വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലുടെ നേതൃത്വത്തിലേക്ക് ഉയര്‍ന്ന യെച്ചൂരിക്ക് മുന്നിലെ വെല്ലുവിളികള്‍ ഇങ്ങനെ...

മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറെ വെല്ലുവിളികളാണ് കാക്കിനഡക്കാരനായ യെച്ചൂരിക്ക് മുന്‍പിലുളളത്.
വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലുടെ നേതൃത്വത്തിലേക്ക് ഉയര്‍ന്ന യെച്ചൂരിക്ക് മുന്നിലെ വെല്ലുവിളികള്‍ ഇങ്ങനെ...

ഹൈദരാബാദ്: രണ്ടാം തവണയാണ് സിപിഎം ജനറല്‍ സെക്രട്ടറിയായി  സീതാറാം യെച്ചൂരി തെരഞ്ഞെടുക്കപ്പെടുന്നത്. മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറെ വെല്ലുവിളികളാണ് കാക്കിനഡക്കാരനായ യെച്ചൂരിക്ക് മുന്‍പിലുളളത്. ബിജെപിയെ അധികാരത്തില്‍ നിന്നും താഴെയിറക്കുകയാണ് മുഖ്യലക്ഷ്യമെന്ന് പ്രഖ്യാപിച്ച പാര്‍ട്ടി കോണ്‍ഗ്രസിന്റെ നയങ്ങള്‍ നടപ്പിലാക്കുകയാണ് ഇതില്‍ പ്രധാനം. നിര്‍ണായ സമയങ്ങളില്‍ സമയോചിതമായ അടവുനയം സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാകുമ്പോള്‍ യെച്ചൂരിയുടെ നിലപാടുകളായിരിക്കും എല്ലാവരും ഉറ്റുനോക്കുക. ഇതില്‍ പാളിച്ച സംഭവിക്കാതെ മുന്നോട്ടുപോകുക എന്നതാണ് യെച്ചൂരിക്ക് മുന്‍പിലെ വലിയ വെല്ലുവിളി. 

നിലവില്‍ കേരളത്തില്‍ മാത്രം പാര്‍ട്ടി അധികാരത്തിലുളള സാഹചര്യത്തില്‍ ദേശീയതലത്തില്‍ ബിജെപിക്കെതിരെ പ്രതിപക്ഷ ഐക്യനിരയെ കെട്ടിപ്പടുത്തുന്നതിന് നെടുനായകത്വം വഹിക്കുന്നതിന് ഒപ്പം പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുളള ശ്രമങ്ങളും അണികള്‍ യെച്ചൂരിയില്‍ നിന്നും പ്രതീക്ഷിക്കുന്നു. കോണ്‍ഗ്രസുമായി ധാരണയാകാമെന്ന പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തിലേക്ക് നയിച്ചത് യെച്ചൂരിയുടെ ഉറച്ച നിലപാടുകളാണ്. എന്നാല്‍ ഇത് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് കോട്ടം വരാതെ നോക്കേണ്ടതിന്റെ ഭാരിച്ച ഉത്തരവാദിത്തം പ്രായോഗിക വാദിയായി അറിയപ്പെടുന്ന
യെച്ചൂരിയുടെ ചുമലിലാണ്.മഹാരാഷ്ട്രയിലെ കര്‍ഷക സമരത്തിന്റെ ഊര്‍ജ്ജം ഉള്‍കൊണ്ട് ദേശീയ തലത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് രൂപം നല്‍കാന്‍ യെച്ചൂരി തയ്യാറാകണമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നു. ഇതിന് മൂര്‍ത്ത രൂപം നല്‍കുക എന്ന ഉത്തരവാദിത്തവും യെച്ചൂരിക്ക് മുന്നിലുണ്ട്. 

പി സുന്ദരയ്യയ്ക്കുശേഷം ആന്ധ്രയില്‍ നിന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാകുന്ന രണ്ടാമത്തെ നേതാവാണ് അറുപത്തി രണ്ടുകാരനായ യെച്ചൂരി. സര്‍വേശ്വര സോമയാജി യെച്ചൂരി കല്‍പ്പകം യെച്ചൂരി ദമ്പതികളുടെ മകനായി 1952 ആഗസ്ത് 12ന് ജനിച്ച സീതാറാം പഠനത്തിലും രാഷ്ട്രീയപ്രവര്‍ത്തനത്തിലും ഒരുപോലെ മികവ് തെളിയിച്ചു. 

ചെന്നൈയിലെ പ്രസിഡന്റ്‌സ് എസ്‌റ്റേറ്റ് സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറിക്ക് പഠിക്കുമ്പോള്‍ സിബിഎസ്‌സി പരീക്ഷയില്‍ രാജ്യത്ത് ഒന്നാംറാങ്ക് നേടിയിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലെ പ്രശസ്തമായ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ബിഎ ഓണേഴ്‌സ് പഠനം. ജെഎന്‍യുവില്‍ എംഎ പൂര്‍ത്തിയാക്കി.

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥിയായിരിക്കെ 1974ല്‍ എസ്എഫ്‌ഐ അംഗമായി. അടിയന്തിരാവസ്ഥാ കാലഘട്ടങ്ങളില്‍ കുറെക്കാലം ഒളിവില്‍പ്രവര്‍ത്തിക്കുകയും 1975ല്‍അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തു. അടിയന്തിരാവസ്ഥയ്ക്ക് ശേഷം ദില്ലി ജവഹര്‍ലാല്‍നെഹ്‌റു സര്‍വ്വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 

1978ല്‍എസ്എഫ്‌ഐയുടെ അഖിലേന്ത്യാ ജോയിന്റ സെക്രട്ടറിയും പിന്നീട് പ്രസിഡന്റുമായി. സാമ്പത്തിക ശാസ്ത്രത്തില്‍ ഗവേഷണം തുടങ്ങിയെങ്കിലും അടിയന്തരാവസ്ഥക്കാലത്ത് ജയിലിലായതോടെ മുടങ്ങി. യെച്ചൂരിയിലും പ്രകാശ് കാരാട്ടിലും ഭാവിയില്‍ സിപിഐ എമ്മിനെ നയിക്കാന്‍ പ്രാപ്തിയുള്ള നേതാക്കള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് കണ്ടെത്തിയത് ഇ എം എസും സുന്ദരയ്യയുമാണ്.

1975ലാണ് സിപിഐ എം അംഗമായത്. 1985ല്‍ 12ാം പാര്‍ടി കോണ്‍ഗ്രസില്‍ കേന്ദ്രകമ്മിറ്റി അംഗമായി. 1992ല്‍പൊളിറ്റ്ബ്യൂറോയില്‍. 2005 ല്‍ ബംഗാളില്‍ നിന്ന് രാജ്യസഭാംഗമായ യെച്ചൂരി, മോഡി സര്‍ക്കാരിനെതിരെയുള്ള പ്രതിപക്ഷത്തിന്റെ ഏകോപിപ്പിച്ചുള്ള പ്രവര്‍ത്തനത്തിന്റെ മുന്നണിയില്‍നിന്നു. മികച്ച പാര്‍ലമെന്റേറിയനായും തിളങ്ങി .  മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സീമ ചിഷ്തിയാണ് ഭാര്യ. മൂന്നു മക്കളുണ്ട്. 

ലെഫ്റ്റ ഹാന്‍ഡ് ഡ്രൈവ് വാട്ട് ഈസ് ഹിന്ദു രാഷ്ട്ര, സോഷ്യലിസം ഇന്‍ ട്വന്റിഫസ്റ്റ് സെഞ്ചുറി, കമ്യൂണലിസം വേഴ്‌സസ് സെക്യുലറിസം, ഘൃണ കി രാജ്‌നീതി (ഹിന്ദി) തുടങ്ങിയ  പുസ്തകങ്ങളുടെ രചയിതാവാണ്. ഇംഗ്ലീഷ്, ഹിന്ദി, തെലുങ്ക്, തമിഴ്, ബംഗാളി ഭാഷകളില്‍ പാണ്ഡിത്യമുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com