ബൃന്ദ കാരാട്ടിന്റെ പ്രസ്താവന തളളി സിപിഎം ബംഗാള്‍ ഘടകം; കോണ്‍ഗ്രസുമായി ഒരു നീക്കുപോക്കും പാടില്ലെന്ന് തീരുമാനിച്ചിട്ടില്ല

കോണ്‍ഗ്രസ് സഹകരണവുമായി ബന്ധപ്പെട്ട സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ പ്രസ്താവന തളളി ബംഗാള്‍ ഘടകം
ബൃന്ദ കാരാട്ടിന്റെ പ്രസ്താവന തളളി സിപിഎം ബംഗാള്‍ ഘടകം; കോണ്‍ഗ്രസുമായി ഒരു നീക്കുപോക്കും പാടില്ലെന്ന് തീരുമാനിച്ചിട്ടില്ല

ഹൈദരാബാദ്: കോണ്‍ഗ്രസ് സഹകരണവുമായി ബന്ധപ്പെട്ട സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ പ്രസ്താവന തളളി ബംഗാള്‍ ഘടകം.യെച്ചൂരി ലൈന്‍ പാര്‍ട്ടി സ്വീകരിച്ചിട്ടില്ലെന്ന ബൃന്ദയുടെ പരാമര്‍ശം പിബിയില്‍ പരസ്യ ഏറ്റുമുട്ടലിന് കാരണമായി. കോണ്‍ഗ്രസുമായി ഒരു നീക്കുപോക്കും പാടില്ലെന്ന് പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചിട്ടില്ലെന്ന് പിബി അംഗം മുഹമ്മദ് സലീം പറഞ്ഞു. പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനിച്ചത് പാര്‍ട്ടി ലൈന്‍ മാത്രമാണ്. തെരഞ്ഞെടുപ്പുകളില്‍ കൈക്കൊളേളണ്ട നിലപാട് അപ്പോള്‍ സ്വീകരിക്കുമെന്നും മുഹമ്മദ് സലീം തുറന്നടിച്ചു. 

നേരത്തെ കോണ്‍ഗ്രസുമായി സഖ്യം പാടില്ല എന്ന പ്രകാശ് കാരാട്ട് ലൈനില്‍ ഉറച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് പ്രതികരിച്ചിരുന്നു.ബംഗാള്‍ തെരഞ്ഞെടുപ്പില്‍ ഉണ്ടാക്കിയ പോലുളള സഖ്യം പാടില്ലെന്ന് ബൃന്ദ കാരാട്ട് ഓര്‍മ്മിപ്പിച്ചു. കഴിഞ്ഞ ദിവസം കോണ്‍ഗ്രസുമായി ധാരണയാകാമെന്ന തരത്തില്‍ രാഷ്ട്രീയ പ്രമേയം ഭേദഗതി ചെയ്തിരുന്നു. ഇത് മാറുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസുമായി യോജിപ്പില്‍ എത്താനുളള സാധ്യതയിലേക്കാണ് വെളിച്ചം വീശുന്നത്. യെച്ചൂരി വിഭാഗത്തിന് ആശ്വാസം നല്‍കുന്ന ഈ തീരൂമാനം സ്വീകരിച്ച് ഒരു ദിവസം പിന്നിടുമ്പോഴാണ് കാരാട്ട് പക്ഷത്തിന്റെ നിലപാട് ആവര്‍ത്തിച്ച് ബൃന്ദ കാരാട്ട് രംഗത്തുവന്നത്.

അതേസമയം ജനറല്‍ സെക്രട്ടറി യെച്ചൂരി അവതരിപ്പിച്ച ന്യൂനപക്ഷ രേഖ സമ്മേളനം അംഗീകരിച്ചില്ലെന്ന വിവാദ പ്രസ്താവന ബൃന്ദ കാരാട്ട് തിരുത്തി. ന്യൂനപക്ഷ രേഖ അംഗീകരിക്കുകയോ തളളുകയോ ചെയ്തിട്ടില്ലെന്ന തരത്തിലാണ് വിവാദ പ്രസ്താവന ബൃന്ദ കാരാട്ട് തിരുത്തിയത്. രണ്ടു നിലപാടുകളും തിരസ്‌കരിച്ചെന്ന് പറയാനാകില്ല. പ്രമേയത്തിലെ ഭിന്നത ഉണ്ടായിരുന്ന ഭാഗങ്ങള്‍ പരിഷ്‌കരിക്കുകയായിരുന്നു. അ്ത് കൂട്ടായി, പരസ്പര വിശ്വാസത്തോടെ സ്വീകരിച്ച തീരുമാനമാണെന്നും ബൃന്ദ കാരാട്ട് മാധ്യമങ്ങളോട് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com