മാർക്കിന് 'വഴങ്ങിക്കൊടുക്കൽ' : ​രാജ്ഭവനും വിവാദക്കുരുക്കിൽ ; അധ്യാപികയെ കണ്ടിട്ടുപോലുമില്ലെന്ന് ​ഗവർണർ

താന്‍ ആ അധ്യാപികയെ കണ്ടിട്ടുപോലുമില്ല. തന്റെ ജീവിതം സുതാര്യമാണെന്ന് ​ഗവർണർ
മാർക്കിന് 'വഴങ്ങിക്കൊടുക്കൽ' : ​രാജ്ഭവനും വിവാദക്കുരുക്കിൽ ; അധ്യാപികയെ കണ്ടിട്ടുപോലുമില്ലെന്ന് ​ഗവർണർ

ചെന്നൈ : ഇഷ്ടം പോലെ മാർക്ക് ലഭിക്കാനും സാമ്പത്തിക നേട്ടത്തിനും സർവകലാശാലയിലെ ഉന്നതർക്ക് വഴങ്ങിക്കൊടുക്കാൻ വിദ്യാർത്ഥിനികളെ ഉപദേശിച്ച അധ്യാപികയുടെ ഫോൺസംഭാഷണത്തിൽ ​ഗവർണറെ കുറിച്ചും പരാമർശം. ഇതോടെ രാജ്ഭവനും വിവാദത്തിലകപ്പെട്ടു. ഗവര്‍ണറുമായി തനിക്ക് അടുത്ത ബന്ധമുണ്ടെന്നാണ് നിര്‍മലാദേവി ടെലിഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞിരുന്നത്. 

സർവകലാശാലയിലെ ഒരു പരിപാടിയിൽ ​ഗവർണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് അധ്യാപിക നിർമലദേവി പറയുന്നു. ​തനിക്ക് ഉന്നതബന്ധമുണ്ടെന്ന് വെളിപ്പെടുത്തുന്നതിനിടെയാണ് ​ഗവർണറുടെ പേര് സംഭാഷണത്തിൽ വലിച്ചിഴക്കുന്നത്. അതേസമയം വിഷയത്തിൽ ​ഗവർണർ വാർത്താസമ്മേളനം വിളിച്ച് വിശദീകരണം നൽകി. താന്‍ ആ അധ്യാപികയെ കണ്ടിട്ടുപോലുമില്ല. തന്റെ ജീവിതം സുതാര്യമാണ്. വിഷയം അന്വേഷിക്കാൻ റിട്ടയേഡ് ഐഎഎസ് ഓഫീസർ സന്താനത്തെ അന്വേഷണ കമ്മീഷനായി നിയോ​ഗിച്ചിട്ടുണ്ട്. കമ്മീഷൻ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകും. ഈ അന്വേഷണത്തിന് ശേഷം ആവശ്യമെങ്കില്‍ സി.ബി.ഐ അന്വേഷണത്തിനു ശുപാര്‍ശ ചെയ്യുമെന്നും ​ഗവർണർ അറിയിച്ചു.

സ്ത്രീകള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ അന്വേഷിക്കുന്ന സമിതിയില്‍ വനിതാ പ്രാതിനിധ്യമുണ്ടാകണമെന്ന പരമോന്നതകോടതികളുടെ ഉത്തരവുകള്‍ ലംഘിച്ചതായി ചൂണ്ടിക്കാട്ടിയപ്പോള്‍ ഗവര്‍ണര്‍ മറുപടി പറഞ്ഞില്ല. അതേസമയം  ഗവര്‍ണര്‍ സ്വന്തം ഇഷ്ടപ്രകാരം രൂപവത്കരിച്ച സമിതിയുടെ റിപ്പോര്‍ട്ട് എങ്ങനെ വിശ്വസനീയമാകുമെന്ന് പ്രക്ഷോഭ രം​ഗത്തുള്ള സംഘടനകള്‍ ചോദിച്ചു. അതിനിടെ സര്‍വകലാശാല അധികൃതര്‍ക്കു 'വഴങ്ങിക്കൊടുക്കാന്‍' പെണ്‍കുട്ടികളെ അധ്യാപിക പ്രേരിപ്പിച്ചെന്ന ആരോപണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ച് സി.ഐ.ഡി.ക്കു കൈമാറി. ചൊവ്വാഴ്ച തമിഴ്‌നാട് ഡി.ജി.പി. ടി.കെ. രാജേന്ദ്രനാണ് അറുപ്പുകോട്ടൈ പോലീസില്‍നിന്ന് അന്വേഷണം സി.ബി.സി.ഐ.ഡി.ക്കു കൈമാറിയത്.

വിരുദുനഗര്‍ ജില്ലയിലെ അറുപ്പുകോട്ടൈ ദേവാംഗ ആര്‍ട്‌സ് കോളേജിലെ ഗണിത വകുപ്പ് അസിസ്റ്റന്റ് പ്രൊഫസര്‍ നിര്‍മലാ ദേവി നാലു വിദ്യാര്‍ഥിനികളെ ഫോണിലൂടെ സര്‍വകലാശാലാ ഉന്നതാധികൃതര്‍ക്ക് വഴങ്ങാന്‍ പ്രേരിപ്പിച്ചെന്നാണ് ആരോപണം.കോളേജ് സെക്രട്ടറി ആര്‍. രാമസ്വാമിയുടെ പരാതിയെത്തുടര്‍ന്ന് നിര്‍മലാദേവിയെ തിങ്കളാഴ്ച അറസ്റ്റു ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com