വിക്കിപീഡിയ നോക്കി ആശംസ നേര്‍ന്നു; അമളി പറ്റി ബിജെപി മന്ത്രിമാര്‍
By സമകാലിക മലയാളം ഡെസ്‌ക്ക് | Published: 16th April 2018 01:20 PM |
Last Updated: 16th April 2018 01:22 PM | A+A A- |

ലക്‌നൗ: ഗുരുനാനാക്ക് ജയന്തി ആണെന്ന് തെറ്റിദ്ധരിച്ച് ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് അമളി പറ്റി ഉത്തര്‍പ്രദേശ് മന്ത്രിമാര്‍. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ഉള്‍പ്പെടെയുളള മന്ത്രിമാര്‍ക്കാണ് തെറ്റുപറ്റിയത്. സിഖുക്കാരുടെ ആത്മീയ ഗുരുവായ ഗുരുനാനാക്കിന്റെ ജന്മദിനം ഏപ്രില്‍ 15 നാണെന്ന് തെറ്റിദ്ധരിച്ച് ട്വിറ്ററില്‍ ഇവര്‍ ആശംസ നേരുകയായിരുന്നു. ഈ വര്‍ഷത്തെ നവംബര്‍ 23 ഗുരുനാനാക്ക് ജയന്തിയായി ലോകം ആഘോഷിക്കാന്‍ തീരുമാനിച്ചിരിക്കേയാണ് മന്ത്രിമാര്‍ക്ക് അബദ്ധം പിണഞ്ഞത്.
ജനങ്ങള്‍ക്ക് ആശംസ നേര്‍ന്നതിനൊടൊപ്പം ഗുരുനാനാക്കിന്റെ ചിത്രവും ചേര്‍ത്തുളള ട്വീറ്റായിരുന്നു കേശവ് പ്രസാദ് മൗര്യയുടേത്. ഇതിന് പിന്നാലെ മറ്റു ചില മന്ത്രിമാര്‍ ഇത് അതേപോലെ ട്വിറ്ററില്‍ പകര്‍ത്തുകയായിരുന്നു. സംഭവം വിവാദമായതോടെ ചിലര്‍ ഇത് പിന്‍വലിക്കുകയും ക്ഷമാപണത്തിന് തയ്യാറാവുകയും ചെയ്തു.
ബിജെപി വക്താവ് സിദ്ധാര്‍ത്ഥ് നാഥ് സിങ് തെറ്റു ഏറ്റുപറയുകയും ക്ഷമാപണം നടത്തുകയും ചെയ്തു. വിക്കിപീഡിയയെ വിശ്വസിച്ചതാണ് തനിക്ക് തെറ്റുപറ്റാന്‍ ഇടയാക്കിയതെന്നായിരുന്നു സിദ്ധാര്‍ത്ഥ് നാഥ് സിങിന്റെ ട്വിറ്ററിലെ വിശദീകരണം. തെറ്റായ തീയതി രേഖപ്പെടുത്തിയിരിക്കുന്ന വിക്കിപീഡിയ പേജിന്റെ സ്‌ക്രീന്‍ ഷോട്ടും ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് ബിജെപി വക്താവ്.
Sorry for Guru Nanak Ji’s birthday tweet. Confusion happened due to Wikipedia ( enclosed).
— Sidharth Nath Singh (@SidharthNSingh) April 15, 2018
Apologies to everyone. pic.twitter.com/LteqjXNifs
അതേസമയം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആശംസകള്‍ നേര്‍ന്ന് വിവാദത്തില്‍ അകപ്പെട്ടില്ലെങ്കിലും, ലക്‌നൗവിലെ ഗുരുദ്വാരയില്‍ സന്ദര്‍ശനം നടത്തി. രാജ്യത്തെ രക്ഷിക്കാന്‍ സിഖ് ഗുരു നടത്തിയ ത്യാഗം യുവാക്കള്‍ക്ക് പ്രചോദനമാണെന്നും യോഗി പറഞ്ഞു.