സിപിഎം പാർട്ടി കോൺഗ്രസിൽ ഇന്ന് നിർണായകം ; രാഷ്ട്രീയപ്രമേയത്തിൽ വോട്ടെടുപ്പിന് സാധ്യത

കരടു രാഷ്ട്രീയ പ്രമേയത്തിൻമേലുള്ള ചർച്ച ഉച്ചയോടെ പുർത്തിയാവും.
സിപിഎം പാർട്ടി കോൺഗ്രസിൽ ഇന്ന് നിർണായകം ; രാഷ്ട്രീയപ്രമേയത്തിൽ വോട്ടെടുപ്പിന് സാധ്യത

ഹൈദരാബാദ്: സിപിഎം ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസിൽ ഇന്ന് നിർണായകം. രാഷ്ട്രീയ പ്രമേയത്തിൽ കോൺ​ഗ്രസിൽ ഇന്ന് തീരുമാനമുണ്ടാകും. വിശാല രാഷ്ട്രീയചേരിയിൽ കോൺഗ്രസിനെ സഹകരിപ്പിക്കുന്നതിനെച്ചൊല്ലിയുള്ള പ്രമേയ ചർച്ചയിൽ ഇരുവിഭാ​ഗങ്ങളും ചേരി തിരിഞ്ഞ് ചൂടേറിയ ചർച്ചയാണ് നടന്നത്. പ്രമേയത്തിന്മേൽ രഹസ്യ വോട്ടെടുപ്പ് വേണമെന്ന് മഹാരാഷ്ട്രയിൽ നിന്നുള്ള പ്രതിനിധി ആവശ്യപ്പെട്ടു.  

ബിജെപിയെ താഴെയിറക്കാൻ പ്രതിപക്ഷ ഐക്യത്തിനുവേണ്ടി ശക്തമായി വാദിച്ച മഹാരാഷ്ട്രാ പ്രതിനിധി ഉദയ് നർവേൽക്കറാണ്‌ രഹസ്യവോട്ടെടുപ്പു വേണമെന്ന്‌ ആവശ്യപ്പെട്ടത്‌. രഹസ്യബാലറ്റിലൂടെയുള്ള വോട്ടെടുപ്പ് വേണമെന്ന ആവശ്യം ബംഗാൾ പക്ഷവും മുന്നോട്ടു വെക്കുമെന്നാണ് സൂചന. പൊതുചർച്ചയിൽ സംസാരിച്ച കേരളമുൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കോൺഗ്രസുമായുള്ള ബന്ധത്തെ എതിർത്തു. മൂന്ന് സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കോൺഗ്രസുമായി സഹകരിക്കണമെന്ന യെച്ചൂരിയുടെ നിലപാടിനൊപ്പം നിന്നു. പ്രതിനിധികൾക്കിടയിലെ മേൽക്കൈ പ്രകാശ് കാരാട്ടിന് തന്നെയാണ്.

കരടു രാഷ്ട്രീയ പ്രമേയത്തിൻമേലുള്ള ചർച്ച ഉച്ചയോടെ പുർത്തിയാവും. പിന്നീട് മറുപടി തയ്യാറാക്കാൻ സ്റ്റിയറിംഗ് കമ്മിറ്റിയായി പ്രവർത്തിക്കുന്ന പോളിറ്റ് ബ്യൂറോ ചേരും. പ്രകാശ് കാരാട്ടിന്റെ മറുപടിക്കു ശേഷം സീതാറാം യെച്ചൂരിയും മറുപടി പറയാനുള്ള അവസരം വേണമെന്ന് സ്ററിയറിംഗ് കമ്മിറ്റിയിൽ ആവശ്യപ്പെടും. കരടിൽ ഒരു മാറ്റവുമില്ല എന്നതാണ് സ്റ്റിയറിംഗ് കമ്മിറ്റി തീരുമാനമെങ്കിൽ വോട്ടെടുപ്പിലേക്ക് കാര്യങ്ങൾ നീങ്ങും. 

വോട്ടെടുപ്പ് എങ്ങനെ വേണം എന്നതിലും പാർട്ടിയിൽ തർക്കമുണ്ട്.  രഹസ്യബാലറ്റിലൂടെ വോട്ടെടുപ്പ് നടത്തണം എന്നാണ് അഞ്ച് സംസ്ഥാന ഘടകങ്ങളുടെ നിലപാട്. പാർട്ടി ഭരണഘടനയിലെ പതിനാലാം വകുപ്പ് പ്രകാരം കേന്ദ്ര കമ്മിറ്റിയംഗങ്ങളെ തെരഞ്ഞെടുക്കുന്നതിൽ തർക്കം വന്നാൽ രഹസ്യബാലറ്റിലൂടെ വോട്ടെടുപ്പ് നടത്തണം എന്ന് ചട്ടമുണ്ടെന്ന് രഹസ്യബാലറ്റിനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ കേന്ദ്രകമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള ചട്ടം മാത്രമാണിതെന്നാണ് കാരാട്ട് പക്ഷത്തിന്റെ നിലപാട്. 

 കൈ ഉയർത്തിയാണ് വോട്ടെടുപ്പെങ്കിൽ ഓരോ വശത്തും ഇരിക്കുന്നവരെ ബ്ളോക്കുകളായി തിരിച്ച് നിലപാട് പ്രകടിപ്പിക്കാൻ ആവശ്യപ്പെടും. വോട്ടെടുപ്പ് നടക്കുകയും ഫലം എതിരാവുകയും ചെയ്താൽ സീതാറാം യെച്ചൂരി ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരാൻ താല്പര്യമില്ലെന്ന് വ്യക്തമാക്കിയേക്കുമെന്നാണ് സൂചന. സംഘടനാ റിപ്പോർട്ട് ഇന്ന് രാത്രി എട്ടു മണിക്ക് അവതരിപ്പിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. എന്നാൽ രാഷ്ട്രീയപ്രമേയത്തിന്മേൽ കാര്യങ്ങൾ വോട്ടെടുപ്പിലേക്ക് നീണ്ടാൽ, സംഘടനാ റിപ്പോർട്ട് അവതരണം നാളത്തേക്ക് മാറ്റും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com