രാജസ്ഥാനിൽ ഒരേമരത്തിൽ പെൺകുട്ടികളും ആൺകുട്ടിയും തൂങ്ങിമരിച്ച നിലയിൽ
By സമകാലിക മലയാളം ഡെസ്ക്ക് | Published: 16th April 2018 07:57 PM |
Last Updated: 16th April 2018 07:57 PM | A+A A- |

ബാർമർ: രാജസ്ഥാനിലെ ബാർമറിൽ മൂന്നു കൗമാരക്കാരെ ഒരേ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സ്വരൂപ് കാ താല ഗ്രാമത്തിൽ ഈ മാസം പന്ത്രണ്ടിനാണ് ദാരുണസംഭവം നടന്നത്.
ദളിത് കുടുംബത്തിൽനിന്നുള്ള ബന്ധുക്കളായ രണ്ടു പെണ്‍കുട്ടികളെയും ഒരു ആണ്‍കുട്ടിയെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെണ്‍കുട്ടികൾക്കു 12, 13 എന്നിങ്ങനെയും ആണ്‍കുട്ടിക്ക് 17 വയസുമാണ് പ്രായം. കൗമാരക്കാർ ജീവനൊടുക്കിയതാണെന്നാണു പ്രാഥമിക അന്വേഷണത്തിൽ മനസിലാകുന്നതെന്നു പൊലീസ് വ്യക്തമാക്കി.
രാത്രി സാധാരണനിലയിൽ ഉറങ്ങാൻ പോയ പെണ്‍കുട്ടികളെയാണ് അടുത്തദിവസം ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയതെന്ന് ജീവനൊടുക്കിയ ഒരു പെണ്‍കുട്ടിയുടെ പിതാവ് എൻഡിടിവിയോടു പറഞ്ഞു. ജീവനൊടുക്കിയ മൂവരും അടുത്തിടപഴകിയിരുന്നവരാണെന്നു ഗ്രാമവാസികൾ പറയുന്നു.
വിഷയം ചർച്ച ചെയ്യുന്നതിനായി മേഘ് വാൾ സമുദായം പഞ്ചായത്ത് യോഗം ചേർന്നിരുന്നു. സംഭവത്തിന് ഇതേവരെ വ്യക്തമായ കാരണം വിശദീകരിക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ല.