രണ്ടും കല്‍പിച്ച് യെച്ചൂരി;  ബദല്‍ രേഖ അവതരിപ്പിക്കും, സമവായ ശ്രമവുമായി മണിക് സര്‍ക്കാര്‍ 

പാര്‍ട്ടി കോണ്‍ഗ്രസ് ബുധനാഴ്ച ആരംഭിക്കാനിരിക്കേ, കോണ്‍ഗ്രസ് സഹകരണത്തെ ചൊല്ലി സിപിഎമ്മില്‍ ഭിന്നത രൂക്ഷമാകുന്നു.
രണ്ടും കല്‍പിച്ച് യെച്ചൂരി;  ബദല്‍ രേഖ അവതരിപ്പിക്കും, സമവായ ശ്രമവുമായി മണിക് സര്‍ക്കാര്‍ 

ഹൈദരാബാദ്: പാര്‍ട്ടി കോണ്‍ഗ്രസ് ബുധനാഴ്ച ആരംഭിക്കാനിരിക്കേ, കോണ്‍ഗ്രസ് സഹകരണത്തെ ചൊല്ലി സിപിഎമ്മില്‍ ഭിന്നത രൂക്ഷമാകുന്നു. പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി ചേര്‍ന്ന കേന്ദ്രകമ്മിറ്റി യോഗത്തിലാണ് ഭിന്നത വീണ്ടും മറനീക്കി പുറത്തുവന്നത്. കോണ്‍ഗ്രസുമായുളള സഹകരണത്തില്‍ ഉറച്ച് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ബൂധനാഴ്ച പാര്‍ട്ടി കോണ്‍ഗ്രസില്‍ ബദല്‍ രേഖ അവതരിപ്പിക്കും. കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യം വേണ്ടെന്ന് സമര്‍ത്ഥിക്കുന്ന കരടു രാഷ്ട്രീയ പ്രമേയം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് അവതരിപ്പിക്കാനിരിക്കേ, യെച്ചൂരി ബദല്‍ രേഖ അവതരിപ്പിക്കുന്നത് സമ്മേളനം ചൂടേറിയതാകാന്‍ ഇടയാക്കുമെന്നാണ് സൂചന. 

യെച്ചൂരിക്ക് പിന്തുണ അറിയിച്ച് മറ്റു ചില നേതാക്കളും സമ്മേളനത്തില്‍ വിയോജനകുറിപ്പ് നല്‍കുമെന്നാണ് അറിയുന്നത്. അതേസമയം സമവായ ശ്രമവുമായി മുന്‍ ത്രിപുര മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായ മണിക് സര്‍ക്കാര്‍ രംഗത്തെത്തി. കേന്ദ്രകമ്മിറ്റി യോഗത്തിന് പിന്നാലെ മണിക് സര്‍ക്കാര്‍ ഇരുവരെയും പ്രത്യേകമായി കണ്ട് ചര്‍ച്ച നടത്തിയെന്നാണ് റിപ്പോര്‍ട്ട്. 

നേരത്തെ പാര്‍ട്ടിക്കുണ്ടായിരുന്ന ശക്തിയും ബഹുജനാടിത്തറയും തകര്‍ന്നെന്ന് അടിവരയിടുന്ന സിപിഎം സംഘടനാ റിപ്പോര്‍ട്ടിലെ  വിശദാംശങ്ങള്‍ പുറത്തുവന്നിരുന്നു. തെരഞ്ഞെടുപ്പിലെ തോല്‍വി അടിത്തറ നഷ്ടമായതിന് തെളിവാണെന്നും ബുധനാഴ്ച ഹൈദരാബാദില്‍ ആരംഭിക്കുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കുന്ന സംഘടനാ റിപ്പോര്‍ട്ടില്‍ പറയുന്നു. പാര്‍ട്ടി ശക്തിപ്പെടാന്‍ കുറുക്കുവഴികളില്ലെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

സി.പി.ഐ ഇല്ലാതെ ഇടതുഐക്യമില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടില്‍ കേന്ദ്രനേതാക്കളെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുന്നു. കോണ്‍ഗ്രസ് സഖ്യവുമായി ബന്ധപ്പെട്ട് നേതാക്കള്‍ക്കിടയില്‍ കടുത്ത ഭിന്നത പ്രകടമായി. എങ്കിലും കോണ്‍ഗ്രസുമായി സഹകരണമെന്ന സിപിഐ നിലപാടില്‍ റിപ്പോര്‍ട്ട് വിയോജിക്കുന്നു. രാഷ്ട്രീയ ലൈനിലെ ഭിന്നത ഇടത് കൂട്ടായ്മയെ ബാധിച്ചു. കേരളത്തില്‍ ആര്‍.എസ്.പിയും ഫോര്‍വേഡ് ബ്‌ളോക്കും പോയത് ഇടത് ഐക്യത്തെ ബാധിച്ചുവെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ബംഗാള്‍ ഘടകം കേന്ദ്രീകൃത ജനാധിപത്യ വിരുദ്ധമായി പെരുമാറിയെന്നും റിപ്പോര്‍ട്ട്. പാര്‍ട്ടി സെന്ററില്‍ നിന്ന് ചര്‍ച്ചയും വിവരങ്ങളും ചോരുന്നു. ആസൂത്രിതമായ ചോര്‍ച്ച നടക്കുന്നുവെന്നാണ് വിലയിരുത്തല്‍.

സി.പി.എം കേന്ദ്ര നേതാക്കള്‍ അച്ചടക്കം ലംഘിക്കുന്നതായി സംഘടനാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പാര്‍ട്ടി കേന്ദ്ര നേതാക്കള്‍ നിയന്ത്രണമില്ലാത്ത സംസാരം അവസാനിപ്പിക്കണം. നേതാക്കള്‍ കേന്ദ്രീകൃത ജനാധിപത്യ ശൈലി പിന്തുടരാന്‍ തയ്യാറാകണം. ജനറല്‍ സെക്രട്ടറിയിലും അംഗങ്ങളിലും അഭിപ്രായ ഭിന്നത പ്രകടമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com