'മടുത്തു ഈ രീതി ; നമുക്കും വേണ്ടേ പ്രസിഡന്റും വൈസ് പ്രസിഡന്റുമാരും ?' വ്യത്യസ്തമായൊരു നിര്‍ദേശവുമായി സിപിഎം നേതാവ്

തെലങ്കാന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ജി. രാമുലുവാണ് നിര്‍ദേശം മുന്നോട്ടുവെച്ചത്
'മടുത്തു ഈ രീതി ; നമുക്കും വേണ്ടേ പ്രസിഡന്റും വൈസ് പ്രസിഡന്റുമാരും ?' വ്യത്യസ്തമായൊരു നിര്‍ദേശവുമായി സിപിഎം നേതാവ്


ഹൈദരാബാദ് : കോണ്‍ഗ്രസ് സഖ്യത്തെ ചൊല്ലി പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച മുറുകുന്നതിനിടെ വളരെ വ്യത്യസ്തമായൊരു ഭേദഗതി നിര്‍ദേശവും സമ്മേളനത്തിന്റെ മുന്നിലേക്ക് വന്നു. ഒരു ജനറല്‍ സെക്രട്ടറിയും, പിന്നെ സംസ്ഥാന, ജില്ലാ സെക്രട്ടറിമാര്‍ അടങ്ങുന്ന സംഘടനാ രീതി മാറ്റണമെന്നായിരുന്നു ഭേദഗതി നിര്‍ദേശത്തിന്റെ കാതല്‍. തെലങ്കാന സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ജി. രാമുലുവാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്. 

'നമ്മുടെ സംഘടനാ സംവിധാനം മാറണം. സാധാരണക്കാരെയും മാധ്യമങ്ങളെയും ആകര്‍ഷിക്കുന്ന തരത്തിലേക്ക് മാറ്റം വേണം. നമ്മുടേത് 'അംഗങ്ങളുടെ പാര്‍ട്ടി'യാണ്. പൊളിറ്റ്ബ്യൂറോ അംഗം, കേന്ദ്രകമ്മിറ്റി അംഗം, സംസ്ഥാനകമ്മിറ്റി അംഗം, ജില്ലാകമ്മിറ്റി അംഗം, ഇതൊന്നും ആരെയും സ്വാധീനിക്കില്ല. പാര്‍ട്ടിക്കു ഗുണം ചെയ്യില്ല.' എന്നായിരുന്നു രാമുലുവിന്റെ വാദം. 

ഇതിന് പകരം, ദേശീയതലത്തില്‍ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ഒന്‍പത് വൈസ് പ്രസിഡന്റുമാര്‍, ഒന്‍പത് സെക്രട്ടറിമാര്‍, ട്രഷറര്‍, അഞ്ചു വക്താക്കള്‍ എന്നിങ്ങനെ സംഘടനാ സംവിധാനം പരിഷ്‌കരിക്കണമെന്നായിരുന്നു രാമുലു മുന്നോട്ടുവെച്ചത്. സംസ്ഥാനങ്ങളില്‍ മൂന്ന് വൈസ് പ്രസിഡന്റുമാരും മൂന്ന് ജോയിന്റ് സെക്രട്ടറിമാരും മൂന്ന് വക്താക്കളും വേണം. ജില്ലകളിലും ഭാരവാഹികളെ കൂടാതെ ഓരോ വക്താക്കളെ നിയമിക്കണമെന്നും അദ്ദേഹം നിര്‍ദേശം മുന്നോട്ടുവെച്ചു. മുഴുവന്‍ ഭാരവാഹികളെയും സമ്മേളനങ്ങള്‍ തന്നെ തിരഞ്ഞെടുക്കണമെന്നും രാമുലു ആവശ്യപ്പെട്ടു.

എന്നാല്‍ രാമുലുവിന്റെ നിര്‍ദേശം കേന്ദ്രകമ്മിറ്റി കയ്യോടെ തള്ളി. കാലത്തിന്റെ പരീക്ഷകളെ അതിജീവിച്ച സംഘടനാശ്രേണിയില്‍ ഒരു മാറ്റവും വേണ്ടെന്നായിരുന്നു കേന്ദ്രക്കമ്മിറ്റിയുടെ തീരുമാനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com