കാരാട്ട് തിരുത്തിയേ തീരൂ; ബിജെപിയെ തോല്‍പ്പിക്കാനുള്ള സാധ്യത നഷ്ടപ്പെടുത്തരുതെന്ന് യെച്ചൂരിയുടെ ബദല്‍രേഖ

സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയ രേഖ തിരുത്തിയേ തീരുവെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി
കാരാട്ട് തിരുത്തിയേ തീരൂ; ബിജെപിയെ തോല്‍പ്പിക്കാനുള്ള സാധ്യത നഷ്ടപ്പെടുത്തരുതെന്ന് യെച്ചൂരിയുടെ ബദല്‍രേഖ

ഹൈദരബാദ്: സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയ രേഖ തിരുത്തിയേ തീരുവെന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസുമായി ഒരുസഹകരണവും സഖ്യവും വേണ്ടെന്നുള്ള സിപിഎം കേന്ദ്ര കമ്മിറ്റിയുടെ കരട് രാഷ്ട്രീയ പ്രമേയത്തിന് എതിരെ ജനറല്‍ സെക്രട്ടറി  ബദല്‍ പ്രമേയം അവതരിപ്പിച്ചു. ബംഗാള്‍,ത്രിപുര,കേരളം എന്നിവിടങ്ങളില്‍ ബിജെപി ഉയര്‍ത്തുന്ന ഭീഷണി തിരിച്ചറിയണം.

പ്രതിപക്ഷ നിരയെ ശിഥിലമാക്കുന്ന തീരുമാനം പാര്‍ട്ടി സ്വീകരിക്കരുത്. 2004ന് സമാനമായി ബിജെപിയെ തോല്‍പ്പിക്കാനുള്ള സാധ്യത നഷ്ടപ്പെടുത്തരുതെന്നും യെച്ചൂരി പറഞ്ഞു.ഇടതുപക്ഷം സഖ്യത്തിനില്ലെന്ന് പറയുന്നത് പ്രതിപക്ഷത്തെ ദുര്‍ബലമാക്കും. രാജ്യത്തെ സാഹചര്യവും അനുദിനം മാറുന്നത് തിരിച്ചറിയണമെന്നും യെച്ചൂരി പറഞ്ഞു. 25മിനിറ്റാണ് ബദലവതരിപ്പിച്ച് അദ്ദേഹം സംസാരിച്ചത്. ഇതോടെ സിപിഎമ്മില്‍ കോണ്‍ഗ്രസ് സഹകരണത്തെച്ചൊല്ലി പോര് പൊട്ടിത്തെറിയിലെത്തിയിരിക്കുകയാണ്. 

നേരത്തെ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചുകൊണ്ട് പിബി അംഗം പ്രകാശ് കാരാട്ട് കോണ്‍ഗ്രസുമായി ഒരുതരത്തിലുള്ള സഖ്യമോ ധാരണകളോ സാധ്യമല്ലെന്ന് നിലപാട് വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് ഇപ്പോഴും ബൂര്‍ഷ്വാ ഭൂപ്രഭുത്വ പാര്‍ട്ടി തന്നെയാണ് എന്നാണ് കാരാട്ടിന്റെ നിലപാട്. ജനറല്‍ സെക്രട്ടറി അവതരിപ്പിക്കുന്നത് രാഷ്ട്രീയ ബദല്‍ രേഖയല്ലെന്നും കാരാട്ട് പറഞ്ഞിരുന്നു.തെരഞ്ഞെടുപ്പ് അടവ് നയവും രാഷ്ട്രീയ അടവുനയവും കൂട്ടിക്കുഴയ്‌ക്കേണ്ടതില്ല. ബിജെപിയെ നേരിടാന്‍ സ്വീകരിക്കേണ്ടതെരഞ്ഞെടുപ്പ് അടവ് നയം ഇതിനോടകംതന്നെ സ്വീകരിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയിലും അത് സ്വീകരിക്കുമെന്നും കാരാട്ട് പറഞ്ഞു. 

ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ജനാധിപത്യ മതേതര പാര്‍ട്ടികളോട് സഹകരണമാകാമെന്ന യെച്ചൂരിയുടെ നിലപാട് കേന്ദ്രകമ്മിറ്റി വോട്ടിനിട്ട് തള്ളിയതോടെയാണ് വിഷയം പാര്‍ട്ടി കോണ്‍ഗ്രസിലേക്ക് നീങ്ങിയത്. രണ്ടു വിഭാഗങ്ങളും വിട്ടുവീഴ്ചയില്ലാതെ തങ്ങളുടെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com