ഇടതുപക്ഷവും കോണ്‍ഗ്രസും യോജിച്ചാല്‍ പൊതു സ്ഥാനാര്‍ത്ഥിയാകാം: കനയ്യ കുമാര്‍

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഉള്‍പ്പെടെയുളള മതേതര പാര്‍ട്ടികളും കോണ്‍ഗ്രസും യോജിച്ചാല്‍ പൊതു സ്ഥാനാത്ഥിയാകാന്‍ തയ്യാറെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍
ഇടതുപക്ഷവും കോണ്‍ഗ്രസും യോജിച്ചാല്‍ പൊതു സ്ഥാനാര്‍ത്ഥിയാകാം: കനയ്യ കുമാര്‍

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഉള്‍പ്പെടെയുളള മതേതര പാര്‍ട്ടികളും കോണ്‍ഗ്രസും യോജിച്ചാല്‍ പൊതു സ്ഥാനാത്ഥിയാകാന്‍ തയ്യാറെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍. സ്വദേശമായ ബിഹാറില്‍ രാഷ്ട്രീയ ജനതാദളും ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും ചേര്‍ന്ന് സഖ്യം രൂപികരിക്കണമെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടു. ഇവര്‍ ആവശ്യപ്പെട്ടാല്‍ പൊതു സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ താന്‍ തയ്യാറാണ്. സംഘടിത രാഷ്ട്രീയത്തിലാണ് താന്‍ വിശ്വസിക്കുന്നത്. മുഖ്യധാര പാര്‍ട്ടിയുടെ ലേബലില്‍ നിന്ന് മത്സരിക്കണമെന്നതാണ് തന്റെ ആഗ്രഹം. വ്യക്തി പ്രഭാവത്തോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം ഹിന്ദുസ്ഥാന്‍ ടൈംസിനോട് പറഞ്ഞു.

ബീഹാറില്‍ സ്വന്തം ജില്ലയായ ബെഗുസരായില്‍ നിന്നും മത്സരിക്കാനാണ് ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവായിരുന്ന കനയ്യ കുമാര്‍ ആഗ്രഹിക്കുന്നത്.  സിപിഐ കുടുംബത്തില്‍പ്പെട്ട തന്റെ പ്രദേശം മിനി മോസ്‌ക്കോ എന്നാണ് അറിയപ്പെടുന്നത്. ഒരു കാലത്ത് സിപിഐയുടെ ഭരണത്തിലിരുന്ന പ്രദേശം ഇന്ന് ബിജെപിയുടെ കൈകളിലാണ്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആദ്യമായാണ് ബിജെപി ഇവിടെ വിജയിക്കുന്നതെന്നും കനയ്യ കുമാര്‍ പറഞ്ഞു. 

സിപിഐ എംഎലിനെ പ്രതിനിധീകരിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവായിരുന്ന ഷെഹല റാഷിദ് വടക്കന്‍ ഉത്തര്‍പ്രദേശില്‍ നിന്നും മത്സരിക്കാനാണ് താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നത്. ശ്രീനഗര്‍ സ്വദേശിനിയായ ഷെഹല ജെഎന്‍യുവിലെ ഗവേഷണ വിദ്യാര്‍ത്ഥിയാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com