കത്തുവ പീഡനം: പെണ്‍കുട്ടിയുടെ കുടുംബത്തിനും അഭിഭാഷകയ്ക്കും സംരക്ഷണം നല്‍കണമെന്ന് സുപ്രിം കോടതി

വിചാരണ സംസ്ഥാനത്തിനു പുറത്തെ കോടതിയിലേക്കു മാറ്റണമെന്ന, പെണ്‍കുട്ടിയുടെ പിതാവിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി ജമ്മു കശ്മീര്‍ സര്‍ക്കാരിനു നോട്ടിസ് അയച്ചു
കത്തുവ പീഡനം: പെണ്‍കുട്ടിയുടെ കുടുംബത്തിനും അഭിഭാഷകയ്ക്കും സംരക്ഷണം നല്‍കണമെന്ന് സുപ്രിം കോടതി

ജമ്മു: ജമ്മു കശ്മീരിലെ കത്തുവയില്‍ ക്രൂര ബലാത്സംഗത്തിന് ഇരയായി കൊല ചെയ്യപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിനും കേസില്‍ ഹാജരാവുന്ന അഭിഭാഷകയ്ക്കും പൊലീസ് സംരക്ഷണം നല്‍കാന്‍ സുപ്രിം കോടതി ഉത്തരവ്. കേസിന്റെ വിചാരണ സംസ്ഥാനത്തിനു പുറത്തെ കോടതിയിലേക്കു മാറ്റണമെന്ന, പെണ്‍കുട്ടിയുടെ പിതാവിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതി ജമ്മു കശ്മീര്‍ സര്‍ക്കാരിനു നോട്ടിസ് അയച്ചു. 

കേസ് ജമ്മു കശ്മീരിനു പുറത്തേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് അഭിഭാഷകയായ അനൂജ കപൂര്‍ വഴി സമര്‍പ്പിച്ച ഹര്‍ജിയും, തനിക്കു സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് കേസില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സഹായിക്കുന്ന അഭിഭാഷകയായ ദീപിക സിങ് രജാവത്ത് നല്‍കിയ ഹര്‍ജിയുമാണ് സുപ്രീംകോടതി പരിഗണിച്ചത്. മുതിര്‍ന്ന അഭിഭാഷകയായ ഇന്ദിര ജയ്‌സിങ്ങാണ് ഇവര്‍ക്കായി സുപ്രീം കോടതിയില്‍ ഹാജരായത്. 

ഇക്കാര്യത്തില്‍ സംസ്ഥാനത്തിന്റെ നിലപാട് ഈ മാസം 27നകം അറിയിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍ക്കര്‍, ഡി.വൈ. ചന്ദ്രചൂഡ് എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് നിര്‍ദേശിച്ചു. 

പെണ്‍കുട്ടി കൊല ചെയ്യപ്പെട്ട കേസിന്റെ വിചാരണ കശ്മീരിലെ കോടതിയില്‍ ഇന്ന് ആരംഭിച്ചെങ്കിലും, കേസ് സംസ്ഥാനത്തിനു പുറത്തേക്കു മാറ്റണെന്ന് ആവശ്യപ്പെട്ട് പിതാവ് സുപ്രിം കോടതിയെ സമീപിച്ചതു കണക്കിലെടുത്ത് മാറ്റിവച്ചിരുന്നു. തുടര്‍വാദം കേള്‍ക്കുന്നത് കത്തുവ കോടതി ഈ മാസം 28ലേക്കാണ് മാറ്റിയത്. ഇതിനിടെയാണ് തന്റെ ജീവനു ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി പെണ്‍കുട്ടിക്കു വേണ്ടി ഹാജരാകുന്ന അഭിഭാഷക ദീപിക സിങ് രജാവത്തും രംഗത്തെത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com