കഠ് വ പീഡനത്തിൽ സുപ്രീം കോടതി ഇടപെടുന്നു ; അന്വേഷണപുരോ​ഗതി കോടതി നേരിട്ട് വിലയിരുത്തും

ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, കശ്മീര്‍ ബാര്‍ കൗണ്‍സില്‍, കഠ് വ ജില്ലാ ബാര്‍ അസോസിയേഷന്‍ എന്നിവയ്ക്ക് സുപ്രീംകോടതി നോട്ടീസയച്ചു
കഠ് വ പീഡനത്തിൽ സുപ്രീം കോടതി ഇടപെടുന്നു ; അന്വേഷണപുരോ​ഗതി കോടതി നേരിട്ട് വിലയിരുത്തും

ന്യൂഡല്‍ഹി : ജമ്മുകശ്മീരിലെ കഠ് വയിൽ എട്ടുവയസ്സുകാരിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയശേഷം തലയ്ക്ക്ടിച്ചുകൊന്ന കേസിൽ സുപ്രീംകോടതി ഇടപെടുന്നു. സംഭവത്തിൽ നേരിട്ട് ഇടപെട്ട സുപ്രീംകോടതി അന്വേഷണപുരോ​ഗതി വിലയിരുത്തും.  ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. കേസിലെ നിയമനടപടികള്‍ തടസ്സപ്പെടുത്തരുതെന്ന് അഭിഭാഷകരോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
 
സുപ്രീംകോടതിയിലെ ഏതാനും അഭിഭാഷകരാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവന്നത്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് തടഞ്ഞ കഠ് വ ബാറിലെ അഭിഭാഷകരുടെ നടപടി ഗൗരവമായിക്കണ്ട കോടതി, ഇക്കാര്യത്തില്‍ സ്വമേധയാ കേസെടുത്തു. സംഭവത്തില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, കശ്മീര്‍ ബാര്‍ കൗണ്‍സില്‍, ജമ്മു ഹൈക്കോടതി ബാര്‍ അസോസിയേഷന്‍, കഠ് വ ജില്ലാ ബാര്‍ അസോസിയേഷന്‍ എന്നിവയ്ക്ക് സുപ്രീംകോടതി നോട്ടീസയച്ചു. 19-നകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്..

കുറ്റപത്രം സമര്‍പ്പിക്കുന്നത് തടഞ്ഞ അഭിഭാഷകര്‍, കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ അഭിഭാഷകയെ ഹാജരാവാന്‍ അനുവദിക്കുന്നില്ലെന്ന് അഡ്വ. പി.വി. ദിനേശ് കോടതിയെ ധരിപ്പിച്ചു. പ്രതികള്‍ക്കു പിന്തുണയുമായി അവിടത്തെ ബാര്‍ നിലകൊള്ളുന്നത് ദൗര്‍ഭാഗ്യകരമാണെന്നും സുപ്രീംകോടതി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വ്യാഴാഴ്ച കഠ് വയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കാനെത്തിയ പോലീസ് സംഘത്തെ അഭിഭാഷകര്‍ തടഞ്ഞതായി ജമ്മുകശ്മീര്‍ സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വ. ഷോയിബ് ആലം അറിയിച്ചു. പിന്നീട്, മജിസ്‌ട്രേറ്റിന്റെ വസതിയില്‍ പ്രതികളെ എത്തിച്ചാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസ് സി.ബി.ഐ.ക്കു കൈമാറണമെന്ന ആവശ്യത്തെയും സംസ്ഥാനം എതിര്‍ത്തു. 

ജനുവരി 10-നാണ് കഠ് വയിലെ ബഖര്‍വാള്‍ സമുദായത്തില്‍പ്പെട്ട എട്ടുവയസ്സുകാരിയെ കാണാതായത്. കുതിരയെ മേയ്ക്കാൻ കാട്ടിലേക്ക് പോയ പെൺകുട്ടിയെ പ്രതികൾ തട്ടിക്കൊണ്ടുപോയി ക്ഷേത്രത്തിനകത്ത് ബന്ദിയാക്കിവെക്കുകയും ക്രൂരബലാൽസം​ഗത്തിനിരയാക്കുകയുമായിരുന്നു. ഒരാഴ്ചയോളം പീഡിപ്പിച്ചശേഷം പ്രതികൾ കുട്ടിയെ കൊലപ്പെടുത്തി കാട്ടിലുപേക്ഷിച്ചു. പ്രതികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാനമന്ത്രിമാരും  ഹൈന്ദവ സംഘടനകളും പ്രാദേശിക അഭിഭാഷക സംഘടനയും രം​ഗത്തെത്തിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com