അധികാരമാണ് വലുത് ;  മിസോറാമില്‍ ബിജെപിയുമായി സഖ്യം ചേര്‍ന്ന് കോണ്‍ഗ്രസ്

ചക്മ ജില്ലാ സ്വയംഭരണ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് അവിശുദ്ധ സഖ്യം അരങ്ങേറിയത്
അധികാരമാണ് വലുത് ;  മിസോറാമില്‍ ബിജെപിയുമായി സഖ്യം ചേര്‍ന്ന് കോണ്‍ഗ്രസ്

ഐസ്വാള്‍ : മിസോറാമിലെ പ്രാദേശിക ഭരണസമിതി പിടിച്ചെടുക്കാന്‍ കൈകോര്‍ത്ത് കോണ്‍ഗ്രസും ബിജെപിയും. ചക്മ ജില്ലാ സ്വയംഭരണ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് അവിശുദ്ധ സഖ്യം അരങ്ങേറിയത്. 20 അംഗ കൗണ്‍സിലിലേക്ക് വെള്ളിയാഴ്ച നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം ഇന്നലെയാണ് പ്രഖ്യാപിച്ചത്. 

തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ആറും ബിജെപിക്ക് അഞ്ചും സീറ്റുകളാണ് ലഭിച്ചത്. എട്ടു സീറ്റ് നേടിയ മിസോ നാഷണല്‍ ഫ്രണ്ടാണ് കൗണ്‍സിലിലെ ഏറ്റവും വലിയ കക്ഷി. എംഎന്‍എഫിനെ അധികാരത്തില്‍ നിന്നും പുറത്താക്കുക ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസും ബിജെപിയും വൈരം മറന്ന് കൂട്ടുചേര്‍ന്നത്. 

ബിജെപിയുടെ ശാന്തി ജിബന്‍ ചക്മയെ കൗണ്‍സില്‍ ചെയര്‍മാനായും, , കോണ്‍ഗ്രസിലെ ബുദ്ധ ലില ചക്മയെ ഡെപ്യൂട്ടി ചെയര്‍മാനായും തെരഞ്ഞെടുത്തിട്ടുണ്ട്. അതേസമയം പുതിയ സഖ്യം പാര്‍ട്ടി കേന്ദ്രനേതൃത്വങ്ങളുടെ തീരുമാനത്തിന് വിരുദ്ധമാണ്. ഈ തീരുമാനം ഞെട്ടിച്ചെന്നാണ് ബിജെപി സംസ്ഥാന നേതാക്കളുടെ പ്രതികരണം. 

ചക്മ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ, മിസോ നാഷണല്‍ ഫ്രണ്ടിനെയും ബിജെപിയെയും അനുമോദിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ ട്വീറ്റ് ചെയ്തിരുന്നു. ബിജെപിയും എംഎന്‍എഫും കൂടി യോജിക്കുമ്പോള്‍ 20 ല്‍ 13 സീറ്റ് ആകും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണത്തിലുള്ള മിസോറാമിലെ, ബിജെപിയുടെ ഉദയത്തിന്റെ തുടക്കമാണ് ഇതെന്നായിരുന്നു അമിത് ഷായുടെ ട്വീറ്റ്.

എന്നാല്‍ കേന്ദ്രനേതൃത്വത്തിന്റെ തീരുമാനത്തിന് വിരുദ്ധമായി എംഎന്‍എഫിനെ പുറത്താക്കാന്‍ ബിജെപി പ്രാദേശിക നേതൃത്വവും കോണ്‍ഗ്രസും സഖ്യത്തിലേര്‍പ്പെടുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com