ലോക മാധ്യമസ്വാതന്ത്ര്യ പട്ടികയില്‍ ഇന്ത്യ വീണ്ടും പിന്നില്‍; കാരണം മോദിയുടെ 'ട്രോള്‍ ആര്‍മി' 

മാധ്യമസ്വാതന്ത്ര്യം നിലനില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും ഇടിഞ്ഞു
ലോക മാധ്യമസ്വാതന്ത്ര്യ പട്ടികയില്‍ ഇന്ത്യ വീണ്ടും പിന്നില്‍; കാരണം മോദിയുടെ 'ട്രോള്‍ ആര്‍മി' 

ന്യൂഡല്‍ഹി: മാധ്യമസ്വാതന്ത്ര്യം നിലനില്‍ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ സ്ഥാനം വീണ്ടും ഇടിഞ്ഞു. റിപ്പോര്‍ട്ടേഴ്‌സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് തയ്യാറാക്കിയ 180 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഈവര്‍ഷം 138ാം സ്ഥാനത്താണ്. 2017ല്‍ 136ാം സ്ഥാനത്തായിരുന്നു ഇന്ത്യ. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെത് ഉള്‍പ്പെടെയുള്ള കൊലപാതകങ്ങളും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ സാമൂഹ്യമാധ്യമങ്ങളിലും പുറത്തും നടക്കുന്ന ആക്രമണങ്ങളുമാണ് ഇന്ത്യയുടെ സ്ഥാനം വീണ്ടും പിന്നോട്ടുപോകാന്‍ കാരണം. 

സാമൂഹ്യമാധ്യമങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 'ട്രോള്‍ ആര്‍മി' മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരേ ആക്രമണം നടത്തുന്നുവെന്നും വ്യാജവാര്‍ത്തകള്‍ പടച്ചു പ്രചരിപ്പിക്കുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. എല്ലാത്തരം വിഷയങ്ങളേയും ദേശവിരുദ്ധമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വ ദേശീയവാദികളുടെ ആക്രമണം കാരണം മുഖ്യധാരാ മാധ്യമങ്ങള്‍ സ്വയം സെന്‍സര്‍ഷിപ്പിന് വിധേയമാകുന്നുവെന്ന് റിപ്പോര്‍ട്ട് പറയുന്നു. മാധ്യമപ്രവര്‍ത്തകര്‍ നിരന്തരം തീവ്ര ദേശീയവാദികളുടെ ഭീഷണികള്‍ക്ക് വിധേയരാകുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

രാജ്യദ്രോഹക്കുറ്റം ചുമത്തി ശിക്ഷ വിധിക്കും എന്ന ഭയത്താല്‍ മാധ്യമപ്രവര്‍ത്തകര്‍ സ്വയം  സെന്‍സര്‍ഷിപ്പിന് വിധേരാകുകയും ഭരണകൂടത്തിനെതിരെ നിശിതമായ വിമര്‍ശനങ്ങള്‍ക്ക് മുതിരാതിരിരക്കുകയും ചെയ്യുന്നു. കശ്മീരിലെ മാധ്യമപ്രവര്‍ത്തകര്‍ കേന്ദ്രസര്‍ക്കാരിന്റെ മൗന സമ്മതത്തോടെയുള്ള സൈന്യത്തിന്റെ ആക്രമണത്തിന് വിധേയരാകുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

മാധ്യമങ്ങളോടുള്ള ശത്രുത രാഷ്ട്രീയ നേതാക്കള്‍ പരസ്യമായി പ്രോത്സാഹിപ്പിക്കുന്നതും മാധ്യമസ്ഥാപനങ്ങളില്‍ ഭരണകൂടത്തിന്റെ താത്പര്യങ്ങള്‍ തിരികി കയറ്റുന്നതും ജനാധിപത്യത്തിന് ഭീഷണിയാണെന്ന് റിപ്പോര്‍ട്ടേര്‍സ് വിത്തൗട്ട് ബോര്‍ഡേഴ്‌സ് ചൂണ്ടിക്കാട്ടുന്നു. 

അമേരിക്കന്‍ പ്രസിഡിന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും മാധ്യമസ്വാതന്ത്ര്യത്തെ പൂര്‍ണമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരാണെന്നും റിപ്പോര്‍ട്ട് പറയുന്നു. പട്ടികയില്‍ നോര്‍വേ ഒന്നാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ ഉത്തരകൊറിയ ഏറ്റവും പിന്നിലായി. എറിത്രിയ, തുര്‍ക്ക്‌മെനിസ്ഥാന്‍, ചൈന, സിറിയ, എന്നീ രാജ്യങ്ങള്‍ യഥാക്രമം 175 മുതല്‍ 179 വരെയുളള സ്ഥാനങ്ങളിലാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com