കത്തുവ സംഭവത്തില്‍ മധ്യപ്രദേശ് ബിജെപിയില്‍ പൊട്ടിത്തെറി; സംസ്ഥാന അധ്യക്ഷന്‍ രാജിവെച്ചു

കത്തുവ സംഭവത്തില്‍ വിവാദ പരാമര്‍ശം നടത്തിയ ബിജെപി മധ്യപ്രദേശ് സംസ്ഥാന പ്രസിഡന്റ് രാജിവെച്ചു
കത്തുവ സംഭവത്തില്‍ മധ്യപ്രദേശ് ബിജെപിയില്‍ പൊട്ടിത്തെറി; സംസ്ഥാന അധ്യക്ഷന്‍ രാജിവെച്ചു

ഭോപ്പാല്‍: കത്തുവ സംഭവത്തില്‍ വിവാദ പരാമര്‍ശം നടത്തിയ ബിജെപി മധ്യപ്രദേശ് സംസ്ഥാന പ്രസിഡന്റ് രാജിവെച്ചു. സ്വന്തം മണ്ഡലത്തില്‍ ശ്രദ്ധ പതിപ്പിക്കുന്നതിന്റെ ഭാഗമായാണ് നന്ദകുമാര്‍ സിങ് ചൗഹാന്‍ രാജിവെച്ചതെന്നാണ് ഔദ്യോഗിക വിവരം. എന്നാല്‍ കത്തുവ സംഭവത്തിന് പിന്നില്‍ പാകിസ്ഥാന്‍ ഏജന്റുകളാണെന്ന വിവാദ പ്രസ്താവനയ്ക്ക്  പിന്നാലെയാണ് രാജിയെന്നാണ് റിപ്പോര്‍ട്ട്. 

നേരത്തെ നന്ദകുമാര്‍ സിങ് ചൗഹാന്‍ രാജിക്ക് ഒരുങ്ങുന്നതായുളള റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഇത് സ്ഥിരീകരിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ രംഗത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം തന്നെ ഫോണില്‍ വിളിച്ച് നന്ദകുമാര്‍ രാജിക്ക് താല്പര്യം പ്രകടിപ്പിച്ചതായി ശിവ് രാജ് സിങ് ചൗഹാന്‍ മാധ്യമങ്ങളോട് പറഞ്ഞു. കാണ്ട്‌വ ലോക്‌സഭ മണ്ഡലത്തില്‍ പ്രവര്‍ത്തനം കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് രാജിയെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി വിശദീകരിച്ചു. ഇതിന് പിന്നാലെയാണ് നന്ദകുമാര്‍ രാജിവെച്ചതും , രാജി ബിജെപി സംസ്ഥാന ഘടകം സ്വീകരിച്ചതുമായുളള റിപ്പോര്‍ട്ട് പുറത്തുവന്നത്.

ബിജെപിയിലെ നിരവധി നേതാക്കള്‍ നന്ദകുമാറിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതാണ് രാജിയില്‍ കലാശിച്ചതെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സൂചന നല്‍കുന്നു. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ ശക്തമായ നേതൃത്വം വേണമെന്ന ഒരു വിഭാഗം പാര്‍ട്ടി നേതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് രാജിയെന്നാണ് മറ്റൊരു വിവരം. 

2014ല്‍ സംസ്ഥാന പ്രസിഡന്റായ നന്ദകുമാര്‍ 2016ല്‍ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. സ്ഥാനം ഒഴിഞ്ഞ നരേന്ദ്രസിങ് തോമറിന്റെ ഒഴിവിലേക്കാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com