എസ്‌സി-എസ്ടി നിയമത്തിലെ കോടതി വിധി : എതിര്‍ത്ത് കേരളം മാത്രം ; മാര്‍ഗനിര്‍ദേശം കര്‍ശനമായി പാലിക്കാന്‍ ബിജെപി സര്‍ക്കാരുകള്‍

ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകളാണ് സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ഉത്തരവ് നല്‍കിയത്
എസ്‌സി-എസ്ടി നിയമത്തിലെ കോടതി വിധി : എതിര്‍ത്ത് കേരളം മാത്രം ; മാര്‍ഗനിര്‍ദേശം കര്‍ശനമായി പാലിക്കാന്‍ ബിജെപി സര്‍ക്കാരുകള്‍

ന്യൂഡല്‍ഹി : പട്ടികജാതി-പട്ടിക വര്‍ഗങ്ങള്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തില്‍ സുപ്രീംകോടതി വിധിയെ എതിര്‍ത്ത് ഇടതുസര്‍ക്കാര്‍ ഭരിക്കുന്ന കേരളം മാത്രം. കേരള സര്‍ക്കാര്‍ മാത്രമാണ് സുപ്രീംകോടതിയില്‍ വിധിയെ എതിര്‍ത്ത് ഹര്‍ജി നല്‍കിയിട്ടുള്ളത്. കോടതി വിധി അരക്ഷിതാവസ്ഥ സൃഷ്ടിച്ചെന്നും, ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണെന്നുമാണ് കേരളം ചൂണ്ടിക്കാട്ടിയിട്ടുള്ളത്. കോടതി വിധി പൊലീസ് മേധാവിക്ക് കൈമാറുക മാത്രം ചെയ്ത ഇടതുസര്‍ക്കാര്‍ വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് യാതൊരു നിര്‍ദേശവും നല്‍കിട്ടില്ല. 

എന്നാല്‍ ദലിതര്‍ക്കൊപ്പമെന്ന് ബിജെപി നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴും, കോടതി വിധി കര്‍ശനമായി പാലിക്കാനാണ് ബിജെപി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാരുകള്‍ അതത് പൊലീസ് മേധാവികള്‍ക്ക് ഉത്തരവ് നല്‍കിയത്. ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ സര്‍ക്കാരുകളാണ് സംസ്ഥാന പൊലീസ് മേധാവിക്ക് സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ഉത്തരവ് നല്‍കിയത്. വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കിയപ്പോഴാണ്, ബിജെപി സര്‍ക്കാരുകളുടെ നടപടി. ഹിമാചല്‍പ്രദേശിലെ ബിജെപി സര്‍ക്കാരാകട്ടെ, സുപ്രീംകോടതി ഉത്തരവ് അനൗദ്യോഗികമായി പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയിട്ടുണ്ട്. 

അതേസമയം ഹരിയാന സര്‍ക്കാര്‍ സുപ്രീംകോടതി ഉത്തരവില്‍ നിയമോപദേശത്തിന് വിട്ടിരിക്കുകയാണ്. പഞ്ചാബിലെ സാമൂഹ്യക്ഷേമ വകുപ്പ്, ഉത്തരവ് അടങ്ങുന്ന ഫയല്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്റെ പരിഗണനയിലാണ്. ഇതുവരെ അദ്ദേഹം തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. തെരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരും കോടതി ഉത്തരവ് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അനൗദ്യോഗികമായി കൈമാറിയിട്ടുണ്ട്. പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരും കോടതി ഉത്തരവ് പൊലീസിന് കൈമാറിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. 

എസ് സി -എസ്ടി നിയമത്തില്‍ യാതൊരു മാറ്റവും അനുവദിക്കില്ലെന്നും, നിയമം ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ലെന്നുമാണ് പ്രധാനമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനും പ്രസ്താവിച്ചത്. രാജ്യത്തെ ദളിതര്‍ക്കൊപ്പമാണ് ബിജെപി സര്‍ക്കാരെന്നും മോദി പ്രസ്താവിച്ചിരുന്നു. എസ് സി-എസ്ടി നിയമപ്രകാരമുള്ള കേസുകളില്‍ അറസ്റ്റിന് മുമ്പ് പ്രാഥമിക അന്വേഷണം നടത്തണം, പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ജില്ലാ പൊലീസ് മേധാവിമാരുടെ അനുമതി വാങ്ങണം തുടങ്ങിയ നിര്‍ദേശങ്ങളാണ് സുപ്രീംകോടതി മാര്‍ച്ച് 20 ന് പുറപ്പെടുവിച്ചത്. എന്നാല്‍ സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങള്‍ എസ് സി -എസ്ടി കേസുകളിലെ അന്വേഷണം അട്ടിമറിക്കപ്പെടാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് ദലിത് സംഘടനകളുടെ ആശങ്ക. ഇക്കാര്യത്തില്‍ രാഷ്ട്രീയപാര്‍ട്ടികളുടെ ഏകകണ്ഠമായ അഭിപ്രായം കണക്കിലെടുത്ത് കൂടിയാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയത്. 

എസ് സി -എസ്ടി നിയമത്തെ ദുര്‍ബലപ്പെടുത്തുന്ന ഒരു പ്രവൃത്തിയും ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി തനിക്ക് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാന സര്‍ക്കാരുകളുടെ പ്രവൃത്തി ബിജെപിയുടെ ഇരട്ടത്താപ്പും നിലപാടിലെ പൊള്ളത്തരവുമാണ് കാണിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് പി എല്‍ പൂനിയ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com