ബംഗാളില്‍ തൃണമൂല്‍ അഴിഞ്ഞാട്ടം തുടരുന്നു; നിരവധി സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്

ബംഗാളില്‍ തൃണമൂല്‍ അഴിഞ്ഞാട്ടം തുടരുന്നു; നിരവധി സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്ക്

പശ്ചിമബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള തൃണമൂല്‍ കോണ്‍ഗ്രസ് ആക്രമണം വീണ്ടും.

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുളള തൃണമൂല്‍ കോണ്‍ഗ്രസ് ആക്രമണം വീണ്ടും. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അനുവദിക്കാതെ തൃണമൂല്‍ കോണ്‍ഗ്രസ് ഗുണ്ടകള്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ക്ക് നേരെ വീണ്ടും അക്രമം അഴിച്ചുവിട്ടുവെന്ന് സിപിഎം ആരോപിച്ചു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. 

 ആഴ്ചകള്‍ക്ക് മുന്‍പ് സമാനമായ അക്രമം പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അഴിച്ചുവിട്ടിരുന്നു. നാമനിര്‍ദേശ പത്രിക സമര്‍പ്പണവുമായി ബന്ധപ്പെട്ടായിരുന്നു ആക്രമണങ്ങള്‍ ഏറേയും. നാമനിര്‍ദേശ പത്രിക പോലും സമര്‍പ്പിക്കാന്‍ അനുവദിക്കാത്ത തൃണമൂല്‍ കോണ്‍ഗ്രസിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. തുടര്‍ന്ന വിഷയത്തില്‍ ഇടപെട്ട കൊല്‍ക്കത്ത ഹൈക്കോടതി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഒരു ദിവസം കൂടി സമയം അനുവദിക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനോട് ഉത്തരവിട്ടിരുന്നു. ഇതിന്റെ ചുവടുപിടിച്ച് ഇന്ന് പത്രിക സമര്‍പ്പിക്കാന്‍ എത്തിയ തങ്ങളുടെ പ്രവര്‍ത്തകരെ തൃണമൂല്‍ ഗുണ്ടകള്‍ ആക്രമിച്ചതായി സിപിഎം ആരോപിച്ചു.തൃണമൂലിന്റെ ആക്രമണത്തില്‍ പരിക്കേറ്റ നിരവധി പ്രവര്‍ത്തകരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.വിവിധ പാര്‍ട്ടി ഓഫീസുകളും ഇവര്‍ തകര്‍ത്തതായി സിപിഎം ആരോപിച്ചു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ബങ്കുരയിലെ ബിഡിഒ ഉള്‍പ്പെടെ വിവിധ ഓഫീസുകളില്‍ എത്തിയ സിപിഎം സ്ഥാനാര്‍ത്ഥികളെ സായുധരായ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. ഓഫീസുകളുടെ മുന്നില്‍ സംഘമായി നിന്നായിരുന്നു ഇവരുടെ അഴിഞ്ഞാട്ടമെന്ന് സിപിഎം ആരോപിച്ചു. കൂടാതെ ഗ്രാമങ്ങളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ബൈക്കിലും മറ്റും റോന്തുചുറ്റിയ പ്രവര്‍ത്തകര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചുവെന്നും സിപിഎം ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com