കാസ്റ്റിങ് കൗച്ച് എല്ലായിടത്തും; പാര്‍ലമെന്റും മുക്തമല്ലെന്ന് രേണുകാ ചൗധരി

കാസ്റ്റിങ് കൗച്ച് എല്ലായിടത്തും; പാര്‍ലമെന്റും മുക്തമല്ലെന്ന് രേണുകാ ചൗധരി
കാസ്റ്റിങ് കൗച്ച് എല്ലായിടത്തും; പാര്‍ലമെന്റും മുക്തമല്ലെന്ന് രേണുകാ ചൗധരി

ന്യൂഡല്‍ഹി: അവസരങ്ങള്‍ കിട്ടാന്‍ സ്ത്രീകള്‍ മറ്റുള്ളവരുമായി കിടക്ക പങ്കിടേണ്ട അവസ്ഥ (കാസ്റ്റിങ് കൗച്ച്) എല്ലാ രംഗത്തുമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രേണുകാ ചൗധരി എംപി. പാര്‍ലമെന്റ് ഉള്‍പ്പെടെ ഒരു സ്ഥലവും അതില്‍നിന്നു മുക്തമല്ലെന്ന് രേണുകാ ചൗധരി പറഞ്ഞു. സിനിമാ മേഖലയിലെ കാസ്റ്റിങ് കൗച്ചിനെ പിന്തുണച്ച് പ്രമുഖ കോറിയോഗ്രാഫര്‍ സരോജ് ഖാന്‍ രംഗത്തുവന്നതിനെക്കുറിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പ്രതികരിക്കുകയായിരുന്നു രേണുകാ ചൗധരി.

പാര്‍ലമെന്റ് അതില്‍നിന്നു മുക്തമാണെന്ന്, അല്ലെങ്കില്‍ മറ്റേതെങ്കിലും തൊഴിലിടം അതില്‍നിന്നു മുക്തമാണെന്ന് ധരിക്കരുത്- രേണുകാ ചൗധരി പറഞ്ഞു. അതു സിനിമാ വ്യവസായത്തില്‍ മാത്രമല്ല, എല്ലായിടത്തുമുണ്ട്. അതൊരു കയ്‌പേറിയ വസ്തുതയാണ്. അതിനെതിരെ ഇന്ത്യ ഉണരുകയും മീ ടൂ എന്നു പറയുകയും ചെയ്യേണ്ട സമയമാണെന്ന് രേണുകാ ചൗധരി അഭിപ്രായപ്പെട്ടു.

പെണ്‍കുട്ടിയുടെ അനുവാദത്തോടെയാണ് അവളെ ലൈംഗികമായി ഉപയോഗിക്കുന്നത് എന്നും അതുകൊണ്ട് സ്ത്രീകള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടെന്ന് പറയാന്‍ പറ്റില്ല എന്നുമാണ് സരോജ് ഖാന്‍ പറഞ്ഞത്. കാസ്റ്റിങ് കൗച്ചിലൂടെ അവര്‍ക്ക് വരുമാനമാര്‍ഗം ലഭിക്കുന്നുമെന്നും സരോജ് ഖാന്‍ പറഞ്ഞു. പ്രതികരണം വിവാദമായതോടെ ക്ഷമ പറഞ്ഞ് തടിയൂരുകയായിരുന്നു സരോജ് ഖാന്‍. 

സിനിമ മേഖലയില്‍ കാസ്റ്റിംഗ് കൗച്ച് നടക്കുന്നുണ്ടെന്ന് ബോളിവുഡ് താരങ്ങള്‍ അടക്കം നിരവധി നടിമാരാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ശ്രീ റെഡ്ഡിയുടെ ആരോപണങ്ങളും പ്രതിഷേധവും തെലുങ്ക് സിനിമ ലോകത്തിലും കാസ്റ്റിംഗ് കൗച്ചിനെ പ്രധാന ചര്‍ച്ചാ വിഷയമാക്കിയിരിക്കുകയാണ്. അതിനിടയിലാണ് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങളെ ന്യായീകരിച്ച് സരോജ് ഖാന്‍ രംഗത്തെത്തിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com