കര്‍ണാടകയില്‍ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; വൈസ് പ്രസിഡന്റ് രാജിവെച്ചു

കര്‍ണാടക തെരഞ്ഞെടുപ്പിനുളള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി.
കര്‍ണാടകയില്‍ സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; വൈസ് പ്രസിഡന്റ് രാജിവെച്ചു

ബംഗലൂരു: കര്‍ണാടക തെരഞ്ഞെടുപ്പിനുളള ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി.ടിക്കറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സിറ്റിങ് എംഎല്‍എമാരും നിരവധി പ്രവര്‍ത്തകരും രോഷപ്രകടനം നടത്തി. നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ച് വി ആര്‍ സുദര്‍ശന്‍ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു.

കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പ്രസിദ്ധീകരിച്ചത്. 218 പേരുടെ പേരാണ് ആദ്യ ഘട്ട പട്ടികയിലുള്ളത്. 224 സീറ്റുകളുള്ള നിയമസഭയില്‍ ഇനി ആറ് മണ്ഡലങ്ങളിലേക്ക് മാത്രമാണ് ഇനി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയില്‍ ജനവിധി തേടും. 

അതേസമയം 14 സിറ്റിംഗ് എംഎല്‍എമാര്‍ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംനേടാനായിട്ടില്ല. ഇതിലടക്കമുളള അതൃപ്തിയാണ് സംസ്ഥാന കോണ്‍ഗ്രസില്‍ പുകയുന്നത്. ചിക്കമംഗ്ലൂരില്‍ തങ്ങളുടെ നേതാവായ ഗായത്രി ഗന്തഗൗഡയ്ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ആസാദ് പാര്‍ക്കില്‍ അനുയായികള്‍ തടിച്ചൂകൂടി. മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് എതിരെ മുദ്രാവാക്യം വിളിച്ച് പ്രവര്‍ത്തകര്‍ ടയറുകള്‍ കത്തിച്ച് പ്രതിഷേധിച്ചു. ബെലഗാവിയില്‍ സിറ്റിങ് എംഎല്‍എയ്ക്ക് വീണ്ടും സീറ്റ് നല്‍കാത്തതിലും നേതൃത്വത്തിനെതിരെ സമാനമായ രോഷപ്രകടനം നടന്നു.

ടിക്കറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സിറ്റിങ് എംഎല്‍എ ജി എച്ച് ശ്രീനിവാസിന്റെ അനുയായികള്‍ സ്വന്തം മണ്ഡലത്തില്‍ ധര്‍ണ സംഘടിപ്പിച്ചു. നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് റിബല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുളള ഒരുക്കത്തിലാണ് ശ്രീനിവാസ്.

വൈസ് പ്രസിഡന്റ് വി ആര്‍ സുദര്‍ശന് ടിക്കറ്റ് നല്‍കാത്തതാണ് കോളാര്‍ മണ്ഡലത്തില്‍ പ്രതിഷേധം ആളിക്കത്താന്‍ ഇടയാക്കിയത്. നേതൃത്വത്തിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് സുദര്‍ശന്റെ അനുയായികള്‍  പ്രതിഷേധ പ്രകടനം നടത്തി. സമീര്‍ പാഷയ്ക്കാണ് ഇവിടെ നറുക്ക് വീണത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com