ്ക്കര്‍ പ്രതിമ കഴുകി വൃത്തിയാക്കി ദലിത് പ്രവര്‍ത്തകര്‍. ബിജെപി പ്രവര്‍ത്തകരുടെ സാന്നിധ്യം അന്തരീക്ഷത്തെ വരെ മലിനമാക്കുമെന്ന് ദലിത് പ്രവര്‍ത്തകര്‍ ആരോപിച്ചു.

ഗുജറാത്തിലെ ബറോഡയിലാണ് സംഭവം. കേന്ദ്രമന്ത്രി മേനക ഗാന്ധിയും ബിജെപി എംപി രഞ്ജന്‍ ബെന്‍ ഭട്ട് ഉള്‍പ്പെടെ മറ്റു ബിജെപി പ്രവര്‍ത്തകരും അംബേദ്കറിന്റെ പ്രതിമയില്‍ പുഷ്പചക്രം അര്‍പ്പിച്ച് മടങ്ങിയതിന് പിന്നാലെയാണ് ദലിത് പ്രവര്‍ത്തകര്‍ പ്രതിമ കഴുകി വൃത്തിയാക്കിയത്. പാലും വെളളവും ഉപയോഗിച്ചായിരുന്നു ശുചീകരണം. മഹാരാജ സായാജിറാവു സര്‍വകലാശാലയിലെ എസ്‌സി, എസ്ടി എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി താക്കോര്‍ സോളങ്കിയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണ പരിപാടി. 

മേനക ഗാന്ധി ഉള്‍പ്പെടെയുളള ബിജെപി പ്രവര്‍ത്തകര്‍ അംബേദ്ക്കര്‍ പ്രതിമയില്‍ പുഷ്പചക്രം അര്‍പ്പിക്കുന്നതിനെ ദലിത് പ്രവര്‍ത്തകര്‍ എതിര്‍ത്തു. ബിജെപിക്കെതിരെ മുദ്രാവാക്യം വിളിച്ചായിരുന്നു ദലിത് പ്രവര്‍ത്തകര്‍ തടസവാദം ഉന്നയിച്ചത്. ഇവര്‍ക്ക് മുന്‍പ് തങ്ങളാണ് ഇവിടെ ആദ്യം എത്തിയത്. അതിനാല്‍ ആദ്യം ആദരം അര്‍പ്പിക്കാനുളള അവകാശം തങ്ങള്‍ക്കാണെന്നും ചൂണ്ടികാണിച്ചായിരുന്നു ദലിത് പ്രവര്‍ത്തകര്‍ തടസവാദം ഉന്നയിച്ചത്. എന്നാല്‍ പ്രോട്ടോക്കോള്‍ അനുസരിച്ച് ബിജെപി പ്രവര്‍ത്തകരുടെ ഇടയിലുളള മേയറിനാണ് പുഷ്പചക്രം അര്‍പ്പിക്കാന്‍ ആദ്യ അവകാശമെന്ന് ചൂണ്ടികാണിച്ച് പൊലീസ് ദലിത് പ്രവര്‍ത്തകരുടെ ആവശ്യം തളളുകയായിരുന്നു. ഇതിന് പിന്നാലെ പൊലീസും ദലിത് പ്രവര്‍ത്തകരും തമ്മില്‍ ചെറിയ വാക്കേറ്റമുണ്ടായി. എന്നാല്‍ മറ്റു അനിഷ്ടസംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com